
ന്യൂയോര്‍ക്ക്: ന്യൂ സിറ്റി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭക്തിനിറഞ്ഞ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. കഴിഞ്ഞ പതിനാറ് വര്‍ഷമായി പള്ളിയില്‍ വികാരിയായി സമര്‍പ്പിത സേവനം അനുഷ്ഠിച്ചു വരുന്ന വന്ദ്യ അച്ചന്റെ അമ്പത് വര്‍ഷത്തെ പുരോഹിതജീവിത സാക്ഷ്യത്തെ അനുസ്മരിച്ച് ആദരവും അനുമോദന സമ്മേളനവും നടത്തി.
അമ്പത് വര്‍ഷങ്ങളായി സഭയ്ക്കും സമൂഹത്തിനും ആത്മീയ മാര്‍ഗ്ഗദര്‍ശകനായും കരുണാപൂര്‍ണ്ണനായ ഇടയനായും സേവനം ചെയ്ത വന്ദ്യ അച്ചന്റെ ദീര്‍ഘകാല ആത്മീയ സേവനത്തെ സ്മരിച്ചുകൊണ്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇടവകാംഗമായ റവ. ഫാ. വര്‍ഗീസ് കോര പരിത്തുവയലില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന സമ്മേളനം ഏറെ സ്‌നേഹസാന്ദ്രമായിരുന്നു.

പള്ളിയുടെ വൈസ് പ്രസിഡന്റ് വിജയന്‍ ദാനിയേല്‍, മുന്‍ സെക്രട്ടറി ജോര്‍ജ് ഐസക്, വനിതാ സമാജം ട്രഷറര്‍ കുസുമം ദാനിയേല്‍, സണ്‍ഡേസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീനാ മാത്യു, യൂത്ത് അസോസിയേഷന്‍ പ്രതിനിധികളായ എബി കണ്ണേത്, ജോയല്‍ കണ്ണേത് എന്നിവര്‍ വന്ദ്യ അച്ചന്‍ ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്കും സംഘടനാ പുരോഗതിക്കും യുവജനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും കുടുംബ ഐക്യത്തിനും നല്‍കിയ സംഭാവനകളെ അനുസ്മരിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ വിനയം, ആത്മീയ ആഴം, നേതൃത്വപാടവം എന്നിവ പ്രത്യേകം പരാമര്‍ശിച്ചു. അലൈന വറുഗീസ്, ജെയ്ഡന്‍ പൗലോസ് എന്നിവര്‍ ചേര്‍ന്ന് ഭക്തിഗാനം ആലപിച്ച് സമ്മേളനത്തിന് കൂടുതല്‍ ആത്മീയ തേജസ് നല്‍കി.
ഇടവകയുടെ നന്ദിസൂചകമായി പാരിതോഷികവും സ്മാരക ഫലകവും സമര്‍പ്പിച്ചു. വനിതാ സമാജത്തിന്റെ വകയായി പ്രത്യേക ആദരസമ്മാനവും നല്‍കി. ഇടവകാംഗങ്ങളുടെ ഹൃദയത്തിലെ സ്‌നേഹവും ആദരവും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ അനുമോദനങ്ങള്‍.

പള്ളി മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് വിജയന്‍ ദാനിയേല്‍, സെക്രട്ടറി സണ്ണി പൗലോസ്, ട്രഷറര്‍ ലാന്‍സ് പൗലോസ്, ജോയിന്റ് സെക്രട്ടറി സനല്‍ പാടിയേടത്ത്, ജോയിന്റ് ട്രഷറര്‍ സഞ്ജു ഇട്ടന്‍ പാടിയേടത്ത് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് ഐസക്, ഡ്യൂക്ക് ദാനിയേല്‍, സണ്ണി വെള്ളാവള്ളില്‍, ടോണി മാത്യു എന്നിവര്‍ സജീവമായി നേതൃത്വം നല്‍കി. പള്ളിയിലെ എല്ലാ ആത്മീയ സംഘടനകളും വിശ്വാസികളും ഒരുമിച്ചുചേര്‍ന്ന ഈ സമ്മേളനം ഇടവകയുടെ ഐക്യത്തിന്റെയും ആത്മീയതയുടെയും ശക്തമായ സാക്ഷ്യമായി മാറി.
അനുമോദന സമ്മേളനത്തിനുശേഷം കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു. തുടര്‍ന്ന് വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ഇടവകാംഗങ്ങള്‍ കാണിച്ച സ്‌നേഹത്തിനും പ്രാര്‍ത്ഥനാപിന്തുണയ്ക്കും ദീര്‍ഘകാല സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. ഇടവകയുടെ ആത്മീയ ഐക്യത്തോടൊപ്പം അച്ചനോടുള്ള സ്‌നേഹവും ആദരവും നിറഞ്ഞ ചടങ്ങുകള്‍ സ്‌നേഹവിരുന്നോടുകൂടി സമാപിച്ചു.
വാര്‍ത്ത: ജിനു കുര്യന്‍ പാമ്പാടി