Image

ഷിക്കാഗോ സിറോ മലബാർ രൂപത : ദൈവവിളികളുടെ വിളനിലം! സിൽവർ ജൂബിലി പശ്ചാത്തലത്തിൽ ഒരു അവലോകനം (-ഷോളി കുമ്പിളുവേലി)

Published on 03 March, 2026
ഷിക്കാഗോ സിറോ മലബാർ രൂപത : ദൈവവിളികളുടെ വിളനിലം! സിൽവർ ജൂബിലി പശ്ചാത്തലത്തിൽ ഒരു അവലോകനം (-ഷോളി കുമ്പിളുവേലി)

വളർച്ചയുടെ പാതയിൽ സിൽവർ ജൂബിലി ഒരു നാഴിക കല്ലാണെങ്കിലും, ഒരു രൂപതയുടെ പ്രയാണത്തിൽ ഇരുപത്തഞ്ചു വർഷങ്ങൾ വലിയൊരു അളവുകോലല്ല. എന്നാൽ ഈ ചെറിയ കാലയളവിൽ ഷിക്കാഗോ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ വളർച്ചക്കൊപ്പം, രൂപതയിലുണ്ടായിട്ടുള്ള  ദൈവവിളികളും എടുത്തു പറയേണ്ടതാണ്. സ്വർഗ്ഗീയനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാൽ, 2001ൽ സ്‌ഥാപിതമായ ഷിക്കാഗോ സിറോ മലബാർ രൂപതക്ക്, ഈ ചുരുങ്ങിയ കാലയളവിൽ, തദ്ദേശ്യരായ പത്തോളം വൈദികർക്ക് ജൻമം നൽകുവാൻ സാധിച്ചത്‌, തീവ്രമായ പ്രാർത്ഥനയുടേയും, ചിട്ടയായ മതബോധനത്തിന്റേയും ഫലമാണ്. കൂടാതെ നിലവിൽ എഴിൽപ്പരം യുവജനങ്ങൾ വിവിധ സെമിനാരികളിൽ പഠിക്കുന്നുയെന്നതും  ഷിക്കാഗോ രൂപതയുടെ ശോഭനമായ ദൈവവിളിയെയാണ് പ്രതിഫലിപ്പിക്കുന്നത്. അമേരിക്കയിൽ സ്‌ഥിര താമസമാക്കിയ മാതാപിതാക്കളുടെ രണ്ടാം തലമുറകളിൽ നിന്നും, എല്ലാവിധ പ്രലോഭനങ്ങളേയും, വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട്, അനസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികൾ, അനന്തമായ ദൈവപരിപാനയുടെ നേർസാക്ഷ്യമാണ്!

2001 മാർച്ച് 13-)0 തീയതിയാണ് ഷിക്കാഗോ രൂപത നിലവിൽ വന്നതും, മാർ ജേക്കബ്‌ അങ്ങാടിയത്തിനെ പ്രഥമ മെത്രാനായി മാർപ്പാപ്പ നിയോഗിച്ചതും. ഇൻഡ്യക്കു പുറത്തു സ്‌ഥാപിതമായ ആദ്യ സിറോ മലബാർ രൂപത എന്ന ഖ്യാതിയും ഷിക്കാഗോ രൂപതയ്ക്ക് സ്വന്തം! ബാലാരിഷ്ഠകൾ ഏറെയായിരുന്നെങ്കിലും, തുടക്കംമുതലേ വിശുദ്ധ കുർബ്ബാനക്കൊപ്പം, കുട്ടികൾക്കായി മതബോധനക്ലാസുകൾ മാർ അങ്ങാടിയത്ത് കർക്കശമാക്കിയിരുന്നു. സിറോ മലബാർ സഭയുടെ പാരമ്പര്യവും, രീതിയും അനുസരിച്ചുള്ള മതബോധനം ഷിക്കാഗോ രൂപതയിലെ കുട്ടികൾക്കും പിതാവ് ഉറപ്പുവരുത്തി. കൂടാതെ, അൾത്താര ശുശ്രുഷികളാകാനുള്ള അവസരവും, ചെറുപുഷ്പ മിഷൻ ലീഗിലും, പിന്നീട് യൂത്ത് അപ്പോസ്തോലേറ്റിലും പ്രവർത്തിക്കുന്നതിനുള്ളസാഹചര്യങ്ങളും കുട്ടികൾക്കും യുവജനങ്ങൾക്കും ലഭ്യമാക്കി. സഭയുടെ കരുത്തും പ്രതീക്ഷയും കുട്ടികളിലും യുവജനങ്ങളിലുമാണെന്നു മാർ അങ്ങാടിയത്തു വിശ്വസിച്ചു. അതുകൊണ്ടുതന്നെ അവരിൽ ആത്മീയ അടിത്തറ പാകാൻ ആരംഭം മുതലേ ശ്രദ്ധിച്ചിരുന്നു.  ഇതുതന്നെയാണ് രൂപതയുടെ ശൈശവാവസ്‌ഥയിൽ തന്നെ ദൈവവിളികൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണവും!! അജപാലന ശുശ്രുഷയിൽനിന്നും മാർ അങ്ങാടിയത്ത് വിരമിച്ചതിനെത്തുടർന്നു അഭിഷിക്തനായ മാർ ജോയ് ആലപ്പാട്ടും അതേ പാത തന്നെയാണ് പിന്തുടരുന്നത്.

