
പുസ്തകങ്ങൾക്കിടയിൽ മറഞ്ഞിരുന്ന് സ്വപ്നങ്ങളെക്കുറിച്ച് എഴുതുന്നവനായിരുന്നു അവൻ. ആകാശം തൊടുന്നൊരു പാറപ്പുറത്ത് കൈകൾ വിരിച്ച് അജയ്യനായി നില്ക്കുന്ന സ്വന്തം രൂപമായിരുന്നു എന്നുമവന്റെ സ്വപ്നത്തിൽ. എന്നാൽ സർക്കാരുദ്യോഗമോ വിദേശത്തുപോയി പണം കൊയ്യലോ തരപ്പെടാഞ്ഞതിനാൽ അവനൊരു കല്ലുവെട്ടുകാരനായി. കയറി നിൽക്കാൻ മോഹിച്ച പാറകളെ വെട്ടിവീഴ്ത്തേണ്ടി വന്നതോർത്ത് അവൻ കല്ലുവെട്ടിക്കൊണ്ടേയിരുന്നു.
അവന് കുടുംബമുണ്ടായി. മക്കളുണ്ടായി. ആവശ്യങ്ങൾ കൂടുന്നതിനനുസരിച്ച് അവൻ പരുക്കനായിത്തീർന്ന കൈകൾകൊണ്ട് കടുപ്പപ്പെട്ട കല്ലുകളെ ആഞ്ഞാഞ്ഞു വെട്ടി. അവൻ കയറി നിൽക്കാൻ കൊതിച്ചതിനേക്കാൾ ഉയർന്ന പാറകളിൽ മക്കളെ കയറ്റിവച്ചു. എന്നിട്ടും ആവശ്യങ്ങൾ ഒരിക്കലും പൊട്ടിച്ചു തീരാത്ത ഒരു വമ്പൻപാറക്കൂട്ടം പോലെ അവന്റെ മുമ്പിൽ നിരന്നുനിന്നു. ഉളിയുടെ മൂർച്ചയല്ല, മാഞ്ഞുപോകാത്ത ഒരു പഴയ സ്വപ്നത്തിന്റെ മൃദുത്വമാണ് കല്ലേപ്പിളർത്തുന്നതെന്ന് അവനു മാത്രമേ അറിയുമായിരുന്നുള്ളു. ഏറ്റവും താത്പര്യമുള്ളതിനെ അവസാനത്തേക്കു മാറ്റിവക്കുന്നതിന്റെ പേരാണു ജീവിതമെന്നും!
പിന്നെപ്പിന്നെ പാറിപ്പറന്ന ആ പരുക്കൻ രൂപം സ്വന്തം മക്കളുടെ നോട്ടത്തിൽപ്പോലും ഒരു ദഹിക്കാത്ത പാറക്കഷണം പോലെയായി. പാറയേത്, ഉടലേത് എന്നു തിരിച്ചറിയാത്ത രൂപം! പിന്നെയെപ്പോഴോ കൊടുമുടിമേൽ നിൽക്കുന്ന, പീഢാനുഭവങ്ങളാൽ വാഴ്ത്തപ്പെട്ടവനാക്കി മാറ്റപ്പെട്ട അവനിലേക്ക് ആ പഴയ സ്വപ്നം പരിവർത്തനം ചെയ്യപ്പെട്ടു. പുതിയ സ്വപ്നവുമായി അവൻ അപ്പോഴും കല്ലുവെട്ടിക്കൊണ്ടിരുന്നു..