Image

സാഹിത്യവേദി മാർച്ച് 6-ന്, 'കമ്പിളികണ്ടത്തെ കൽഭരണികൾ` ചര്‍ച്ച ചെയ്യുന്നു

Published on 02 March, 2026
സാഹിത്യവേദി മാർച്ച് 6-ന്, 'കമ്പിളികണ്ടത്തെ കൽഭരണികൾ` ചര്‍ച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990  
Meeting ID: 814 7525 9178)

ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം  രചിച്ച  'കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയംസാക്ഷ്യമാണീ പുസ്തകം.

ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം.
മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്. ഗ്രന്ഥകാരനായ ഡോ. ബാബു അബ്രഹാമിൻ്റെ സാന്നിദ്ധ്യമാണ് ഓൺലൈൻ ആയി നടത്തുന്ന ഈ പരിപാടിയുടെ പ്രത്യേകത. ഗ്രന്ഥകാരനോട് സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഫെബ്രുവരി മാസ സാഹിത്യവേദിയിൽ അശ്രു, ധർമ്മ പരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് അവതരിപ്പിച്ച പ്രബന്ധം ഏറെ ആസ്വാദ്യകരമായിരുന്നു.    

എല്ലാ സാഹിത്യ സ്നേഹികളേയും മാർച്ച് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ലിൻസ് ജോസഫ്  630 540 6758
പ്രസന്നൻ പിള്ള  630 935 2990
ജോൺ ഇലക്കാട്  773 282 4955
 

Join WhatsApp News
Sudhir Panikkaveetil 2026-03-02 20:13:49
നാട്ടിലുള്ള എഴുത്തുകാരെ ആദരിക്കുകയെന്നത് അമേരിക്കൻ മലയാളികളുടെ ഒരു ദൗർബല്യമാണ്. ഇവിടെയുള്ള എഴുത്തുകാർ അങ്ങനെ വിസ്മരിക്കപ്പെട്ടുപോകുന്നു. ശ്രീ ജയൻ വർഗീസിന്റെ ഒരു ഇംഗ്ലീഷ് നാടകം ന്യയോർക്ക് യൂണിവേഴ്‌സിറ്റി അംഗീകരിക്കുകയും അവർ തന്നെ അത് പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇവിടെ ആരും അറിഞ്ഞില്ല. അതേപോലെ അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഒരു പുസ്തകം പാടുന്ന പാഴ്മുളം തണ്ടുകൾ ഒന്നിലധികം വർഷമായി പുറത്തുവന്നിട്ട്. ഇവിടെയുള്ള ഒരു സാഹിത്യസംഘടനയും അറിഞ്ഞിട്ടില്ല. അതൊക്കെ അവരുടെ ഇഷ്ടം. ആർക്കും ചോദിക്കാൻ അവകാശമില്ല. എന്നാലും അമേരിക്കൻ മലയാള സാഹിത്യത്തിൻറെ വളർച്ചയിൽ താല്പര്യമുള്ളതുകൊണ്ട് വെറുതെ ഈ അവസരത്തിൽ അതൊക്കെ ഓർത്തുപോയി.
സണ്ണി ഗോപുരത്തിങ്കൽ 2026-03-02 21:09:26
ശ്രീ സുധീർ മാത്രമല്ല, ഇതിനുമുമ്പ് പലരും, പല പ്രാവശ്യം, അമേരിക്കയിൽ ഉള്ള മലയാള എഴുത്തുകാരെ എല്ലാ തുറയിലും അവഗണിക്കുന്ന വിവരം ഇവിടെ പറഞ്ഞിട്ടുണ്ട് ഇവിടെ എഴുതിയിട്ടുണ്ട്. ഏത് ഫിസിക്കൽ മീറ്റിങ്ങിൽ ചെന്നാലും, ഏതു സൂം മീറ്റിങ്ങിൽ ചെന്നാലും അവരുടെ പേരുപോലും ഒന്ന് വിളിച്ചു പറയാനോ, അവരുടെ സാന്നിധ്യം പോലും അംഗീകരിക്കാനോ ഇത്തരം സംഘാടകർ തയ്യാറല്ല. അതിനാൽ മീറ്റിങ്ങിൽ അമേരിക്കയിൽ നിന്ന് പങ്കെടുക്കുന്നവരുടെ എണ്ണം, സാന്നിധ്യം കുറയുന്നു. നാട്ടിൽ നിന്നെത്തുന്ന ഈ സാഹിത്യകാരന്മാർ, നാട്ടിലെ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട്, നീണ്ട നീണ്ട അർത്ഥമില്ലാത്ത, ബോറടി പ്രസംഗങ്ങൾ മാത്രം തട്ടി വിടുന്നു. വളരെ കുറച്ചു മാത്രം പങ്കെടുക്കുന്ന വ്യക്തികൾ കാര്യമായി ഒന്ന് ശ്രദ്ധിക്കാതെ, ഇരുന്ന് ഉറക്കം തൂങ്ങുന്നു. . അവസരം വരുമ്പോൾ അവർ കാടുകയറി വിഷയം വിട്ട് സംസാരിക്കുകയും ചെയ്യുന്നു. . എന്തിനാണ് ഇത്തരം നേർച്ച മാതിരിയുള്ള മീറ്റിങ്ങുകൾ. മുറ്റത്തെ മുല്ലക്കും മണമുണ്ട് എന്ന് എന്നാണാവോ ഇവിടത്തെ സംഘടനകൾ മനസ്സിലാക്കുക. സുധീർ ഇവിടെ വീണ്ടും ഈ വിഷയം അവതരിപ്പിച്ചതിൽ സന്തോഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക