
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ നടന്ന ഡ്രോൺ ബോട്ട് ആക്രമണത്തിൽ കപ്പൽ ജീവനക്കാരായ 3 ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്. ഒമാനിലെ ബിസ്ക്കറ്റ് തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം.
മാർഷൽ ഐലൻഡ്‌സ് പതാക വഹിച്ച ‘എം.കെ.ഡി വ്യാം’ എന്ന കപ്പലിന് നേരെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ബോട്ട് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ നൽകുന്ന വിവരങ്ങൾ പ്രകാരം, ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ പ്രധാന എഞ്ചിൻ റൂമിൽ ശക്തമായ സ്ഫോടനവും തുടർന്ന് വൻ തീപിടുത്തവും ഉണ്ടായി. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്നു കപ്പൽ. സ്ഫോടനത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആകെ 21 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ളവരിൽ നാല് പേർ ബംഗ്ലാദേശ് സ്വദേശികളും ഒരാൾ ഉക്രൈൻ സ്വദേശിയുമാണ്. കൊല്ലപ്പെട്ട ഇന്ത്യക്കാരെ കൂടാതെ ബാക്കിയുള്ള എല്ലാ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പനാമ പതാകയുള്ള ‘എം.പി സാൻഡ്’ എന്ന കപ്പലിന്റെ സമയോചിതമായ ഇടപെടലാണ് ബാക്കി ജീവനക്കാരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.