
നേരിൻ്റെ കണ്ണീർ നനവും സ്നേഹത്തിൻ്റെ ആർദ്രതയും ചേർന്നൊരു ഹ്രസ്വ ചിത്രം. പ്രേക്ഷകരിൽ നന്മയുടെ പൂക്കാലം പകർന്ന് 'നിന്നോളം' ശ്രദ്ധേയമാകുന്നു. കുഞ്ഞു മനസ്സിലെ നന്മകളുടെ കഥയുമായി എത്തിയ 'നിന്നോളം' കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കഥാപരിസരം മുതൽ അവതരണം വരെ പുതുമയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്ലാൻ്റേഷൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ബന്ധങ്ങളുടെ ആഴവും നന്മയുമാണ് പറയുന്നത്. പത്താം ക്ലാസുകാരി ദിവ്യയും അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കളക്ടറാകാൻ ആഗ്രഹിച്ചു നടക്കുന്ന ദിവ്യയും പ്ലാൻ്റേഷൻ തൊഴിലാളിയായ അമ്മ സുജയും അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം പൂർവ്വ വിദ്യാർഥികളും ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാട് സിനിമ കണ്ട് വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിക്കുകയുണ്ടായി. എഐ സാധ്യതകൾക്കൂടി ഉപയോഗിച്ചാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പുതിയ കാലത്തെ കുട്ടികളുടെ കഥയാണ് സിനിമ പറയുന്നതെന്നും സിനിമയെക്കുറിച്ച് പഠിക്കുന്നതിനൊപ്പം ബന്ധങ്ങളുടെ ഊഷ്മളതയും വിദ്യാർത്ഥികളിലേക്ക് പകരുന്നതിനാണ് 'നിന്നോളം' ഒരുക്കിയതെന്നും ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപികയായ അപ്സര പി. ഉല്ലാസ് പറയുന്നു.
അശ്വിനി അജികുമാർ, ആർതർ അജി, അനഘ ദിലീപ്, അപ്സര പി. ഉല്ലാസ്, വിധു ആർ, സുരേഷ് കുമാർ എസ്, സന്തോഷ് കുമാർ എസ്, ദിനേശ് കുമാർ, ഗൗതം നിമേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സംവിധാനം: പി. അയ്യപ്പദാസ്
നിർമാണം: ജ്യോതിസ് പി. ഉല്ലാസ്, വിധു ആർ.
രചന: അരുൺ എഴുത്തച്ഛൻ
ക്യാമറ: ജിജു വിഷ്വൽ
എഡിറ്റർ: ബിബിൻ ബാബു
ഗാനരചന: ഡോ. ആർ. അപർണ
മേക്കപ്പ്: സുബിൻ മാരാമൺ
https://youtu.be/dr3r9y3dams