
ഒരു സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നത് നിയമാവലികൾ കൊണ്ടോ പദവികൾ കൊണ്ടോ മാത്രം സാധ്യമല്ല. അതിന് വേണ്ടത് രസതന്ത്രമാണ് — ആളുകളെ കേൾക്കുന്ന മനസ്സ്, വ്യത്യാസങ്ങളെ ചേർത്ത് നിർത്തുന്ന ക്ഷമ, ലക്ഷ്യത്തിലേക്ക് നയിക്കുന്ന ഏകോപനം. ആ രസതന്ത്രം സ്വന്തം ജീവിതത്തിൽ തന്നെ പരീക്ഷിച്ചറിയുന്ന നേതാവാണ് ജോർജ് ഓലിക്കൽ.
വാഴക്കുളത്തെ കലാ-സാംസ്കാരികവേദികളിൽ നിന്നാരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, ബഹ്റൈനിലെ ശാസ്ത്രീയ സേവന രംഗവും പിന്നീട് ഫിലാഡൽഫിയയിലെ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ ജീവിതവും കടന്ന് ഇന്ന് പ്രവാസി മലയാളി സംഘടനകളുടെ ദേശീയ വേദിയിലേക്ക് എത്തിയിരിക്കുകയാണ്. 34 വർഷത്തെ സേവനത്തിന് ശേഷം പ്രോഗ്രാം സയന്റിസ്റ്റായി വിരമിച്ച അദ്ദേഹം, ഇപ്പോൾ തന്റെ മുഴുവൻ സമയവും സമൂഹത്തിനായി സമർപ്പിക്കാനുള്ള തീരുമാനത്തോടെയാണ് രംഗത്തിറങ്ങുന്നത്.

ഫൊക്കാനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ലീല മാരേട്ട് പാനലിൽ നിന്ന് മത്സരിക്കുന്ന ജോർജ് ഓലിക്കൽ, സംഘടനയെ ഒരു വാർഷിക കൺവെൻഷൻ വേദിയായി മാത്രം കാണുന്നതിനോട് യോജിക്കുന്നില്ല. വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന, യുവാക്കളെ ചേർത്തുനിർത്തുന്ന, മുതിർന്നവരെ പരിചരിക്കുന്ന, അംഗസംഘടനകളെ ഏകോപിപ്പിക്കുന്ന ഒരു ജനകീയ ഫെഡറേഷനാണ് അദ്ദേഹത്തിന്റെ സ്വപ്നം.
കലാരംഗത്തെ അനുഭവവും ശാസ്ത്രീയ കൃത്യതയും സംഘടനാ നേതൃത്വവും ഒത്തുചേർന്നൊരു വ്യക്തിത്വം — അതാണ് ജോർജ് ഓലിക്കൽ. “പദവിക്കല്ല, പ്രവർത്തനത്തിനാണ് ഞാൻ വരുന്നത്” എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ട് അദ്ദേഹം വോട്ടർമാരെ സമീപിക്കുമ്പോൾ, ആ വാക്കുകളിലെ ആത്മാർത്ഥത ഓരോ വ്യക്തിക്കും തൊട്ടറിയാനാകും.

സംഘടനാപ്രവർത്തനങ്ങളുടെ തുടക്കം?
മൂവാറ്റുപുഴ വാഴക്കുളമാണ് എന്റെ നാട്. സ്കൂൾ-കോളജ് കാലത്ത് നാടകവും കലാപരിപാടികളും വഴിയാണ് പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളിൽ പങ്കെടുത്തും കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചും ഒക്കെ അതങ്ങ് രക്തത്തിൽ അലിഞ്ഞുചേർന്നു. പിന്നീട് ബോംബെയിലും ബഹ്റൈനിലും മലയാളി അസോസിയേഷനുകളുമായി പ്രവർത്തിച്ചു.
പ്രൊഫഷനൽ ജീവിതവും അമേരിക്കയിലെ പ്രവർത്തനങ്ങളും?
കെമിസ്ട്രിയിൽ ബിരുദവും ഓർഗനൈസേഷനാൽ മാനേജ്‌മെന്റ് പഠനവും നടത്തിയ ശേഷം ബഹ്‌റൈനിൽ അമേരിക്കൻ എയർ ബേസ് പ്രോജക്ടിൽ മെറ്റീരിയൽ ടെസ്റ്റിംഗ് ലാബിൽ കെമിസ്റ്റായി ജോലി ചെയ്തു. ഒന്നാം ഗൾഫ് യുദ്ധസമയത്ത് ബഹ്‌റൈനിൽ നിന്ന് നാട്ടിൽ വരികയും വിവാഹശേഷം 1992-ൽ ഫിലാഡൽഫിയയിൽ എത്തുകയും ചെയ്തു. ഫിലാഡൽഫിയ വാട്ടർ ഡിപ്പാർട്മെന്റിൽ 34 വർഷം സേവനമനുഷ്ഠിച്ച ശേഷം പ്രോഗ്രാം സയന്റിസ്റ്റായാണ് വിരമിച്ചത്. ശാസ്ത്രീയ കൃത്യതയും സുതാര്യതയും അവിടെ നിന്നാണ് പഠിച്ചത്. അത് സംഘടനാ പ്രവർത്തനത്തിലും പാലിക്കണമെന്നാണ് വിശ്വസിക്കുന്നത്.
1998-ൽ രൂപം കൊണ്ട പമ്പ മലയാളി അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. നാലുതവണ സംഘടനയുടെ പ്രസിഡന്റായി. 2023ൽ ഞങ്ങൾ അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. ഫിലാഡൽഫിയയിലെ മലയാളി സംഘടനകളുടെ അംബ്രല്ല അസോസിയേഷനായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയർമാനായും, ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലാഡൽഫിയ ചാപ്റ്ററിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.

ഫൊക്കാനയിൽ നാഷണൽ കമ്മിറ്റി മെമ്പർ, പെൻസിൽവേനിയ റീജിയന്റെ വൈസ് പ്രസിഡന്റ്, അസോസിയേറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രചോദനമായത്?
പൊതുപ്രവർത്തനത്തിൽ ഒരിക്കൽ ഇറങ്ങിയാൽ അത് തന്നെ ആയിരിക്കും പിന്നീടുള്ള വഴി. വർഷങ്ങളായി പലരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രൊഫഷണൽ ഉത്തരവാദിത്വങ്ങൾ കാരണം മാറിനിന്നു. ഇപ്പോൾ വിരമിച്ചിരിക്കുകയാണ്. സമയം മുഴുവൻ സമൂഹത്തിനായി ചെലവിടാൻ കഴിയുന്ന ഘട്ടമാണെന്ന ബോധ്യം കൊണ്ടാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.ഫൊക്കാനയെ കൂടുതൽ സജീവവും ജനകീയവുമാക്കാൻ ഈ അവസരം ഉപയോഗിക്കണമെന്നാണ് ആഗ്രഹം.

ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ എന്തൊക്കെയാണ് മെച്ചപ്പെടുത്തേണ്ട മേഖലകൾ ?
ഫൊക്കാനയെ ഒരു കൺവെൻഷൻ കേന്ദ്രീകൃത സംഘടനയായി മാത്രം കാണരുത് എന്നൊരു അഭിപ്രായമുണ്ട്. വർഷം മുഴുവൻ പ്രവർത്തനം വേണം. 100-ലേറെ അംഗസംഘടനകളുമായി സ്ഥിരം ഏകോപനം, യുവജനങ്ങൾക്കായി സ്പോർട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്, ജോബ് ഫെയറുകളും കരിയർ നെറ്റ്വർക്കിംഗും നടത്തുന്നത്,കോൺസുലേറ്റുമായി സഹകരിച്ച് വിസ/എമർജൻസി സഹായങ്ങൾ എത്തിക്കുന്നത്, കേരളത്തിലെ സ്വത്തുസംബന്ധമായ പ്രശ്നങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്ന സെൽ എന്നിവയാണ് ഞങ്ങളുടെ പാനലിന്റെ മുൻഗണനകൾ. പുതുതലമുറയെ അമേരിക്കൻ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരാണ് ഫൊക്കാനയ്ക്ക് കാര്യമായ സംഭാവന നൽകാനാകും. അതിനായും പരിശ്രമിക്കും. അമേരിക്കൻ മലയാളികളിലെ പ്രായമായവർ നേരിടുന്ന പ്രധാന വെല്ലുവിളി ഒറ്റപ്പെടലാണ്-ജീവിത സായാഹ്നത്തിൽ പങ്കാളികളെ നഷ്ടപ്പെട്ട ഒരുപാടുപേരുണ്ട്. അങ്ങനെയുള്ളവർക്ക് ഒരുമിച്ചിറിക്കാനും മനസ്സിനെ റിലാക്സ്ഡ് ആക്കുന്നതിനും ഒരിടം ഒരുക്കണമെന്നുമുണ്ട്.
യുവതലമുറയെ ഫൊക്കാനയിൽ എങ്ങനെ കൂടുതൽ ഉൾപ്പെടുത്തും?
സ്പെല്ലിങ് ബീ കോമ്പറ്റീഷൻ പോലുള്ള പദ്ധതികൾ വിപുലീകരിക്കണം. യുവാക്കളെ നാഷണൽ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി നേതൃപരിശീലനം നൽകണം. കലാ-സാഹിത്യ വേദികൾ ഒരുക്കി മലയാളം ഭാഷയും പാരമ്പര്യവും കൈമാറണം. നാടകം പോലുള്ള കലാപരിപാടികളിലൂടെയും യുവാക്കളെ ആകർഷിക്കാൻ ശ്രമിക്കും.

സാംസ്കാരിക രംഗത്തെ അനുഭവങ്ങൾ?
നാടകവും സിനിമയും എനിക്ക് പ്രിയപ്പെട്ട മേഖലകളാണ്. മനീഷി നാഷണൽ ഡ്രാമ ഫെസ്റ്റിവലിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാൻ അഭിനയിച്ച 'എറ' എന്ന ഹ്രസ്വചിത്രത്തിന് ഫൊക്കാനയുടെ ഷോർട്ട് ഫിലിം അവാർഡ് ലഭിച്ചു. കലാരംഗം സമൂഹത്തെ ബന്ധിപ്പിക്കുന്ന ശക്തമായ ഉപാധിയായാണ് കരുതുന്നത്.
സംഘടനയിലെ സുതാര്യത എങ്ങനെ ഉറപ്പാക്കും?
ഓഡിറ്റിങ് സംവിധാനം ശക്തമാക്കും. കൺവെൻഷൻ, ചാരിറ്റി ഫണ്ടുകളുടെ കണക്കുകൾ സമയബന്ധിതമായി അംഗങ്ങൾക്ക് നൽകും. ഡോക്യുമെന്റേഷൻ, ഫോളോ-അപ്പ്, കമ്മ്യൂണിക്കേഷൻ എന്നിവ കൂടുതൽ ക്രമബദ്ധമാക്കും. സുതാര്യതയില്ലാതെ വിശ്വാസം നിലനിൽക്കില്ല.
മത-രാഷ്ട്രീയ വൈവിധ്യം ഉള്ള സംഘടനയെ എങ്ങനെ ഏകോപിപ്പിക്കും?
ക്ഷമയോടെ കേൾക്കുക എന്നതാണ് എന്റെ ശൈലി. പ്രതികരിക്കുന്നതിന് മുൻപ് പഠിക്കും. വ്യത്യാസങ്ങളെ മാനിച്ച്, പൊതു താത്പര്യം മുൻനിർത്തി തീരുമാനമെടുക്കും. ഐക്യം നിലനിർത്തുകയാണ് പ്രധാന ദൗത്യം.
വനിതാ നേതൃത്വത്തെപ്പറ്റിയുള്ള നിലപാട്?
സ്ത്രീശാക്തീകരണം കാലത്തിന്റെ ആവശ്യമാണ്. ലീല മാരേട്ടിനെ പോലെ ഫൊക്കാനയുടെ തുടക്കം മുതലുള്ള നേതാവിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണ്. ഞങ്ങളുടെ പാനലിൽ സ്ത്രീകൾക്ക് പ്രധാന സ്ഥാനങ്ങൾ നൽകിയിട്ടുണ്ട് — അത് ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്.

ആദ്യ 100 ദിവസങ്ങളിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്?
ജനറൽ കൗൺസിൽ യോഗം വിളിച്ച് അംഗസംഘടനകളുടെ അഭിപ്രായം ശേഖരിക്കൽ
റീജിയൻ സന്ദർശനങ്ങൾ
യൂത്ത്-സ്പോർട്സ് പ്രോഗ്രാം പ്രഖ്യാപനം
കോൺസുലേറ്റ്-കോർപ്പറേറ്റ് ഔട്ട്‌റീച്ച് ആരംഭിക്കൽ
കുടുംബത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണ്?
ഭാര്യ സെലീനയുടെ (റെസ്പിറേറ്ററി തെറാപ്പിസ്റ്റ്) പിന്തുണ വളരെ വലുതാണ്. രണ്ടുമക്കളുടെയും വിവാഹം കഴിഞ്ഞു. മൂത്തമകൾ ആഷ്ലി മെഡിക്കൽ ഡോക്ടറാണ്. ഫൊക്കാനയുടെ സ്പെല്ലിങ് ബീ മത്സരത്തിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാമത്തെ ആൾ സ്റ്റെഫനി ബിസിനസ് അനലിസ്റ്റാണ്. ഫൊക്കാനയുടെ ബ്യൂട്ടി പേജന്റിൽ അവൾ മത്സരിച്ചിട്ടുണ്ട്. യുവതലമുറയെ സംഘടനയുമായി എങ്ങനെ ചേർക്കാം എന്നതിന് വീട്ടിനുള്ളിൽ നിന്നുതന്നെ ഉദാഹരണം ചൂടിക്കാണിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട്.
വോട്ടർമാരോട് പറയാനുള്ളത്?
പദവിക്കല്ല, പ്രവർത്തനത്തിനാണ് ഞാൻ വരുന്നത്. ഏകോപനവും സുതാര്യതയും മുൻനിർത്തി ഫൊക്കാനയെ കൂടുതൽ സജീവമാക്കാൻ അവസരം നൽകണം എന്ന അഭ്യർത്ഥനയാണ് ഉള്ളത്. ഫൊക്കാന എന്റെ കുടുംബമാണ്. അതുകൊണ്ടുതന്നെ വോട്ടർമാരായല്ല എന്റെ സഹോദരങ്ങളായാണ് ഓരോരുത്തരെയും കാണുന്നത്.