
തിരുവനന്തപുരം നഗരത്തിലെ ആറ്റുകാല്‍ ശ്രീ ഭഗവതി ക്ഷേത്രം...ഇത് സ്ത്രീകളുടെ ശബരിമലയാണ്. ഇവിടെ യുവതീ പ്രവേശന വിവാദങ്ങളില്ല. കേസില്ല, വഴക്കില്ല, സര്‍ക്കാര്‍ അജണ്ടകളില്ല. ഏതു പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ആറ്റുകാലമ്മയെ കാണാനെത്താം. നാളെയാണ് (മാര്‍ച്ച് 3) പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം. കൊച്ചു കുട്ടികള്‍ മുതല്‍ മുത്തശിമാര്‍ വരെയുള്ളവരുടെ തിരക്കില്‍ അനന്തപുരി മുങ്ങിപ്പോകും. പൊങ്കാലയിടാന്‍ കേരളത്തിന്റെ അങ്ങ് വടക്കേ അറ്റം മുതലുള്ളവര്‍ ഇങ്ങ് തെക്കേ അറ്റത്തെത്തിയിരിക്കുകയാണ്. അങ്ങനെ ഒരിക്കല്‍ക്കൂടി നമ്മുടെ തലസ്ഥാന നഗരി യാഗശാലയാവുകയാണ്.
പൊങ്കാലയോടനുബന്ധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചമുതല്‍ തുടങ്ങിയ നഗരത്തിലെ ഗതാഗത നിയന്ത്രണം നാളെ വൈകുന്നേരം 08:00 മണി വരെ നീണ്ടുനില്‍ക്കും. നാളെ രാവിലെ 9:15-ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങള്‍ ആരംഭിക്കുക. ഉച്ചയ്ക്ക് 02:15നാണ് നിവേദ്യം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണ് ആറ്റുകാല്‍ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന നിലയ്ക്ക് ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയില്‍ 1.5 മില്യണ്‍ സ്ത്രീകള്‍ പങ്കെടുത്തത് അടിസ്ഥാനമാക്കിയാണ് ഈ ഗിന്നസ് നേട്ടം. 2009-ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേരാണ് പൊങ്കാലയിട്ടത്.
മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകും. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം നാല് കിലോ മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒരേസയം പങ്കെടുക്കുന്ന മറ്റൊരു ചടങ്ങ് ഇല്ല.
ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ആത്മസമര്‍പ്പണമാണ്. അതിലുപരി കോടി പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിലെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുമെന്നാണ് ഉറച്ച വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍െ മാത്രമേ ആഹാരം കഴിക്കാവൂ. ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്.
പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതിനായി ക്ഷേത്രദര്‍ശനം നടത്തണം. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ്.
ക്ഷേത്രത്തിനു മുന്‍പിലുള്ള രാജാവിന്റെ പ്രതീകമായ പണ്ഡാര അടുപ്പില്‍ തീ പകര്‍ന്നതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
ഇത്രയുമധികം സ്ത്രീകള്‍ ജാതിമത ഭേദമില്ലാതെ ഒരുമിച്ച് പങ്കെടുക്കുന്ന ഉത്സവം ലോകത്ത് തന്നെ വേറെയില്ല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഓരോ തവണയും ലക്ഷക്കണക്കിന് ഭക്തകളാണ് പൊങ്കാല അര്‍ച്ചിക്കുന്നത്. പൊങ്കാലയുടെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ത്രീകള്‍ ക്ഷേത്രപരിസരത്ത് സ്ഥാനം പിടിക്കുന്നു. പൊങ്കാലയിടുന്നതിനാവശ്യമായ അടുപ്പും മറ്റും ഭക്തകള്‍ തന്നെ തയാറാക്കും. പൊങ്കാല ദിവസമാകുമ്പോള്‍ ക്ഷേത്രത്തിന്റെ കിലോമീറ്ററുകളോളം ചുറ്റളവില്‍ അടുപ്പുകള്‍ നിരന്നുകഴിയും. വീട്ടുമുറ്റങ്ങളും പൊതുവഴികളുമെല്ലാം പൊങ്കാലയടുപ്പുകള്‍ കൈയടക്കും.
പൊങ്കാല ദിവസം രാവിലെ ശ്രീകോവിലിനുള്ളിലെ നിലവിളക്കില്‍ നിന്നും തന്ത്രി തെളിച്ച നാളം അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുകയായി. ലക്ഷക്കണക്കിന് ഭക്തകരുടെ ''അമ്മേ ശരണം...ദേവീശരണം...'' വിളികള്‍ നഗരത്തില്‍ മുഖരിതമാവും. ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ അടുപ്പുകളില്‍ തീ പടരുന്നു. എല്ലാം ദേവിക്ക് സമര്‍പ്പിക്കുന്ന ഭക്തകളുടെ 'ഞാനെന്ന ഭാവം' ഇല്ലാതാകുന്നതു പോലെ പുക ഉയരുന്നു. പൊങ്കാലയുണ്ടാക്കുന്ന കലം നശ്വരമായ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. പൊങ്കാലയര്‍ച്ചിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം ആറ്റുകാലമ്മയുമുണ്ടെന്നാണ് വിശ്വാസം.