ഷിക്കാഗോ രൂപത സ്‌ഥാപിതമായി ഏകദേശം ഒമ്പതു വർഷമായപ്പോൾ തന്നെ ആദ്യ ദൈവവിളി ഉണ്ടായി!, 2010 ൽ ന്യൂ യോർക്കിലെ ബ്രോങ്ക്സ്സെയിന്റ് തോമസ് സിറോ മലബാർ ഇടവകയിൽ നിന്നും കെവിൻ മുണ്ടക്കൽ സെമിനാരിയിൽ ചേർന്നു. 2018 മെയ് അഞ്ചാം തീയതി ഫാ. കെവിൻ തിരുപ്പട്ടം സ്വീകരിച്ച്, രൂപതയിലെ പ്രഥമ തദ്ദേശ്യ വൈദികനായി. തുടർന്ന്, സഹ വികാരിയായും , യൂത്ത് അപ്പോസ്തോലേറ്റ് ഡയറക്ടറായും സേവനം ചെയ്ത ഫാ. കെവിൻ, നിലവിൽ വടവാതൂർ മേജർ സെമിനാരിയിൽ കാനൻ നിയമ പഠനം പൂർത്തിയാക്കുന്നു.

ഫാ. കെവിൻ പൗരോഹിത്യം സ്വീകരിച്ച അതെ വർഷം ജൂൺ അഞ്ചാം തീയതി,  ഫ്ലോറിഡയിലെ താമ്പാ സെയിന്റ്  ജോസഫ് ഇടവകാംഗമായ  ഫാ. രാജീവ് വലിയവീട്ടിലും വൈദികനായി. ഇപ്പോൾ നോർത്ത് കരോലിനയിലെ ഷാർലെറ്റ് സെയിന്റ് മേരിസ് ഇടവക വികാരിയായി സേവനം ചെയ്യുന്നു. 2020 മെയ് 16-)0 തീയതി  ബാൾട്ടിമോർ സെയിന്റ് അൽഫോൻസാ ഇടവകയിൽ നിന്നുള്ള ഫാ. മെൽവിൻ പോൾ മംഗലത്തും, ജൂൺ 6-)0 തീയതി ടെക്സസ് - എഡിൻബർഗ് ഡിവൈൻ മേഴ്‌സി ഇടവകയിൽ നിന്നും ഫാ. തോമസ് പുളിക്കലും പൗരോഹിത്യം സ്വീകരിച്ചു. ഫാ. മെൽവിൻ യൂത്ത് അപ്പോസ്തോലേറ്റ് ഡയറക്ടറായും, ഫാമിലി അപ്പോസ്തോലേറ്റിൻറെ അസിസ്റ്റൻറ് ഡയറക്ടറായും രൂപതയെ സേവിക്കുന്നു. ഫാ. തോമസ് പുളിക്കൽ ഇപ്പോൾ ഫ്ലോറിഡയിലെ അമോറിസ്‌ ക്രിസ്റ്റി റിട്രീറ്റ് സെന്റർ പ്രസിഡന്റായും, സെയിന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയിലെ അസിസ്റ്റൻറ് പ്രൊഫസറായും പ്രവർത്തിക്കുന്നു. 2021 മെയ് 22-)0 തീയതി പൗരോഹിത്യം സ്വീകരിച്ച, കാലിഫോർണിയയിലെ ഓറഞ്ച് സെയിന്റ് തോമസ് ഇടവകയിൽ നിന്നുമുള്ള  ഫാ. ജോബി ജോസഫ്, "അസിസ്റ്റൻറ് ഡയറക്ടർ ഓഫ് വോക്കേഷൻസ്" ആയി ചിക്കാഗോയിലെ മാൻഡലീൻ സെമിനാരിയിൽ പ്രവർത്തിക്കുന്നു. തുടർന്ന്, 2022 മെയ് 28-)0 തീയതി അറ്റ്ലാന്റാ സെയിന്റ് അൽഫോൻസാ ഇടവക അംഗമായ ഫാ. ജോയൽ പയസ് വൈദികനായി. ഇപ്പോൾ ഷിക്കാഗോ മാർ തോമാ ശ്ലീഹ കത്തീഡ്രൽ ദേവാലയത്തിൽ സഹ വികാരിയാണ്. 2023 ജൂൺ 3-)0 തീയതി പൗരോഹിത്യം സ്വീകരിച്ച, ചിക്കാഗോ മാർ തോമ ശ്ലീഹ കത്തിഡ്രൽ ഇടവകയിൽ നിന്നുള്ള  ഫാ. ജോർജ് പാറയിൽ, നിലവിൽ ഹ്യൂസ്റ്റൺ സെയിന്റ് ജോസഫ് സിറോ മലബാർ ഫൊറോന ഇടവകയിലെ സഹ വികാരിയായും സേവനം അനുഷ്ഠിക്കുന്നു.

ഈ ഏഴ് വൈദികരെ കൂടാതെ, രൂപത സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം മെയ് 23-)0 തീയതി, ഫ്ലോറിഡയിലെ കോറൾ സ്പ്രിംഗ് "ഔർ ലേഡി ഓഫ് ഹെൽത്ത്" ഇടവകയിൽനിന്നും ഡീക്കൻ മാത്യു ജേക്കബും, ജൂൺ 13-)0 തീയതി ന്യൂ ജേഴ്‌സിയിലെ പാറ്റേഴ്സൺ സെയിന്റ് ജോർജ് ഇടവകയിൽനിന്നുമുള്ള ഡീക്കൻ മൈക്കിൾ ജെയിംസും, ഡീക്കൻ സാം കുട്ടാപ്പശ്ശേരിയും തിരുപ്പട്ടം സ്വീകരിച്ചു പുരോഹിതരാകും.

ഇതോടൊപ്പം, നിലവിൽ എഴിൽപ്പരം വൈദിക വിദ്യാർത്ഥികൾ വിവിധ സെമിനാരികളിൽ രൂപതയ്ക്ക് വേണ്ടി പഠിക്കുന്നു എന്നതും ചേർത്തുവായിക്കുക. കൂടാതെ ഈ രൂപതയിലെ ഇടവകകളിൽ നിന്നുമുള്ള അഞ്ചിലധികം യുവജനങ്ങൾ മറ്റു കോൺഗ്രിഗേഷനുകൾക്കായും സെമിനാരികളിൽ പഠിക്കുന്നു. ഇതുകൂടാതെ, പെൺകുട്ടികളുടെ ഇടയിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികളും എടുത്തുപറയത്തെണ്ടാതാണ്.  ഈ അവസരത്തിൽ ഇവരുടെ കുടുംബങ്ങളേയും, മാതാപിതാക്കളേയും, അവരുടെ തീക്ഷണമായ പ്രാർത്ഥനകളേയും ഹൃദയപൂർവം അനുമോദിക്കുന്നു!.   ഇരുപത്തഞ്ചു വർഷം കൊണ്ട് ഇരുപത്തഞ്ചിലധികം ദൈവവിളികൾ !!എത്ര അനുഗ്രഹീതമാണ് ഷിക്കാഗോ രൂപത !!

വർദ്ധിച്ചുവരുന്ന ദൈവവിളികൾ കൂടാതെ, അടിയുറച്ച മാർത്തോമാ നസ്രാണി വിശ്വാസത്തിലൂന്നി, ശക്തമായി പ്രവർത്തിക്കുന്ന ഒരു യുവ തലമുറ ഷിക്കാഗോ രൂപതയിൽ ഇപ്പോഴുണ്ട്. ഇടവകകളുടെ ദൈനംദിന കാര്യങ്ങളിലും ഭരണത്തിലും മാത്രമല്ല, രൂപതയുടെ പ്രവർത്തനങ്ങളിൽപ്പോലും അവർ സജീവമായി ഇടപെടുന്നു. യൂത്ത് അപ്പോസ്തോലേറ്റിൻറെയും, ജീസസ് യൂത്തിന്റെയും ക്രിയാത്‌മകമായ പ്രവർത്തനങ്ങൾ അതിനു സഹായകരമായിട്ടുണ്ട്. എന്നാൽ അതിലുപരി, രൂപതയുടെ തുടക്കത്തിൽ മാർ ജേക്കബ് അങ്ങാടിയത്തും, തുടർന്ന് മാർ ജോയ് ആലപ്പാട്ടും പുലർത്തിവന്ന പ്രത്യേക താല്പര്യവും പ്രോത്സാഹനവും യുവജനങ്ങളുടെ പ്രവർത്തനങ്ങളെ രൂപതയിൽ കൂടുതൽ സജീവവും, ചലനാല്തമകവും ആക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു നിസംശയം പറയാം. എങ്കിലും, യുവജനങ്ങളെ സഭാപരമായി ബോധവൽക്കരിക്കുന്നതിനും, വിശ്വാസത്തിൽ അവരെ കൂടുതൽ അടുപ്പിക്കുന്നതിനും, നിലനിർത്തുന്നതിനും ശക്തമായ പ്രവർത്തനങ്ങൾ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കണം! അതിനു സഭാ തലത്തിലുള്ള കൂട്ടായ്മ്മകളും, കൺവൻഷനുകളും വേദിയാകുമെന്നതിൽ സംശയമില്ല!. അങ്ങനെ നോക്കികാണുമ്പോൾ ജൂലൈ ഒമ്പതു മുതൽ പന്ത്രണ്ടുവരെ ഷിക്കാഗോയിൽ വച്ച് നടക്കുന്ന സിൽവർ ജൂബിലി കൺവൻഷന്‌ പുതിയ അർത്ഥവും, മാനവും കൈവരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക