
വെളുപ്പിനു മൂന്നുമണി. കായല്‍ക്കരയലെ ബ്ലൂ വാട്ടർ എന്ന ആഡംബരസൗധത്തിന്റെ മൂന്നാംനിലയിലെ, ഈശോ ഈനാശുവിന്റെ ഫ്‌ളാറ്റ്. ഈനാശുവിന്റെ അമ്മ, രാത്രിയില്‍ ഉറക്കക്കുറവുള്ള കുഞ്ഞന്നാമ്മ ലിവിംഗ് റൂമിന്റെ ജനാലയ്ക്കപ്പുറത്ത് കോറിഡോറിലൂടെ പുക വരുന്നതു കണ്ടു. അവര്‍ മകന്റെ മുറിയുടെ വാതിലില്‍ തട്ടിവിളിച്ചു. കണ്ണുതിരുമ്മി എഴുന്നേറ്റുവന്ന ഈനാശുവിനോട്, പരിഭ്രമത്തോടെ അവര്‍ പറഞ്ഞു:
'ആണ്ടെടാ ഈശോ പുക വരുന്നു. അവളെന്തിയേ, ആന? അതെങ്ങനെയാ, ഞാനെന്തെങ്കിലും പറഞ്ഞാല്‍ മാത്രം ആ ആനകുട്ടിക്കു ചെവി കേള്‍ക്കത്തില്ലല്ലോ! വെടി വച്ചാല്‍ പുകയല്ലേ!'
ആൻ എന്നാണ് മരുമകളുടെ പേരെങ്കിലും അവസരോചിതമായി ആന, അല്ലെങ്കിൽ ആനക്കുട്ടി എന്നേ ആ അമ്മായിയമ്മ വിളിക്കുകയുള്ളൂ. ഈശോ പുറത്തേക്കു നോക്കി. സംഗതി ശരിയാണ്. കോറിഡോറിലൂടെ പുക വരുന്നുണ്ട്. ഒന്നുകൂടി എത്തിനോക്കിയപ്പോള്‍, ജീ വി ചേട്ടന്റെ ഫ്‌ളാറ്റില്‍നിന്നു തീനാളങ്ങളുയരുന്നു.
'എടാ, നീ അവളോടു പറ, പിള്ളേരേംകൊണ്ടു വേഗം പുറത്തിറങ്ങാന്‍...'
കുഞ്ഞന്നാമ്മ വീണ്ടും ധൃതി വച്ചു. ഈശോ ബെഡ്‌റൂമിലേക്കോടി.
'എടീ അന്നക്കുട്ടി, നീ ഉണര്‍ന്നുകിടക്കുകാന്നെനിക്കറിയാം. അമ്മ പറഞ്ഞതു ശരിയാ... ദേ, പുക വാതിലിനടിയിലൂടെ നമ്മുടെ ഫ്‌ളാറ്റിലേക്കു കേറുന്നു. കുഞ്ഞുങ്ങളെ വിളിക്ക്... വേഗമാകട്ടെ.'
'എന്റെ ഈശോച്ചായാ, നിങ്ങളുടെ അമ്മയല്ലേ പറയുന്നത് ! അടുത്തു ചെല്ലുബോൾ ആടുകിടന്നിടത്തു പൂട പോലും കാണില്ല.
ഭാര്യ ആനിനു കൊള്ളി വച്ച വര്‍ത്തമാനം പറയാന്‍ കണ്ട നേരം! ഈശോയ്ക്കു ദേഷ്യം വന്നു.
'എടീ ഇതു ഞാന്‍ കണ്ടതാ.. . ആ അമേരിക്കക്കാരന്‍ ജി. വി. ചേട്ടന്റെ ഫ്‌ളാറ്റില്‍നിന്നു തീയും പുകയും പടരുന്നു.'
അപ്പോഴേക്കും കോറിഡോറില്‍നിന്ന് ഫയര്‍അലാറം അടിക്കാന്‍ തുടങ്ങി. ഈശോ ആനിനേയും പിള്ളേരെയും കൂട്ടി കുഞ്ഞന്നാമ്മയുടെ പിന്നാലെ പുറത്തേക്കിറങ്ങി. എല്ലാവരും ധരിച്ചിരുന്ന വേഷംമാറാന്‍പോലും നിന്നില്ല. ആൻ നൈറ്റ് ഗൗണിനു മുകളിലൂടെ പുതച്ചിരുന്ന പുതപ്പുകൊണ്ട് ഗാഢനിദ്രയിലായിലായിരുന്ന മൂന്നുവയസ്സുകാരി ആര്യമോളെ ചുറ്റിപ്പിടിച്ചു. ആറുവയസ്സുകാരന്‍ രോഹന്‍, പേടിയോടെ ഡാഡിയുടെ കൈയില്‍ മുറുകെപ്പിടിച്ചിരുന്നു.
എല്ലാവരും താഴേക്കുള്ള പടികള്‍ ലക്ഷ്യമാക്കി ഓടി. മൂന്നാംനിലയിലായതു ഭാഗ്യമായെന്ന് ഈശോ ആശ്വസിച്ചു. അല്ലായിരുന്നെങ്കില്‍ പെട്ടുപോയേനേ! പുക കാരണം ഒന്നും വ്യക്തമായി കാണുന്നില്ലായിരുന്നു. അലാറത്തിന്റെ അലര്‍ച്ച അരോചകമായിത്തോന്നിയെങ്കിലും 'വേഗം ഓടിരക്ഷപ്പെട്ടോളൂ' എന്നൊരു ധ്വനി ബ്ലൂ വാട്ടർ അപ്പാര്‍ട്‌മെന്റിന്റെ ഭിത്തികളില്‍ത്തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
പരിചയമുള്ള സ്ഥലമായതുകൊണ്ട് എല്ലാവരും ഒരുതരത്തില്‍ തപ്പിത്തടഞ്ഞു താഴെയെത്തി. പാര്‍ക്കിംഗ് ലോട്ടു നിറയെ അന്തേവാസികൾ! അസോസിയേഷന്‍ സെക്രട്ടറി സുധാകരന്‍കര്‍ത്താ പതുക്കെ ചോദിച്ചു:
'എവിടെനിന്നാവോ ഉത്ഭവം?'

സംസ്‌കൃതാധ്യാപകനായതുകൊണ്ട് ചതുരത്തിലേ സംസാരിക്കൂ! അതും ശബ്ദം താഴ്ത്തി മിതമായ വാക്കുകളില്‍. ഈശോ ആദ്യമൊന്നു പകച്ചെങ്കിലും തീയുടെ ഉത്ഭവമാണു ചോദിച്ചതെന്നു പിന്നെ മനസ്സിലായി.
'എന്റെ നേരെ ഓപ്പൊസിറ്റിലുള്ള ആ അമേരിക്കക്കാരൻ ജീ വി ചേട്ടന്റെ ഫ്‌ളാറ്റില്‍നിന്നാ ... അവിടെനിന്നു തീയും പുകയും വരുന്നതു ഞാന്‍കണ്ടതാ...'
'ഓ, ആ ഗീവറുഗീസ് കരിമറ്റം, ഫ്‌ളാറ്റ് നമ്പര്‍ 309. അയാള്‍ വിദേശത്താണല്ലോ? അപ്പോള്‍ ഉത്ഭവം അവിടുന്നാവില്ല.'
സെക്രട്ടറിക്ക് എല്ലാവരുടെയും മുഴുവൻപേരും ഫ്‌ളാറ്റ് നമ്പറും കാണാപ്പാഠമാണ്. ഫ്‌ളാറ്റിലുള്ള അന്തേവാസികൾ ഇട്ട ചുരുക്കപ്പേരാണ് ജീവി.
ജീവി ചേട്ടന്റെ ഫ്‌ളാറ്റ് അടഞ്ഞുകിടക്കുകയായതുകൊണ്ട് അയാള്‍ക്കു സംശയമേയില്ല. ഈശോ തര്‍ക്കിച്ചില്ല.
'ഇനി വല്ല കള്ളന്‍മാരും കയറിയതാണോ?'ഈശോയ്‌ക്കൊരു സംശയം.
'സുരക്ഷിതവലയം ഭേദിച്ചുവരികയോ? സാധ്യതയില്ല ‘
കര്‍ത്താ, ഈശോയുടെ വാദം അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടു പ്രഖ്യാപിച്ചെങ്കിലും ഒരുറപ്പിനെന്നതുപോലെ ചുറ്റുപാടും കണ്ണോടിച്ചു.
’കരിമറ്റം ആഗതനായെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ത്തന്നെയുണ്ടാവണമല്ലോ. അതില്ല.'
കര്‍ത്താ, കര്‍ത്താവിന്റെ വെളിപാടുപോലെ അരുള്‍ച്ചെയ്തു.
ഈശോയും എല്ലായിടവും നോക്കി. കര്‍ത്താ പറഞ്ഞാല്‍ പറഞ്ഞതാണ്! അക്കാര്യത്തില്‍ സൂപ്പർ സ്റ്റാർ രജനീകാന്തിനും മേലെയാണ്. ഒരു തവണ ചൊന്നാല്‍ ആയിരം തവണ ചൊന്നമാതിരിയാണ്!
ആള്‍ ഒറ്റത്തടിയാണ്. അതായതു സിംഗിള്‍. പക്ഷേ' റെഡി റ്റു മിംഗി'ളല്ല!
കുഞ്ഞുകുട്ടിപരാധീനങ്ങളൊന്നുമില്ലാത്തതുകൊണ്ടായിരിക്കണം, സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. ആര്‍ക്കും ഒരു പരാതിയുമില്ല. പുക കണ്ടപ്പോഴേ അഗ്നി ശമനക്കാരെ വിളിച്ചു.
ജീവി ചേട്ടൻ അമേരിക്കയില്‍നിന്നു വന്നാല്‍ ഏതുസമയത്താണെങ്കിലും സെക്രട്ടറിയെ വിളിക്കാതിരിക്കില്ല. അപ്പോള്‍പ്പിന്നെ ആരായിരിക്കും ആ ഫ്‌ളാറ്റിനുള്ളിലെന്ന് ഈശോ കൂലങ്കഷമായി ചിന്തിച്ചു. ഒടുവില്‍ പറഞ്ഞു:
'എന്തായാലും ജീവി ചേട്ടനെ വിളിച്ചുപറയണം.അതിനുമുമ്പ് ഒരടിയന്തരമീറ്റിംഗ് വിളിച്ചുകൂട്ടണ്ടേ?'
'ആശയം കൊള്ളാം. പക്ഷേ അഗ്നി ശമിക്കാതെ ഒരുമീറ്റിംഗിനുള്ള സാധ്യതയില്ല.'
കര്‍ത്താ തറപ്പിച്ചുപറഞ്ഞു. താമസക്കാരെല്ലാവരും പാര്‍ക്കിംഗ് ലോട്ടിലും കെട്ടിടത്തിന്റെ മുന്‍വശത്തുമായി ഊഹാപോഹങ്ങള്‍ പറഞ്ഞു നില്‍ക്കുകയാണ്. മീറ്റിംഗിനിപ്പോള്‍ ഒരു പ്രയാസവുമില്ലല്ലോ എന്നോര്‍ത്തെങ്കിലും ഈശോ നിശ്ശബ്ദനായി. അപ്പോഴാണ് ആൻ അപ്രതീക്ഷിതമായി പ്രതികരിച്ചത്:
'പിന്നേ! ഈ മുതുപാതിരയ്ക്കാ കുടുംബയോഗം! ഫയർ എൻജിൻ വന്നസ്ഥിതിക്കു തീയൊന്നു ശമിക്കട്ടെ’
‘അതു നേരാ അഗ്നിശമനം കഴിയട്ടെ, പക്ഷെ പാതിരാ കഴിഞ്ഞു. ബ്രാഹ്‌മമുഹൂര്‍ത്തമാ... പുലര്‍ച്ചയായി.'
സുധാകരന്‍ കര്‍ത്താ വീണ്ടും കടിച്ചുപിടിച്ചു ചതുരത്തില്‍ പറഞ്ഞു. ആനിന് ഒന്നും മനസ്സിലായില്ല. അല്ലെങ്കിലും നൈറ്റിമാത്രം ധരിച്ച്, മേക്കപ്പില്ലാതെ നില്‍ക്കുന്ന അസോസിയേഷന്‍പ്രസിഡണ്ട് ഓമനകുമാരി അതിനിപ്പോള്‍ സമ്മതിക്കുമോ എന്നകാര്യത്തില്‍ ഈശോ ഈനാശുവിനും സംശയമുണ്ട്. അണിഞ്ഞൊരുങ്ങാതെ പരദൂഷണം പറയാന്‍പോലും ഫ്‌ളാറ്റിനു പുറത്തിറങ്ങാത്ത ഓമനകുമാരിയുടെ സ്വഭാവം എല്ലാവര്‍ക്കുമറിയാം. മുഖം സ്‌കാര്‍ഫുകൊണ്ടു മൂടിപ്പുതച്ചുനില്‍ക്കുന്ന പ്രസിഡന്റിനെക്കണ്ട് ആൻ ഒന്നുകൂടെ കുത്തിപ്പറഞ്ഞു:
'അതൊന്നും നടക്കുന്ന കാര്യമല്ലെന്നു ഞാന്‍ പറഞ്ഞില്ലേ?നോക്ക്, അവള്‍ മൂടിപ്പുതച്ചുനില്‍ക്കുന്നു. അതിനുംമാത്രം തണുപ്പൊന്നും ഇപ്പോഴില്ലല്ലോ!'
അവള്‍ ആര്യമോളെ മൂടിയിരുന്ന പുതപ്പ് ഒന്നുകൂടി ശരിയാക്കിയിട്ടു. രോഹൻ ഈനാശുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് എല്ലാത്തിനും ദൃക്‌സാക്ഷിയായി നിന്നു.
'അഹോ ഭാഗ്യവതീ നാരീ, ദോഷൈകദര്‍ശിനീ, ത്രിലോകനാശിനീ!' എന്നു കര്‍ത്താ മന്ത്രിച്ചത് പലരും കേട്ടില്ല, കേട്ടവര്‍ക്കു മനസ്സിലായതുമില്ല. അതു ഭാഗ്യമായി.അല്ലായിരുന്നെങ്കില്‍ ന്യൂജെന്‍ യോഷകളുടെ തൊഴിയേറ്റ്, സുധാകരന്‍ കര്‍ത്താ എന്ന പിന്തിരിപ്പന്‍ വാദ്ധ്യാരിപ്പോള്‍ ഭൗമാന്തരീക്ഷത്തിനും ബഹിരാകാശത്തിനുമിടയില്‍ക്കിടന്നു പിടച്ചേനേ!
ചെറിയൊരു നിശ്ശബ്ദതയ്ക്കു പിന്നാലെ, എല്ലാമറിഞ്ഞിട്ടെന്നമട്ടില്‍ അപ്പാര്‍ട്‌മെന്റിലെ അന്തേവാസികളായ തടവുപുള്ളികളെ പരിഹസിച്ചുകൊണ്ട് ‘ജെയിലര്‍' ഓമനകുമാരി ഫോണിലൂടെ സ്വതഃസിദ്ധമായ, ശൈലിയിൽ ടിന്‍ഷീറ്റിനുമേല്‍ ആലിപ്പഴം പൊഴിയുന്നതുപോലുള്ള മധുരശബ്ദത്തിലലറി:
'ഞാന്‍ ബ്ലൂ വാട്ടർ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഓമനകുമാരിയാണ്. ഇവിടെ തീപിടിത്തം, കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. റീസണ്‍ അണ്‍നോണാണ്. ദിസ് ഈസ് റിച്ച്പീപ്പിള്‍സ് അപ്പാര്‍ട്‌മെന്റ്... ദെയര്‍ ആര്‍ നോ കോളനീസ്നിയഴ്സ് ഹിയർ. ബൈ ദെ വേ ... വീ ആര്‍ എവേ ഫ്രം....'
ഫോണ്‍ കട്ടായി. ഓമനകുമാരിയുടെ മുഖത്തൊരു നഷ്ടബോധം വന്നു. കൂടാതെ അഭിമാനവും. അവര്‍ അന്തേവാസികളെ ഓരോരുത്തരെയായി നോക്കി. ഈശോ ബഹൂമാനപൂര്‍വം പുഞ്ചിരിച്ചു. ഓമനാകുമാരി മുഖം കോട്ടി. സ്‌കാര്‍ഫ് ഒന്നുകൂടി തലവഴി മൂടി, പ്രസിഡന്റ് ഫോണിലൂടെ ഏതോ ടി വി ചാനലിനെ വിളിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഈശോയുടെ പോക്കറ്റിലെ മൊബൈല്‍ ഫോണില്‍ ശ്രദ്ധിച്ച്, കുഞ്ഞന്നാമ്മ ഒരഭിപ്രായം പറഞ്ഞത്:
'എടാ ഈനാശൂ, ഫോണല്ലേ കൈയിലിരിക്കുന്നത്? ആ ജീവിയെ വിളിച്ച് ഈ വിവരമൊന്നറിയിക്ക്... അവിടെയിപ്പം പകലല്ലേ?'
'അതു ശരിയാ. ഞാന്‍ പറയാറില്ലേ, നിങ്ങടമ്മച്ചിക്ക് ഇടയ്ക്കിടെ സുബോധം വരും!'
ആൻ പ്രസ്താവിച്ചു.
കുഞ്ഞന്നാമ്മ രൂക്ഷമായി അവളെയൊന്നു നോക്കി. ഈശോയ്ക്ക് അപകടം മണത്തെങ്കിലും തല്‍ക്കാലം രക്ഷപ്പെടാനെന്നവണ്ണം ഫോണെടുത്തു. അമേരിക്കയിലെ സമയംപോലും അമ്മച്ചിക്കു തിട്ടമാണല്ലോ എന്നതില്‍ അയാള്‍ക്ക് അഭിമാനം തോന്നി. ഫ്‌ളോറിഡയിലുള്ള ഗീവറുഗീസിന്റെ നമ്പറിലേക്കു ഡയല്‍ ചെയ്തു. അനക്കമില്ല.
'പകല്‍നേരത്തും മദ്യം നിഷിദ്ധമല്ലാത്ത നിരീശ്വരനാണു ഗീവറുഗീസ് കരിമറ്റം’
കര്‍ത്താ ഒച്ചിഴയുന്ന വേഗത്തില്‍ മന്ത്രിച്ചു.
ഈശോ ഫോണ്‍ പോക്കറ്റിലിടുന്ന സമയത്തിനുള്ളില്‍ രണ്ടുയൂണിറ്റ് ഫയര്‍ഫോഴ്‌സ്കാരൂടെ കായല്‍ക്കര അപ്പാര്‍ട്‌മെന്റിന്റെ മുന്നിലെത്തി. പരിചയസമ്പന്നരായ ഫയര്‍മാന്‍മാര്‍ മൂന്നാം നിലയിലേക്കിരച്ചുകയറി. ജീവിയുടെ ഫ്‌ളാറ്റിനുള്ളിലേക്കു വെള്ളം ചീറ്റിത്തെറിച്ചു.
അപ്പോഴും ആളുകൾ പരദൂഷണം പറയുന്നതിന്റെ മുഴക്കം അന്തരീക്ഷത്തിൽ തങ്ങിനിന്നു. തിരിഞ്ഞു നോക്കിയപ്പോൾ പ്രസിഡന്റ് ഓമനകുമാരിയെ അവിടെയെങ്ങും കണ്ടില്ല.
‘പ്രസിഡണ്ട് അവസരോചിതമായി മുങ്ങി എന്നാ തോന്നുന്നത് ‘
കുഞ്ഞന്നാമ്മ അവരെ ഒന്ന് ആക്കിപറഞ്ഞു
അതിനിടെ മൂന്നുനാലു ടി വി ചാനലുകാരുടെ വാഹനങ്ങള്‍കൂടി അപ്പാര്‍ട്‌മെന്റിനു മുന്നിലെത്തി. റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും പാര്‍ക്കിംഗ് ലോട്ടിലേക്ക് ഇടിച്ചുകയറി. ഒരു ചാനലിന്റെ റിപ്പോര്‍ട്ടര്‍, ക്യാമറയ്ക്കു നേരെനിന്നു സംഭവങ്ങൾ വിശദമാക്കി:
'ആര്‍ക്കുമാര്‍ക്കും ഒന്നും മനസ്സിലാകാത്ത സാഹചര്യമാണിവിടെയുള്ളത്. എത്രപേർ മരിച്ചു എന്നൊന്നും പറയാറായിട്ടില്ല’
‘ഇവിടെയാരും മരിച്ചിട്ടില്ലല്ലോ, ഇയാളെന്തു ഭ്രാന്താ ഈ പറയുന്നത് ‘
ഈനാശുവിന്റെ ആത്മഗതം ആരും കേട്ടില്ല.
ഈ സാഹചര്യത്തില്‍ പണക്കാരുടെ ഈ അപ്പാര്‍ട്‌മെന്റിലെ അടഞ്ഞുകിടക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ സമൂഹവിരുദ്ധരോ വിദേശചാരന്‍മാരോ തീവ്രവാദികളോ ഉണ്ടാകുമെന്നു സംശയിക്കാവുന്ന സാഹചര്യമാണ്...'
റിപ്പോര്‍ട്ടറുടെ സംസാരം കേട്ടുകൊണ്ടുനിന്ന
കര്‍ത്താ അസഹ്യതയോടെ പറഞ്ഞു:
'താങ്കള്‍ സാഹചര്യമെന്ന പദം ആവര്‍ത്തിക്കുകയാൽ പൗനരുക്ത്യം എന്ന ദോഷമുണ്ടായിരിക്കുന്നു!'
പകച്ചുപോയ റിപ്പോര്‍ട്ടര്‍, ഒരുവിചിത്രജീവിയെയെന്നപോലെ കര്‍ത്തായെ നോക്കി. ഈശോ വേഗം അയാളെ പരിചയപ്പെടുത്തി:
'ഇത് സുധാകരന്‍ കര്‍ത്താ... മലയാളം വാദ്ധ്യാരാ… ബ്ലൂ വാട്ടർ അപ്പാര്‍ട്‌മെന്റിന്റെ സെക്രട്ടറി.'
റിപ്പോര്‍ട്ടര്‍ സംശയത്തോടെ പറഞ്ഞു:
'ഇയാളല്ല .. വേറൊരു സ്ത്രീയാ ഞങ്ങളെ വിളിച്ചത്.'
പ്രസിഡന്റ് ഓമനകുമാരിയെപ്പറ്റിയാണയാള്‍ പറഞ്ഞതെന്ന് ഈശോയ്ക്കു മനസ്സിലായി. വായ പൊത്തിച്ചിരിച്ചുകൊണ്ട് ആൻ ഭര്‍ത്താവിനോടു പറഞ്ഞുരസിച്ചു:
'അവളു മേക്കപ്പില്ലാതെ പുറത്തുവരുത്തില്ലെന്ന്! ഇവന്‍മാര്‍ക്കറിയില്ലല്ലോ. ഓമനകുമാരിക്കു ഷൈന്‍ ചെയ്യാന്‍കിട്ടിയ അവസരം പാഴായിപ്പോയി! 'കൈയിലിരുന്ന ആര്യമോളെ ഉണര്‍ത്തുംവിധമായിരുന്നു ആനിന്റെ കുലുങ്ങിച്ചിരി! അപ്പാര്‍ട്‌മെന്റ് കത്തിത്തീര്‍ന്നാലും വേണ്ടുകില്ല, ഓമനകുമാരിയെ ഒന്നൊതുക്കിയാൽ മതിയെന്ന ചിന്തയായിരുന്നു അവള്‍ക്കെന്ന ബോധ്യം, ഈശോയെ നടുക്കിക്കളഞ്ഞു.
ആൻ ഈശോയുടെ ആഹ്ലാദത്തെ നിഷ്‌കരുണം ചവിട്ടിത്തേച്ചുകൊണ്ട്, പ്രസിഡന്റ് ഓമനകുമാരി, സമ്പൂര്‍ണമേക്കപ്പോടെ, ആഭരണവിഭൂഷിതയായി പ്രത്യക്ഷപ്പെട്ടു! ഇപ്പോള്‍ ചിരി വന്നത് ഈശോയ്ക്കാണെങ്കിലും സാഹചര്യമനുസരിച്ച് ആത്മസംയമനം പാലിച്ചു.
'എന്നാലും ഇവളിതെപ്പൊ...' എന്ന ആനിന്റെ അത്ഭുതം മൂന്നാം നിലയില്‍നിന്നുള്ള പുകച്ചുരുളിനോടുചേര്‍ന്ന് കാറ്റിലലിഞ്ഞുപോയി. ഓമനകുമാരി ഒരുപത്രസമ്മേളനത്തിനായി കാർ പോർച്ചിലേക്കു നീങ്ങിനിന്നു.
'മാഡം, ഈ വിവരം നിങ്ങളെപ്പോഴാണറിഞ്ഞത്?'
ഒരു റിപ്പോര്‍ട്ടറുടെ ചോദ്യം. ഓമനയുടെ മറുപടി:
'ഏതാണ്ടൊരു മൂന്നുമണിക്ക് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ പ്രസിഡന്റായിരിക്കുന്ന ഈ അപ്പാര്‍ട്‌മെന്റിലെന്തോ അത്യാഹിതം നടക്കാന്‍പോകുന്നത്രേ! പിന്നെയെനിക്കുറക്കം വന്നില്ല...'
അത്രയുംകേട്ടതും കുഞ്ഞന്നാമ്മ വെപ്പുപല്ലു കറുമുറെ കടിച്ചുപൊട്ടിച്ചുകൊണ്ടു ചീറി:
'ഈ എന്ധ്യാനിയെ ഞാനിന്നു കൊല്ലും! സ്വപ്നത്തില്‍വന്നു, അവളുടപ്പന്‍...'
അപ്പോഴാണ് ആനിൽനിന്നും ഒരു കുരുത്തംകെട്ട ചോദ്യമുണ്ടായത് :
'സത്യത്തില്‍ ആരാ അമ്മച്ചീ അവളുടപ്പന്‍?'
'പ്ഫാ! നീയെന്റെ പെങ്കോന്തന്‍മോന്റെ പെമ്പിളയായിപ്പോയി. അല്ലാരുന്നേലീ കുഞ്ഞന്നാമ്മ കാണിച്ചുതന്നേനേ, അവള്‍ടപ്പനേം നിന്റപ്പനേം!'
ഓമനകുമാരി റിപ്പോര്‍ട്ടര്‍മാരോടു കത്തിക്കയറുകയാണ്:
'ആദ്യമായി തീ വന്നത് ഒരമേരിക്കക്കാരന്‍ ജീവിയുടെ ഫ്‌ളാറ്റില്‍നിന്നാണ്. ഏതെങ്കിലും അമേരിക്കന്‍ചാരസംഘടനകള്‍ ഇതിന്റെപിന്നിലുണ്ടോ എന്നാണ് എന്റെസംശയം.'
റിപ്പോര്‍ട്ടര്‍ എടുത്തുചോദിച്ചു:
‘ജീവിയോ’?
‘അതെ , ജി വറുഗീസ് എന്ന ജീവിച്ചേട്ടൻ. പണ്ടു കോളേജിൽ പഠിക്കുബോൾ നല്ല ഒന്നാന്തരം ഫുട്‌ബോൾ കളിക്കാരനായിരുന്നു. കളി ജയിക്കുബോൾ അന്നൊക്കെ ആരാധർ ആർത്തുവിളിക്കുന്ന ചുരുക്കപ്പേരാ ഈ ജീവി.’
‘അതുശരി അപ്പോൾ അപരനാമത്തിലാണ് അറിയപ്പെടുന്നത് . ആകെപ്പാടെ ഒരു നിഘൂടതയുണ്ടല്ലോ’
റിപ്പോർട്ടർ സംശയം പ്രകടിപ്പുച്ചു
‘അപ്പോൾ 'നിങ്ങളും സംശയിക്കുന്നത് ഏതോ ചാരസംഘടനകളുമായി ബന്ധമുണ്ടെന്നാണോ?'
ഓമനാകുമാരി ചോദിച്ചു
'അതേ...'
റിപ്പോര്‍ട്ടര്‍ ക്യാമറയ്ക്കുനേരെ തിരിഞ്ഞു:
'അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനുവരെ ഈ അഗ്നിബാധയുമായി ബന്ധമുള്ള സാഹചര്യമുണ്ടെന്നാണ് അപ്പാര്‍ട്‌മെന്റ് പ്രസിഡന്റ് ശ്രീമതി ഓമനകുമാരി നമ്മളോടു പ്രതികരിച്ചിരിക്കുന്നത്.'
മറ്റേതോ ചാനലിന്റെ ക്യാമറാമാന്‍ മൂന്നാംനിലയില്‍നിന്ന് ഓടിക്കിതച്ച് ഇറങ്ങിവന്നു:
'ഞങ്ങളുടെ എക്‌സ്‌ക്‌ളൂസീവ്... ആ ജീവിയുടെ ഫ്‌ളാറ്റില്‍നിന്ന് കറുത്തൊരാള്‍ ഇറങ്ങിയോടിയത് എന്റെക്യാമറയില്‍ പതിഞ്ഞു… തിരട്ടു ഗ്രാമത്തിൽനിന്നുമുള്ള ഒരു കുറവാ കള്ളനാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
കറുത്ത കള്ളന്മാരും കുത്സിതപ്രവൃത്തി ചെയ്‌തേക്കും. ഇതു ‘ബ്ളാക്ക് ലീവിസ് മാറ്റേഴ്‌സിന്റെ’ കാലഘട്ടമല്ലേ!
കര്‍ത്താ മൊഴിഞ്ഞു. കറുത്ത മനുഷ്യന്റെ രൂപം വാട്‌സാപ്പ്സന്ദേശമായി ഈശോയ്ക്കും കിട്ടി. പന്തികേടു തോന്നിയ അയാള്‍ അത് ജീവിയുടെ ഭാര്യ, ഫ്‌ളോറിഡയിലുള്ള ഡെയ്‌സിക്കയച്ചുകൊടുത്തു. ഡെയ്‌സിച്ചേച്ചിയുടെ ആദ്യപ്രതികരണം.
‘പേരിലൊരു കരിയുണ്ടെങ്കിലും, ഇത്രയും കരിഞ്ഞൊരുത്തനെക്കാണിച്ചു എന്റെ ജോസേട്ടനാണോന്നു ചോദിക്കാന്‍ നിനക്കെങ്ങനെ ധൈര്യംവന്നെടാ ദൈവത്തിന്റെ പേരുള്ള ചെകുത്താനേ?'
കൂടുതല്‍ പരിക്കേല്‍ക്കുംമുമ്പ് ഈശോ ഫോണ്‍ കട്ട്ചെയ്തു. എങ്കിലും അയാളുടെ സംശയങ്ങള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ക്കറിയാവുന്ന ജീവിച്ചേട്ടൻ ഒരു ചാരനായിരുന്നില്ല. അയാള്‍ വീണ്ടും ജീവിയെ വിളിച്ചുനോക്കി. ഇത്തവണ ഫോണ്‍ റിംഗ് ചെയ്തു. എടുത്തു:
'ഹലോ, ജീവിച്ചേട്ടനല്ലേ ? എവിടെയാണ്? മയാമിയിലല്ലേ?'
ഈനാശു സന്തോഷത്തോടെ ചോദിച്ചു.
'അല്ല, മിയാമിയിലല്ല. ഏതോ മായാലോകത്താ...'
ആ അപസ്വരം ഫോണിലൂടെയല്ല, നേരിട്ടാണുകേള്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ ഈശോയ്ക്കു കുറച്ചുനേരം വേണ്ടിവന്നു
" ഹെലോ ഹെലോ ജീവിച്ചേട്ടൻതന്നെയല്ലേ "
കുറേനേരത്തെ നിശബ്ദത. എന്നിട്ട് പെട്ടന്നാണ് അപ്രതീക്ഷിതമായ ആ അപസ്വരം കേട്ടത്
"അതേടാ ഈനാശു ഞാനിവിടെയുണ്ട് "
"എവിടെയുണ്ടെന്നാ ജോസേട്ടൻ ഈ പറയുന്നത്, '
‘എനിക്കും മനസ്സിലാകുന്നില്ല, തൊട്ടടുത്തു നിൽക്കുന്ന എന്നെ നീയെന്തിനാ ഫോൺ ചെയ്യുന്നതെന്ന് ”
" തൊട്ടടുത്തൊ, ഈ ജീവിച്ചേട്ടന്റെ ഒരു കാര്യം”,
അങ്ങമേരിക്കയിലിരുന്നു ചുമ്മാ ആളെ പറ്റിക്കൽ, അല്ലാതെന്ത്, ഇതൊക്കെ ജീവിച്ചേട്ടന്റെ
സ്ഥിരം നമ്പറാണെന്നു ആർക്കാണറിയാത്തത്. എന്നൊക്കെ ഓർത്തുകൊണ്ടു മിണ്ടാതെ നിന്നപ്പോൾ ഗീവറുഗീസ്തന്നെ സംസാരിച്ചു തുടങ്ങി.
“ എന്തായാലും വിളിച്ച കാര്യം പറ “
“ഇവിടെ മുഴുവൻ തീയും പുകയുമാ. ചേട്ടന്റെ ഫ്‌ളാറ്റിൽനിന്നാണ് തുടക്കം എന്നൊരു കിംവദന്തിയുണ്ട്. പുകകാരണം ആരേം കാണാൻപോലും പറ്റുന്നില്ല"
“എടാ ഞാനിവിടെതന്നെയുണ്ട് “
തൊട്ടടുത്തുനിന്ന് ആ ഗദ്‌ഗദസ്വരം കേട്ടു
തിരിഞ്ഞുനോക്കിയപ്പോൾ. അയാൾ ഉച്ചത്തിൽ പറഞ്ഞു .
"ഇതു ഞാൻതന്നെയാ നിങ്ങളുടെ ജീവിച്ചേട്ടൻ”
അവർ തിരിഞ്ഞുനോക്കിയപ്പോൾ മുഖത്തെ കരി കാരണം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാലും ഒരൂഹംവെച്ച് ചോദിച്ചു .
'അല്ല, ജീവിച്ചേട്ടനെപ്പോൾ വന്നു? ചേട്ടന്‍ അമേരിക്കന്‍ചാരനാണെന്നൊക്കെയാ ഈ ചാനലുകാരു പറയുന്നത്.'
'എല്ലാമെനിക്കറിയാമെടാ... എല്ലാം കേട്ടു. ഇന്നലെരാത്രിയിലാ ലാന്‍ഡ് ചെയ്തത്. അതാ വിളിക്കാഞ്ഞത്. വന്നപാടെ വെള്ളം ചൂടാക്കാന്‍ സ്റ്റൗ ഓണ്‍ ചെയ്തതാ. ഗ്യാസ്ഓഫ് ചെയ്യാന്‍ മറന്നുപോയി. കാപ്പിയിടാന്‍ പിന്നെയും കത്തിച്ചപ്പൊ തീ പിടിച്ചു...!'
കര്‍ത്തായും അങ്ങോട്ടുവന്നു. സൂക്ഷിച്ചുനോക്കി, ആള്‍ ജീവിയാണെന്നുറപ്പുവരുത്തി, പറഞ്ഞു:
അനന്തരം കർത്താവും ഈശൊയുംകൂടി ഒന്നിച്ചു കരിപുരണ്ട ജീവിയുടെ തൊട്ടടുത്തു ചെന്നു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു!
“ എടാ ഈനാശു എന്റെ കയ്യിലൊന്നു പിടിച്ചോ കണ്ണിൽ മുഴുവനും ഇരുട്ടാ ഒന്നും കാണത്തില്ല”
അമേരിക്കയിലാണെങ്കിലും ഒന്നാന്തരം നിരീശ്വരവാദിയായ വറുഗീസ്ചേട്ടൻ ഈശോയെ ഈനാശു എന്നു മാത്രമേ വിളിക്കൂ എന്നല്ലാവർക്കുമറിയാം.
“പാവം കരിയായ കരിമറ്റത്തിനു ദൃഷ്ടിയില്ല “
എന്നു കർത്താ പറഞ്ഞുതീരുന്നതിനു മുൻപേ ഗീവറുഗീസ് കരിമറ്റം വാഴ വെട്ടിയിട്ടതുപോലെ താഴെവീണു. അപ്പോൾ കുഞ്ഞന്നാമ്മയും ആനുംകൂടി ഒന്നിച്ചൊരൊലര്‍ച്ച.
“ദേ ജീവിച്ചേട്ടൻ വീണേയ് “
അവരുടെ അലർച്ച കേട്ടപാതി കേൾക്കാത്ത പാതി അവിടെനിന്നവരെല്ലാം ഓടിക്കൂടി. പ്രസിഡണ്ട് ഓമനകുമാരിയും അതറിഞ്ഞു ചാനലുകാരുടെ തിരക്കിനിടയിലൂടെ ഊളിയിട്ടു ജോസേട്ടൻ വീണ സ്ഥലത്തേക്ക് ഓടിവന്നു. ജോസേട്ടന്റെ അനക്കമില്ലാതെയുള്ള, ആ കിടപ്പുകണ്ടപ്പോഴേ അവർ വിളിച്ചുകൂവി .
“ഇടനെ ആരെങ്കിലും അത്യാഹിത വിഭാഗത്തിലേക്കു വിളിക്കൂ”
ആരൊക്കെയോ ഉടനെ വിളിച്ചു. എന്നിട്ടും പതിനഞ്ചു മിനിറ്റെടുത്തു ആംബുലൻസ് എത്താൻ.
ആംബുലൻസ് എത്തി, ആരോഗ്യ പ്രവർത്തകൻ കുറേ കഷ്ട്ടപെട്ടാണെങ്കിലും, പൊക്കിയെടുത്തു സ്‌ട്രെച്ചറിൽ കിടത്തി. അവർ അകത്തേക്കു കയറ്റുന്നതു കണ്ടു ജനം അക്ഷമരായി നിന്നപ്പോൾ ജീവിച്ചട്ടൻ പതുക്കെ
കാലൊന്നു പൊക്കി. അപ്പോഴാണ് കൂട്ടം കൂടിനിന്നവർക്കൊക്കെ ഒരാശ്വാസമായത്.
അപ്പോൾത്തന്നെ കുഞ്ഞന്നാമ്മ സകലപുണ്ണ്യാളന്മാരെയും വിളിച്ചു പ്രാർത്ഥിച്ചു.
“കർത്താവേ കാലുപൊക്കിയല്ലോ അതുമതി “
“ യാത്ര പറയുമ്പോൾ കൈ പൊക്കിക്കാണിക്കുന്നത് കണ്ടിട്ടുണ്ട് . ഇതിപ്പം ആദ്യമായിട്ടാ ആരെങ്കിലും കാലു പൊക്കുന്നതു കാണുന്നത് “
കൂടെനിന്നവരിൽ ആരോ ഒരു കമന്റുപാസ്സാക്കി.
“അതെ ഈയിടെയായി അമേരിക്കക്കാരങ്ങനെയാ, എല്ലാം ഒരുമാതിരി തലതിരിഞ്ഞ ഏർപ്പാടാ”.
ഈശോ ഇത്തിരി പരിഹാസരൂപേണയുള്ള മറുപടിയും കൊടുത്തു.
“ചുമ്മാതല്ല കാലു പൊക്കുന്നത്”
അയാൾതന്നെ വീണ്ടും ചിരിച്ചുകൊണ്ടു പ്രതികരിച്ചു.
പക്ഷെ അതൊന്നും ആരും അത്ര ഗൗനിച്ചില്ല.
ജീവിച്ചേട്ടൻ പെട്ടന്ന് ഏതോ സ്വപ്നലോകത്തേക്കു പറന്നു. പണ്ടു ഫുട്‌ബോൾ കളിക്കിടയിൽ ഗോൾ അടിക്കുബോഴുള്ള ആരവം ജീവി… ജീവി… എന്നു മാത്രമാണ് അപ്പോൾ അയാൾ കേട്ടുകൊണ്ടിരുന്നത്. മയക്കത്തിൽ ഗോളടിക്കാനാണ് കാലു പൊക്കിയത് എന്ന വിവരം ആരും അറിഞ്ഞതേയില്ല.
ചത്തിട്ടില്ല എന്നറിയിക്കാനാ ജോസേട്ടന്റെ കാലു പൊക്കി കാണിച്ചതെന്ന് കണ്ടുനിന്നവർക്കൊക്കെ മനസിലായത്. അതുകൊണ്ട് എല്ലാവർക്കും സന്തോഷമായി , ഈനാശുവും സമാധാനിച്ചു.
ആംബുലൻസ് ഉടൻതന്നെ
ജീവിച്ചേട്ടനെയുംകൊണ്ട് കൂവിവിളിച്ചു തെരുവിലൂടെ പാഞ്ഞുപോയി.
തീയണഞ്ഞതുകൊണ്ട് . ചാനലുകാർ ഉടൻതന്നെ നിരാശരായി കട്ടേം പടോം മടക്കി സ്ഥലം വിട്ടു. അതോടു കൂടി പരദൂഷണം മതിയാക്കി, അന്തേവാസികളും ഓരോരുത്തരായി അവരവരുടെ ഫ്‌ളാറ്റിലേ ക്കു തിരിച്ചുപോയി .
അടുത്തദിവസംതന്നെ ജീവിച്ചേട്ടന്റെ സർപ്രൈസ് കോൾ ആശുപത്രിയിൽനിന്ന്! ഇത്തവണ ഈനാശുവിനെയാണ് വിളിച്ചത്.
“ എടാ ഈനാശൂ ഞാൻ ചത്തിട്ടില്ല. നാളെത്തന്നെ ഡിസ്ചാർജ് ചെയ്യും. ആ കർത്താവു സെക്രട്ടറിയോടും പറഞ്ഞേര്”
ഈശോ അപ്പോൾത്തന്നെ ആ ശുഭവാർത്ത അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഫ്ലാഷ് ന്യൂസായി ഷെയർ ചെയ്യ്തു.
“ഈശോയെ എന്റെ പ്രാർഥന കർത്താവു കേട്ടു “
കുഞ്ഞന്നാമ്മ, ആ ആനപെണ്ണു കേൾക്കാതിരിക്കാൻ ബാൽക്കണിയിൽ ഇറങ്ങിനിന്ന് ആകാശത്തേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു. അതിനുശേഷം ജീവിച്ചേട്ടൻ ആരെയും വിളിച്ചില്ല.
ടിവി ചാനലുകള്‍ അപ്പോഴും ചാരവാര്‍ത്തകള്‍ പ്ര ക്ഷേപണംചെയ്തുകൊണ്ടിരുന്നു. ആരും മരിക്കാത്തതുകൊണ്ട് അവരുടെ വർത്തക്കൊരു ഗും ഇല്ലാതെ പര്യവസാനിച്ചു.
അധികം വൈകാതെ ഒരു ദിവസം കാലത്ത്, ലിഫ്റ്റിന്റെ ഒരു വശത്തുപതിച്ചിരുന്ന ബോര്‍ഡില്‍ അന്തേവാസികള്‍ ഇങ്ങനെ വായിച്ചു:
’ഗീവറുഗീസ് കരിമറ്റം , ഫ്‌ളാറ്റ് നമ്പര്‍ 309, ഫോര്‍ സെയിൽ’
*ബ്ലാക്ക് ലൈവ്‌സ് മേറ്റർ(Black Lives Matter) ഒരു സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമാണ്. കറുത്തവർ നേരിടുന്ന വർഗ്ഗീയത, വിവേചനം, പോലീസിന്റെ ക്രൂരത എന്നിവയ്‌ക്കെതിരെ ശബ്ദമുയർത്തുന്നതാണ് ഇതിന്റെ ലക്ഷ്യം.