Image

മാർ ജോയ് ആലപ്പാട്ട് വാഷിംഗ്ടൺ സീറോ മലബാർ മിഷനിൽ: കൺവൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം

ബീനാ വള്ളിക്കളം Published on 03 March, 2026
മാർ ജോയ് ആലപ്പാട്ട് വാഷിംഗ്ടൺ സീറോ മലബാർ മിഷനിൽ: കൺവൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം

ചിക്കാഗോ: 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് വാഷിംഗ്‌ടൺ ഡി.സി. Our Lady of Perpetual Help Mission-ൽ അതിമനോഹരമായി നടന്നു. കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫിനായി എത്തിയ രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിനെയും രജിസ്ട്രേഷൻ കോർഡിനേറ്റർ ജേക്കബ് തോമസിനെയും ഇടവ വികാരി ഫാദർ റിജോ ജീരകത്തിൽ ദേവസ്സിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സ്വീകരിച്ചു.

കൺവെൻഷന്റെ ഇടവകയിൽ നിന്നുള്ള പ്രതിനിധികളായ മനോജ് മാത്യു, തോമസ് അബ്രാഹം, ജെൻസൻ ജോസ് എന്നിവരോടൊപ്പം റെക്സ് തോമസും കിക്കോഫ് മനോഹരം ആക്കുവാൻ നേതൃത്വം നൽകി. ജോയ് പിതാവ് കൺവെൻഷന്റെ ആവശ്യകതയെ കുറിച്ചും യുവജന പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുകയുണ്ടായി . ജേക്കബ് കൺവെൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിതുണ വികാരി ഫാ: റിജോ ഉറപ്പുനൽകി.

സിറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്‌ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കൺവെൻഷനൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിൽ എല്ലായിടത്തും ഉള്ള സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ ഒന്നിച്ച് ചേർക്കുന്ന ഈ മഹാസമ്മേളനം കടലുകൾക്കിപ്പുറവും വിശ്വാസവും സംസ്കാരവും ഹൃദയത്തിൽ ചേർത്തുനിർത്തുന്ന ഏവർക്കും ഒന്നിച്ചു ചേരാനും, പരസ്പര സ്നേഹം പങ്കുവയ്ക്കുവാനും, വിശ്വാസപ്രഘോഷണം നടത്തുവാനും ഉള്ള ഒരു അവസരം ആയിരിക്കും. നാല് ദിവസങ്ങളിലായി നടത്തുന്ന ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിരിക്കുന്നു. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായും രൂപത ഒന്നാകെ ഈ മഹത്തായ കൂട്ടായ്മയിലേക്ക് വന്നു ചേരണമെന്നതാണ് തൻ്റെ ആഗ്രഹമെന്നും തദവസരത്തിൽ പറഞ്ഞു.

രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി കൺവെൻഷൻ പ്രതിനിധികൾ രൂപതയിലെ എല്ലാ ഇടവകളിലും എത്തിച്ചേരുന്നതിൻ്റെ ഭാഗമായാണ് വാഷിംഗ്ടണിൽ എത്തിയത്.

വാഷിംഗ്ടൺ ഇടവകയിലെ വികാരിയച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക