Image

അണിയൂ നിൻ പാദങ്ങൾ മമ ശിരസ്സിൽ! (സുധീർ പണിക്കവീട്ടിൽ)

Published on 03 March, 2026
അണിയൂ നിൻ പാദങ്ങൾ മമ ശിരസ്സിൽ! (സുധീർ പണിക്കവീട്ടിൽ)

ദേവി, നിൻ പാടല പാദങ്ങൾ കണ്ടു ഞാൻ
അനുഭൂതി പൂണ്ടു മതിമറക്കേ.. 
ദേവാലയത്തിനകത്തെന്നറിയാതെ 
മന്മഥ ചിന്തയിൽ ഉള്ളുലഞ്ഞു 
ദർശനമാത്രയിൽ എന്നെ ഭ്രമിപ്പിച്ചാ -
പാദങ്ങൾ വീണ്ടും ഞാൻ കണ്ടിടുമ്പോൾ
പുനർജന്മലക്ഷ്യമിതു തന്നെയാണെന്നു 
സംശയലേശം ഉറപ്പിച്ചിടുന്നു ഞാൻ
പത്മാഭ ചൂടുമാ പാദങ്ങൾ രണ്ടും ഞാൻ 
നിർമ്മാല്യദർശനം പോൽ തൊഴുന്നു  
പിന്നിട്ടു കാലങ്ങൾ ഒട്ടേറെയായി നാം -
എവിടെയോ വച്ച് വഴിപിരിഞ്ഞു.
നാമറിയാതെ നാം അന്യരായ് എന്നിട്ടും 
പ്രണയപ്രവാഹങ്ങൾ നിന്നതില്ല
ഭഗവത് നടയിലീ സംഗമ സൗഭഗം
കള്ളനാം കണ്ണന്റെ മായയാകാം.
ഇപ്പോൾ നിന്നാഗമവേളയിൽ എൻ മനം 
വീണ്ടും പ്രണയാർദ്ര  യമുനയായി
കാവ്യപ്രചോദനം നൽകി നീ ചാരത്ത് 
നിന്ന നിമിഷങ്ങൾ സർഗ്ഗശലാകകൾ
വിട്ടുപിരിഞ്ഞു നാം ഏറെ വർഷങ്ങളായ് 
നിയതി തൻ നിശ്ച്ചയം ആയിരിക്കാം
തൊഴുതു മടങ്ങാം സമാഗമകാംക്ഷയിൽ 
ഭഗവാനും പ്രണയാധിനാഥനല്ലെ!
രാധയും കൃഷ്ണനും പ്രണയിച്ചപോലെ നാം 
കമിതാക്കളായ് കഴിഞ്ഞൊരാ നാളുകൾ
സോപാനസംഗീതം കേട്ടപ്പോഴൊക്കെയും 
ആശ്ചര്യഭരിതരായി നമ്മൾ ഇരുവരും 
എന്തിനു കണ്ണൻ കൊതിച്ചു സഖിയുടെ 
പാദങ്ങൾ സ്വന്തം ശിരസ്സിൽ അണിയുവാൻ 
ഞാനുമീ വേളയിൽ അർത്ഥിച്ചിടുന്നു 
വയ്ക്കു നിൻ പാദങ്ങൾ മമ ശിരസ്സിൽ  !
ശുഭം

കുറിപ്പ്: സ്മരഗരലഖണ്ഡനം മമ ശിരസി മണ്ഡനം
ദേഹി പദപല്ലവമുദാരം
ജ്വലതി മയി ദാരുണോ മദനകദനാരുണോ
ഹരതു തദുപാഹിതവികാരം
അർത്ഥം: മാരശരമേറ്റുള്ള എന്റെ മനസ്സിനെ ആശ്വസിപ്പിക്കാനും സംഭോഗേഛയുടെ നിർദ്ദയമായ അഗ്നിയിൽ നിന്ന് ശമനം കിട്ടുവാനും  പ്രിയമുള്ളവളെ പുതുമുകുളങ്ങൾ പോലെ അഴകുള്ള നിന്റെ പാദങ്ങൾ എന്റെ ശിരസ്സിൽ വയ്ക്കു. (ഭഗവൻ കൃഷ്ണൻ രാധയോട് അപേക്ഷിക്കുന്നതായി ജയദേവ് അഷ്ടപദിയിൽ എഴുതിയിട്ടുണ്ട്. ) പ്രിയ കാമുകിയെ വർഷങ്ങൾക്ക് ശേഷം ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച് കണ്ടപ്പോൾ ആ സംഭവം അവളുമായി പങ്കുവച്ചതാണി കവിതയുടെ ഇതിവൃത്തം. കാമുകിയുടെ പാദങ്ങൾ രാധയുടേതുപോലെ പാടല പാദങ്ങൾ എന്ന് തോന്നുന്നത് കവിഹൃദയത്തിന്റെ ഭ്രമകല്പനതന്നെ.

 

Join WhatsApp News
Jayan varghese 2026-03-03 01:54:23
പ്രണയാതുര ഭ്രമം കല്പനകളുടെ തടവിലാക്കപ്പെട്ട ഒരു കവിഹൃദയം രാധാരാധകനായ കണ്ണനായി പുനർജ്ജനിക്കുമ്പോൾ വികാര വായ്പ്പിന്റെ വിപ്രലംഭ ശ്രുംഗാരത്തിൽ പൂർവ കാമുകിയുടെ പാദ പത്മങ്ങൾ മാത്രമല്ലാ, അവൾ എന്ന അനുഭൂതിയുടെ ആത്മ ഭാവങ്ങളെ ഒന്നോടെ പുണർന്നു പോകുന്ന ആനന്ദാനുഭവമാണ് ഈ കവിത. ഇ മലയാളിയുടെ താളുകളിൽ കാമ്പുള്ള കവിതകൾ വന്നു പോകുന്നത് അമേരിക്കയിലെ സാഹിത്യ ശാർദ്ദൂല തറവാട്ടിലെ കണ്ണടച്ചു ക്ഷീരപാനം നടത്തുന്ന മാർജ്ജാര മഹാരഥന്മാർ മാത്രം കാണുന്നതേയില്ല . ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-03 12:47:36
ശ്രീ. പണിക്കവീട്ടിൽ , 'അണിയൂ' എന്ന പദ പ്രയോഗം ഒന്ന് കൂടി വിവരിച്ചാൽ നന്നായിരുന്നു... ( മനസ്സിലായില്ല. ) Rejice
Sudhir Panikkaveetil 2026-03-03 14:23:53
ശ്രീ റെജിസ് നന്ദി.. ഇവിടെ poetic license ഉപയോഗിച്ച് നോക്കിയതാണ്. "എന്റെ ശിരസ്സിൽ നിന്റെ പാദങ്ങൾ അണിയു" എന്ന് പറയാതെ അണിയു നിൻ പാദങ്ങൾ മമ ശിരസിൽ എന്നുപയോഗിച്ചതാണ്. അണിയു എന്നുദ്ദേശിച്ചത് അലങ്കരിക്കുക എന്നാണു. അണിയു എന്ന വാക്ക് ഉപയോഗിക്കാൻ കാരണം അവളുടെ കാലുകൾക്ക് ദിവ്യമായ ഭാവം നൽകുന്നതിനാലാണ്. രതിയും ഭ്രമവും കവിയെ (എന്നെയല്ല) മോഹാലസ്യത്തിൽ എത്തിക്കുന്നു. അപ്പോഴുണ്ടാകുന്ന Dopamine-driven pleasure, കവിയെ ഉന്മാദനാക്കുന്നു; രാധാകൃഷ്ണനെപോലെ അയാൾ പ്രണയലഹരിയിൽ മയങ്ങിപോകുന്നു. വ്യാകരണപ്രകാരം ആ പ്രയോഗം തെറ്റാണോ? എങ്കിൽ തിരിച്ചിടാം. വായിച്ചതിനും പ്രതികരിച്ചതിനും നന്ദി.
Raju Mylapra 2026-03-03 15:07:53
പൂച്ചക്ക് പൊന്നുരുക്കുന്നിടത്തു എന്ത്‌ കാര്യം? എങ്കിലും ഒരു വരി ഞാനും കുറിക്കട്ടെ: "കണ്ണാ - ആരോമലുണ്ണിക്കണ്ണാ അണിയൂ തിരുമാറിലണിയൂ... ഞാൻ കോർത്ത കനകാംബരമാല... "
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-03 15:14:50
💥അതേ അതേ ,ഒരു ലേശം വ്യാകരണചവർപ്പ് ഉണ്ടോയെന്നൊരു സംശയം ആദ്യ വായനയിൽ എനിക്ക് ഉണ്ടായി..🤔. മറ്റൊരാളെ നമുക്ക് ഒരു ആഭരണമോ ഒരു വസ്ത്രമോ അണിയിക്കാം, അല്ലേ??? പക്ഷേ , നിന്റെ പാദങ്ങൾ എന്റെ ശിരസ്സിൽ അണിയൂ എന്നു പറഞ്ഞാൽ...???.🤔🤔 നിന്റെ പാദങ്ങൾ എന്റെ ശിരസ്സിനെ അലങ്കരിക്കട്ടേ... അത് ok. But...... അല്ലെങ്കിൽ നിന്റെ പാദങ്ങൾ എന്റെ ശിരസ്സിൽ ഞാൻ അണിയാം.. അതും ok. പിന്നേയും പക്ഷേ ,എന്റെ 'അണിയൂ' പ്രശ്നം അവിടെ തന്നെ ഉണ്ട്. ഒരാളോട് "അണിയൂ" എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് എന്താണ്?? ചിലപ്പോൾ അത് എന്റേത് മാത്രമായിരിക്കാം. നമുക്ക് അത് വിടാം. ((ഞാൻ ആരോടാ സംസാരിക്കുന്നതെന്നു നല്ല ബോധ്യം എനിക്കുണ്ട്. 🤣🤣💪)) Rejice
Vayanakaran 2026-03-03 20:19:02
നമ്മുടെ ഹാസ്യ സാമ്രാട്ടായ (സുധീറിനോട് കടപ്പാട്) ശ്രീ മൈലാപ്ര വ്യാകരണപ്രശ്‍നം അങ്ങനെയുണ്ടെങ്കിൽ എളുപ്പത്തിൽ പരിഹരിച്ചു. അദ്ദേഹം സ്വതസിദ്ധമായ ഹാസ്യ ശൈലിയിൽ പൂച്ചക്ക് പൊന്നുരുക്കുന്നേടത് എന്ത് കാര്യം എന്ന് തുടങ്ങി ഒരു കൊച്ചു വിശദീകരണം. "ഞാൻ കോർത്ത മാല അണിയു നിൻ തിരുമാറിൽ." ഇവിടെ മാലക്ക് പകരം പ്രണയിനിയുടെ കാലാണ്. അത് തന്റെ ശിരസ്സിൽ അണിയു എന്നാണു കാമുകൻ പറയുന്നത്. അപ്പോൾ സംശയം തീർന്നില്ലേ. കാൽ എങ്ങനെ മാല പോലെ അണിയും എന്ന സംശയം ആദ്യം വായിക്കുമ്പോൾ തോന്നാം. കവി അങ്ങനെ ഭാവന ചെയ്തതാകാം. പ്രമേയം പ്രണയം, എഴുതുന്നതോ സുധീർ ആനന്ദലബ്ദിയുണ്ടായി. ശ്രീ റെജിസിന്റെ സംശയവും സുധീറിന്റെ വിവരണവും ശ്രീ മൈലാപ്രയുടെ നർമ്മ മേമ്പടിയും ആരും അറിയാതെ പോകുമായിരുന്ന ഒരു നല്ല കവിതയെ കൂടുതൽ പേരിൽ എത്തിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക