Image

ദിയ വിജ് ന്യൂയോർക്ക് സിറ്റി കൾച്ചറൽ കമ്മീഷണറായി നിയമിതയായി

Published on 02 March, 2026
ദിയ വിജ് ന്യൂയോർക്ക് സിറ്റി കൾച്ചറൽ കമ്മീഷണറായി നിയമിതയായി

ന്യൂയോർക്ക് സിറ്റി: ഇന്ത്യൻ വംശജ ദിയ വിജ് ന്യൂയോർക്ക് സിറ്റിയുടെ പുതിയ കൾച്ചറൽ കമ്മീഷണറായി നിയമിതയായി. സൊഹ്‌റാൻ മാംദാനി ഭരണകൂടമാണ് നിയമനം പ്രഖ്യാപിച്ചത്. ഇന്ത്യൻ കുടിയേറ്റ കുടുംബത്തിൽ ജനിച്ച് വളർന്ന ദിയ വിജ് കഴിഞ്ഞ പത്തു വർഷത്തിലേറെയായി ന്യൂയോർക്ക് സിറ്റി നിവാസിയാണ്.

ദിയ വിജ് ഇപ്പോൾ പവർഹൗസ് ആർട്സിൽ ക്യൂറേറ്റോറിയൽ ആൻഡ് ആർട്ട് പ്രോഗ്രാംസ് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയാണ്. കൂടാതെ ക്രീയേറ്റീവ് ടൈമിൽ ക്യൂറേറ്ററായും പ്രവർത്തിക്കുന്നു.

ന്യൂയോർക്ക് സിറ്റിയിലെ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചറൽ അഫയർസിനെ (ഡിസിഎ) നയിക്കുന്നതായിരിക്കും ദിയ വിജിന്റെ പുതിയ ചുമതല. അമേരിക്കയിലെ ഏറ്റവും വലിയ മുനിസിപ്പൽ ആർട്സ് ഫണ്ടിംഗ് ഏജൻസിയായ ഡി.സി.എ നഗരത്തിലെ അഞ്ച് ബറോകളിലായി 800-ലധികം സാംസ്കാരിക സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 245 മില്യൺ ഡോളറാണ് കലാസംരംഭങ്ങൾക്ക് അനുവദിച്ചത്.

ദിയയുടെ നേതൃത്വത്തിൽ ഓരോ ബറോയിലും ഉള്ള ഓരോ ന്യൂയോർക്കർക്കും കലയുടെ പ്രചോദനവും ഊർജവും അനുഭവിക്കാൻ സാധിക്കണമെന്നാണ് മേയർ മംദാനി നിയമനത്തെക്കുറിച്ച് പ്രതികരിച്ചത്.

ദിയ വിജ് ന്യൂയോർക്കിലെ ബാർഡ് കോളജിൽ നിന്ന് ഫോട്ടോഗ്രഫിയിൽ ബിരുദവും ആർട്ട് ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.

മുമ്പ് 2019 വരെ നാല് വർഷം ഡി.സി.എയിൽ പ്രവർത്തിച്ചിരുന്ന ഇവർ, ഫ്രണ്ട്സ് ഓഫ് ദി ഹൈ ലൈൻ, ക്വീൻസ് മ്യൂസിയം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂയോർക്ക് നഗരത്തിലെ കലാ-സാംസ്കാരിക രംഗത്തെ ശക്തിപ്പെടുത്തുകയും, സിറ്റിയെ കലാകാരന്മാർക്ക് സൗഹൃദപരമായ കേന്ദ്രമാക്കി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  വിജ് ചുമതലയേൽക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക