
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് അംഗവും, അത്മായ പ്രമുഖനുമായ ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കലിന്റെ മാതാവ് ശോശാമ്മ കുര്യാക്കോസ് കോട്ടയം മീനടത്തുള്ള സ്വവസതിയില്‍ അന്തരിച്ചു. നൂറ്റിപത്ത് വയസായിരുന്നു പ്രായം.
മീനടം മാളിയേക്കല്‍ കുടുംബാംഗം പരേതനായ ചാണ്ടി കുര്യാക്കോസിന്റെ പത്‌നിയാണ്. മാങ്ങാനം കളരിക്കല്‍ കുടുംബാംഗമാണ് പരേത.
ഷെവലിയാര്‍ ഈപ്പന്‍ കൂര്യാക്കോസ് (ന്യൂയോര്‍ക്ക്) ഏക പുത്രനും, ഏലിയാമ്മ സ്‌കറിയ, അച്ചാമ്മ നൈനാന്‍ എന്നിവര്‍ പുത്രിമാരുമാണ്. റോസമ്മ ഈപ്പന്‍ (ന്യൂയോര്‍ക്ക്), പരേതനായ സി.എം. സ്‌കറിയ, നൈനാന്‍ എന്നിവര്‍ ജാമാതാക്കളും, ഡോ. ബറ്റ്‌സി ഈപ്പന്‍ (ബാള്‍ട്ടിമോര്‍), ബബിലി ഈപ്പന്‍ (ന്യൂയോര്‍ക്ക്) കൊച്ചുമക്കളുമാണ്. ഇമേഴ്‌സണ്‍, ഗ്രെയ്‌സണ്‍ എന്നിവര്‍ പുത്ര പേരക്കുട്ടികളുമാണ്.
സംസ്‌കാരം മാര്‍ച്ച് മൂന്നാം തീയതി ചൊവ്വാഴ്ച. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മാതൃ ഇടവകയായ സെന്റ് മേരീസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.
ഇപ്പോള്‍ നാട്ടില്‍ സന്ദര്‍ശനം നടത്തിവരുന്ന അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ഗ്രിഗോറിയോസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത സഹ കാര്‍മികത്വം വഹിക്കും.
നൂറ്റിപത്ത് വയസുവരെ പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ച ശോശാമ്മ കുര്യാക്കോസ് ജീവിതം അടിയുറച്ച ദൈവ വിശ്വാസത്തിലും ചിട്ടയായ ജീവിതചര്യകളിലും ധന്യമായിരുന്നു. നൂറിന്റെ നിറവില്‍ നടത്തിയ ജന്മദിന ആഘോഷങ്ങളില്‍ വൈദീക മേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ രംഗത്തെ അതികായരും പങ്കെടുത്തിരുന്നു. തന്റെ ഭവനം സന്ദര്‍ശിക്കുന്ന ഏവരേയും വളരെ കരുതലോടെയും സ്‌നേഹത്തോടെയും സ്വീകരിക്കുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു. കോവിഡ് കാലത്ത് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതും ഇക്കഴിഞ്ഞ നിയമസഭാ - ലോക്‌സഭാ ഇലക്ഷനുകളില്‍ സമ്മതിനാദാനാവകാശം വിനിയോഗിച്ചതുമെല്ലാം മുഖ്യാധാരാ ദൃശ്യമാധ്യമങ്ങളിലും പത്രവാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു.
വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്