Image

ജോവൻ മസ്ക് - 3 : സന റുബീന

Published on 02 March, 2026
ജോവൻ മസ്ക് - 3 : സന റുബീന

മദ്രസയിൽ പഠിക്കുന്ന കാലത്ത് പലപ്പോഴും ഞാൻ ഉപ്പയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കുറേ കാലം ദബയുടെ കൂടെ നിന്നുകഴിഞ്ഞാൽ ഉപ്പയുടെ ഒരു പ്രഖ്യാപനം ഉണ്ട്.
"ഇനി കുറച്ചു തന്തയുടെയും തള്ളയുടെയും കൂടെ നിൽക്കട്ടെ. കുറച്ചു അനുസരണ പഠിക്കട്ടെ "

ദബ  തിരിച്ചടിക്കും. 
"നീ മുഴുവൻ കാലവും നിന്റെ തന്തയുടെയും തള്ളയുടെയും കൂടെ നിന്നിട്ട് നിനക്ക് അനുസരണയുണ്ടോ?
ആദ്യം നീ പഠിക്ക്. എന്നിട്ടു ഈ എട്ടും പൊട്ടും തിരിയാത്ത കുട്ടിയെ അനുസരണ പഠിപ്പിക്കാം "

ഈ വാക്കുകൾ ഉപ്പയ്ക്ക് ഇഷ്ടമില്ല. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കും. തിരിച്ചു ദബയോട് ഒന്നും പറയില്ലെങ്കിലും എന്നെ ഉപ്പയുടെ വീട്ടിലേക്ക് കൊണ്ടുപോകും.

അവിടെ എത്തിയാൽ  കൊച്ചുകുട്ടികളായ റെജിയും റഹിയും ഉണ്ട്. പക്ഷെ   ഞങ്ങൾ ചിരപരിചിതരല്ല. വല്ലപ്പോഴും കണ്ടുമുട്ടുന്ന അപരിചിതർ!

"എന്റെ മോൾ ഇന്ന് വരും " എന്നു ഉമ്മ പറയുന്നത് കേട്ട് പരസ്പരം നോക്കുന്ന സഹോദരങ്ങളാണ് അവർ. 
"ഞാൻ മോളല്ലേ ഞാൻ മോനല്ലേ എന്നോ വരുന്ന ഏതോ കുട്ടിയോട് എന്തൊരു സ്നേഹം"  എന്നാണ്  നോട്ടത്തിന്റെ അർത്ഥം.

ഉമ്മയ്ക്ക് അന്ന്   ജോലിയുണ്ട്. അന്നത്തെ കൂലി  ശനിയാഴ്ച ദിവസങ്ങളിലാണ് കിട്ടുക. ഞാൻ   എത്തുന്നതും ശനിയാഴ്ച ആയിരിക്കും. ഉമ്മ വരുമ്പോൾ വീട്ടിലേക്കു കുട്ടികൾക്കുള്ള മിക്ച്ചർ  ബിസ്‌ക്കറ്റ് തേൻനിലാവ് മിഠായി അങ്ങനെ പലവക കാണും. റഹിക്ക്‌ കളിക്കാൻ പല നിറത്തിൽ ബലൂണുകളും കൊണ്ടുവരും.

"എനിക്കും ബലൂൺ വേണം" ഞാൻ വാശി പിടിക്കും.
അവനു മാത്രം  ബലൂണും  കളിപ്പാട്ടങ്ങളും കിട്ടുന്നത് എനിക്കത്ര രസിച്ചിരുന്നില്ല.

ഉപ്പ സജീവമായി രാഷ്ട്രീയത്തിൽ ഉള്ള കാലമാണ്. എപ്പോഴും പാർട്ടി പ്രവർത്തനങ്ങൾ.... 
സമരങ്ങൾ....
വീട്ടിലേക്ക് യാതൊരു ആവശ്യത്തിനും കിട്ടാത്ത തരത്തിൽ അപ്രാപ്യനായിരുന്നു ഉപ്പ!
ബോംബയിൽ പോയി ഇളനീർ കച്ചവടം നടത്തി കൊണ്ടുവരുന്ന പൈസ മുഴുവൻ നാട്ടിൽവന്നു രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ചെലവാക്കുന്ന അപൂർവ വ്യക്തിയായിരുന്നു ഉപ്പ. 
ഒരു രാഷ്ട്രീയക്കാരൻ ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ലായിരുന്നു എന്ന് ഉപ്പയുടെ ജീവിതം കാണുന്ന ഞങ്ങൾ മക്കൾക്ക് തോന്നിയെങ്കിൽ
അതിൽ അത്ഭുതപ്പെടാനൊന്നും ഇല്ലായിരുന്നു.

ഉപ്പയുടെ അടുത്തു നിൽക്കുമ്പോൾ രാവിലെ മദ്രസയിൽ വരണമെങ്കിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി ബസിൽ കയറണം. 30 -40 കിലോമീറ്റർ എങ്കിലും ഉണ്ട് ഉപ്പയുടെ വീട്ടിൽനിന്നും പാലുവായിലേക്ക്. ചാവക്കാടെത്തി ബസ്സ് മാറിക്കയറി രാവിലെ ആറര ഏഴുമണിക്കുള്ളിൽ മദ്രസയിൽ എത്തണം.

ബസിലെ കണ്ടക്റ്ററോട് ഉമ്മ പറഞ്ഞു. 
"മോളെ സ്റ്റാൻഡിൽ ഇറക്കി പാവറട്ടി ബസിൽ കേറ്റി വിടണം. അവളെ നോക്കണം കേട്ടോ "

ഉമ്മ സ്ഥിരമായി പോകുന്ന ബസ്സ് ആയിരുന്നു. കണ്ടക്ടറും കിളിയും ഡ്രൈവറും ചോദിച്ചു.

"എന്തിനാ താത്താ കിടന്നുറങ്ങുന്ന നേരത്തു ഇതിനെ വണ്ടീൽ കേറ്റി വിടുന്നെ... പാവം അതു ഉറങ്ങിപ്പോകുമല്ലോ"

"അവിടെയാണ് അവളുടെ മദ്രസ. ഇനി അടുത്ത കൊല്ലമേ ഇങ്ങോട്ടു ടി സി വാങ്ങാൻ പറ്റു "

അതുകേട്ടു ഞാൻ വിഷമിച്ചു. 
അയ്യോ.... ഇനി ദബയുടെ അടുത്തു നിൽക്കാൻ പറ്റുകയില്ലേ...

" കുട്ടിക്ക് ചായ വേണോ...?"
ബസ്സ്, സ്റ്റാൻഡിൽ നിർത്തിയിട്ടു ചായ കുടിക്കുമ്പോൾ കണ്ടക്ടറുടെ ചോദ്യം ഉണ്ട്.

ഞാൻ പതുങ്ങി തല വിലങ്ങനെ ആട്ടി തിരസ്കരിക്കും.

സ്കൂളിൽ  കൂട്ടുകാരോട് ഇതെല്ലാം പറയുമ്പോൾ അവർ ചിരിക്കും.

" നീ ആ കണ്ടക്ടറെയോ ഡ്രൈവറെയോ കല്യാണം കഴിച്ചോ  ട്ടാ... "

"എന്തിനാ...."

"നിനക്ക് ബസിൽ കാശു കൊടുക്കേണ്ട. കാശ് കൊടുക്കാതെ എല്ലായിടത്തും ചുറ്റാം.

"പക്ഷെ ഇത് ഒരേ വഴിക്കല്ലേ എന്നും ഓടുന്നത്?"
ഞാൻ നിഷ്കളങ്കമായി ചോദിച്ചു.

"അതിനെന്താ പലവഴിക്ക് ഓടുന്ന പല ബസിലെ ഡ്രൈവറെ കെട്ടിക്കോ... കുറേ ഡ്രൈവർമാരെയും കുറേ കണ്ടക്ടർമാരെയും..." കൂട്ടുകാർ ആർത്തു വിളിച്ചു ചിരിച്ചു മറിഞ്ഞു.

ഞാൻ രണ്ടു ദിവസം അവരോടൊന്നും മിണ്ടാതെ പിണങ്ങി നടന്നു.

പാലുവായിൽ തന്നെയാണ് സ്കൂളും. അത്രയും രാവിലെ സ്കൂൾ ബാഗും തൂക്കി വേണം ഇവിടെയെത്താൻ. 
അന്ന്  പാലുവായി മഠം സ്കൂളിൽ ആറാം ക്‌ളാസിലാണു.  

സമയമെല്ലാം കീഴ്മേൽ മറിഞ്ഞു.
മദ്രസ കഴിഞ്ഞാൽ സ്കൂളിലേക്ക് ഓടണം.  ബസ് ഇറങ്ങുബോൾ ദബ ബസ്റ്റോപ്പിൽ ഉണ്ടാകും. എന്റെ പുസ്തകസഞ്ചിയും  എടുത്തു എന്നെ മദ്രസയിൽ ആക്കി ആള് പോകും. മദ്റസ വിട്ടാൽ ഓടിപോയി ഞാൻ ചായയോ കാപ്പിയോ കഴിച്ചു സ്കൂളിൽ പോകും.

സ്കൂൾ വിട്ടാൽ തിരികെ ഉപ്പയുടെ വീട്ടിലേക്ക്. 
സ്കൂൾ കുട്ടികൾ തിങ്ങിനിറഞ്ഞ ബസ്സിൽ ഇടിച്ചു കയറി --മറ്റുള്ളവരുടെ ഇടി എനിക്കാണ് കിട്ടുക. തിരികെ ഇടിച്ചു നിൽക്കാൻ എനിക്ക് ശക്തിയില്ല--ചാവക്കാട് ഇറങ്ങണം. ഇറങ്ങുകയല്ല--പുറകിലെ തള്ളലും തിരക്കും കാരണം റോഡിലേക്ക് പറന്നാണ് ലാൻഡിംഗ്!
സ്കൂൾ ബാഗ് ആരേലും ഇട്ടുതരും പുറത്തേക്ക്. അതും പൊക്കിയെടുത്തു പുതുപൊന്നാനി ഭാഗത്തേക്കുള്ള ബസിലേക്ക്  ഓടണം. അതിനിടയിൽ മുടിയും റിബണും അഴിഞ്ഞു പോയിട്ടുണ്ടാകും. യൂണിഫോം
ഷർട്ടിന്റെ ബട്ടൺ പൊട്ടിയിട്ടുണ്ടാകും.

എങ്ങനെയും പുതുപൊന്നാനി ബസിൽ കേറിപ്പറ്റും. കമ്പിയിലോ സീറ്റിലോ പിടിക്കേണ്ട ആവശ്യമില്ല. ചുമ്മാ നിന്നാൽ മതി!കുട്ടികൾ എല്ലാവരും എയറിൽ ആണ്!

ബീഡിത്തൊഴിലാളികളുടെ തിരക്ക്, 
മീൻ വിലപ്പനയ്ക്ക് പോയിവരുന്ന മത്സ്യത്തൊഴിലാളികളുടെ തിരക്ക്, അധ്യാപകരുടെ, സ്കൂൾ കുട്ടികളുടെ, കോളേജ് കുട്ടികളുടെ എല്ലാം തിരക്ക്....

ദൈവമേ, എനിക്ക് കാലുകുത്താൻ ബസിൽ പറ്റുകയില്ല. ഇടയ്ക്ക് സീറ്റിൽ ഇരുന്ന ഒരു മത്സ്യവില്പനക്കാരി അവരുടെ മീൻകുട്ടയുടെ മുകളിലേക്കു എന്നെ കയറ്റിയിരുത്തി!
ഹാവൂ.. സമാധാനം!
ഞാൻ വീഴാതിരിക്കാൻ അവരുടെ ഒരു കൈ എന്റെ തോളിൽ ഉണ്ടായിരുന്നു.

ഉണക്കമത്സ്യത്തിന്റെയോ പച്ചമൽസ്യത്തിന്റെയോ അസഹ്യമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി എനിക്ക് ഓക്കാനം വന്നു.  ഞാൻ മൂക്കും കണ്ണും തലയും പൊത്തിപ്പിടിച്ചു അങ്ങനെയിരുന്നു!
കുറേ എത്തിയപ്പോൾ തിരക്ക് കുറഞ്ഞുവന്നു. ഞാൻ എന്നെ പൊതിഞ്ഞു പിടിച്ച വിരലിലേക്ക് നോക്കി.

ഞാൻ ആദ്യമായി കാണുകയായിരുന്നു അത്തരം വിരലുകൾ! മത്സ്യത്തിന്റെ ചെതുമ്പലുകൾ പറ്റിപ്പിടിച്ച  നഖങ്ങളിൽ  മിക്കതും തേഞ്ഞും അടർന്നും കറുത്തും പൊട്ടിപോയിട്ടുണ്ട്.  ഉള്ളം കൈയിലും വശങ്ങളിലും നിറയെ മുറിവുകളുടെ വടുക്കൾ  തീർത്ത വിരലുകൾ! പൊള്ളുന്ന ചൂടിൽ കടപ്പുറത്തു പോയി മത്സ്യം വാരുന്ന കൈകൾ! കുട്ടയിലൂടെ ഒഴുകുന്ന മീനിന്റെ രക്തവും വെള്ളവും കൈകൊണ്ട് തുടച്ചു രണ്ടു കൈകൾകൊണ്ടും കുട്ട ഏറ്റി തലയിൽ വെച്ചു കഴുത്തിലൂടെ ഒഴുകുന്ന മീൻവെള്ളം മാറിൽ ഇട്ട തോർത്തിൽ തുടച്ചു മാറ്റി വിശപ്പടക്കാൻ വേണ്ടി ജോലി ചെയ്യുന്ന ശരീരവും കൈകളും!

ഞാൻ നിസ്സഹായയായി അവരെ നോക്കിയിരുന്നു.

ഞാൻ ഉമ്മയെ ഓർത്തു.
നിരന്തരം ജോലി ചെയ്തു ഏതാണ്ട് പരുക്കൻ വിരലുകളാണ് ഉമ്മയുടേതും. ഇത്രയും അലങ്കോലമല്ല എന്നേയുള്ളൂ വ്യത്യാസം.

ഞാൻ ദബയുടെ വിരലുകൾ ഓർത്തു.
ദബയുടെ വിരലുകൾ കുറച്ചുകൂടെ മൃദുലമാണ്. ദബയ്ക്ക്  ഞങ്ങളുടെ പാലുവായി സ്കൂളിൽ കുട്ടികൾക്ക് കഞ്ഞിയും ചോറും തയ്യാറാക്കി കൊടുക്കുന്ന ജോലിയുണ്ട്. 
ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ തലയിൽ അവരുടെ കൈവിരലുകൾ പതുക്കെ പതുക്കെ ഒഴുകി നടക്കും. ആ താളത്തിലാണ് ഞാൻ എന്നും ഉറങ്ങുക. സ്നേഹം തൊട്ട വിരലുകളാണ്! എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിരലുകൾ!!

നിൻ വിരൽ പൂ തൊടുമ്പൊഴെന്നു ള്ളിൽ....

പക്ഷെ ഈ മത്സ്യവിൽപ്പനക്കാരിയുടെ വിരലുകൾ വ്യത്യസ്തമായിരുന്നു! നാം അനുഭവിക്കുന്ന ജീവിതമേയല്ല മറ്റുള്ളവരുടെ ജീവിതമെന്ന്  വിരലുകൾ കഥ പറയുന്ന നിമിഷങ്ങളായിരുന്നു അവ!  പരിചയമില്ലാത്ത ഏതു ജീവിതവും നമുക്ക് കെട്ടുകഥകൾ ആണല്ലോ!

പല സ്ത്രീകളുടെയും വിരലുകളിലേക്ക് പിന്നീട് ഞാൻ നോക്കാൻ തുടങ്ങി.
മങ്കട്ടയും മണ്ണും കല്ലും ചുമക്കുന്നവരുടെ വിരലുകളിൽ എപ്പോഴും ചാരനിറം പറ്റിയിരുന്നു.
ആ മണവും നിറവും മാറ്റിവെച്ചു എപ്പോഴാണ് ആ വിരലുകൾ സ്വയം ശ്വസിക്കുക...
സിമന്റ്‌ പണി ചെയ്യുന്ന സ്ത്രീകൾ, 
മില്ലുകളിൽ പണിയെടുക്കുന്നവർ,  ഓല മെടഞ്ഞു പുര മേയാൻ കൂട്ടി വെക്കുന്നവർ, കല്ല് വെട്ടുന്നവർ,  
കൊതുമ്പു ചീന്തി വെള്ളത്തിൽ ഇട്ടു കൂട്ടത്തിൽ വിരലുകളും കുതിരാൻ ഇടുന്നവർ...
അങ്ങനെ എണ്ണമറ്റ  വിരലുകൾ എന്റെ മുന്നിലൂടെ പാഞ്ഞു പോയി.

ഇവയിൽനിന്നും സ്നേഹം മാത്രം ഊറുന്ന വിരലുകൾ എങ്ങനെയാണ് കണ്ടുപിടിക്കുക...

അങ്ങനെയങ്ങനെ  ഓടികൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു കവിതാപുസ്തകം കൈയിൽ കിട്ടി.

കവിതയുടെ ആദ്യ വരികൾ ഇങ്ങനെയായിരുന്നു.

"വളരെ പണിപ്പെട്ടാ ണെന്റെ മേൽനിന്നും
ദേവൻ തളരും സുരക്തമാം കയ്യെടുത്തത് നൂനം...
ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പത്തെ കണ്ടില്ലെങ്കിൽ...
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ.... "

സ്വന്തം വിരലുകളാൽ സൂര്യകാന്തിയെ പ്രണയിച്ച സൂര്യന്റെ കവിത വായിച്ചു ഞാൻ അത്ഭുതപ്പെട്ടേപോയിരുന്നു!
എങ്ങനെയാണു ഇങ്ങനെ കവിതയെഴുതുക?

ദബയോട് പറഞ്ഞു ഒരു ഇൻലന്റ് വാങ്ങി അതീവരഹസ്യമായി ഞാൻ
മഹാകവി ജി ശങ്കരക്കുറുപ്പിന്  ഒരു കത്തെഴുതി.

മഹാകവി  ജി ഞാൻ ജനിക്കുംമുൻപേ മരിച്ചതൊന്നും എന്റെ കുഞ്ഞു തലയിൽ കേറിയിട്ടില്ല. അതൊക്കെ ആരന്വേഷിക്കുന്നു?

എന്തായാലും എന്നെ സന്തോഷത്തിൽ ആറാടിച്ചുകൊണ്ട് ഒരു ഇൻലണ്ട് എന്നെ തേടിയെത്തി.  ഒരുനാൾ സ്കൂളിലേക്ക് വന്നപ്പോൾ ദബ കത്തെടുത്തു നീട്ടി.

നല്ല പരിചയമുള്ള കൈയക്ഷരം!
ഇതാരപ്പാ...
ഞാൻ ഉദ്വേഗത്തോടെ കത്ത് പൊട്ടിച്ചു.

അതാ.... സ്വന്തം വിലാസമെഴുതിയ കത്ത് എന്നെത്തന്നെ തേടിയെത്തിയിരിക്കുന്നു!
കവിയുടെ വിലാസം മറുപുറത്തെഴുതി ഞാൻ എനിക്കുതന്നെ കത്തെഴുതി റെക്കോർഡ് ഭേദിച്ചിരിക്കുന്നു!  കാർട്ടൂണിലെ  ടോമിനെ കളിയാക്കി ജെറി ഓടുമ്പോലെ എന്റെ കൈയിൽ ഇരുന്ന ആ കത്ത് തലകുത്തിച്ചാടി പൊട്ടിച്ചിരിച്ചു.

എങ്കിലും
എഴുത്തെഴുതൽ തുടർന്നു കൊണ്ടിരുന്നു. കിട്ടേണ്ട ആളുടെ മേൽവിലാസം തെറ്റാതെ എഴുതേണ്ടിടത്തു എഴുതുവാൻ പഠിച്ചു വളർന്നത്  ഇത്തരം ഓരോ അബദ്ധങ്ങളിൽ നിന്നാണ്.

ചുവന്ന പോസ്റ്റ്‌ ബോക്സ് ഒരു ഹരമായി മാറി!
ഈ പെട്ടിയിൽ കത്തിട്ടാൽ എങ്ങനെയാണത്  അഡ്രെസിലെ ആൾക്ക് കിട്ടുന്നത്?
എഴുത്തുപെട്ടിയുടെ ചെറിയ വിടവിലൂടെ ഞാൻ ഉള്ളിലേക്ക് എത്തിനോക്കും. ഒരു ചെറിയ മനുഷ്യൻ ഉള്ളിൽ ഉണ്ടെന്നായിരുന്നു ഞാൻ വിശ്വസിച്ചത്.

മറ്റൊരു അത്ഭുതമായിരുന്നു റേഡിയോ.
"എവിടെനിന്നാണ് ശബ്ദം വരുന്നത്?" 
ഞാൻ റേഡിയോ തിരിച്ചും മറിച്ചും നോക്കി.
പാട്ടും നാടകവും ചിരിയും കരച്ചിലുമെല്ലാം കേൾക്കുന്നു.
അന്ന് ദബയുടെ കൈയിൽ ചെറിയൊരു  റേഡിയോ ഉണ്ടായിരുന്നു.
എന്നും പാടുന്ന ഒരു കുഞ്ഞുപെട്ടി!

തൊട്ടുനോക്കുമ്പോൾ ശബ്ദം പ്രവഹിക്കുന്നതിന്റെ കമ്പനം കേൾക്കാം.
ചെറിയ പെട്ടിക്കുള്ളിൽ കുഞ്ഞുമനുഷ്യർ പതുങ്ങിയിരിക്കുന്നെന്നും കാണണമെന്നും ഉറപ്പിച്ച്
ആകാംക്ഷ അടക്കവയ്യാതെ ഒരു ദിവസം റേഡിയോ ഞാൻ നെടുകെ പൊളിച്ചു!

ആരുമില്ല ഉള്ളിൽ! ശബ്ദവും നിലച്ചിരുന്നു!!
ഞാൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കി.
ഉള്ളിൽ സംസാരിച്ചിരുന്ന ആളുകൾ എവിടെ? റേഡിയോ പൊളിച്ചപ്പോൾ ഓടിപ്പോയോ...

അന്നാണ് ദബ എന്നെ തല്ലിയത്! ആദ്യമായി!പൊതിരെ!!

ഞാൻ വിങ്ങിക്കരഞ്ഞു. 
വേദനയേക്കാൾ റേഡിയോക്കുള്ളിലെ ആളുകൾ എവിടെ പോയെന്നായിരുന്നു കൂടുതൽ സങ്കടം.

അതുപോലാരുന്നു എഴുത്തുപെട്ടിയുടെ കാര്യവും.
ഇന്ന് കത്തെഴുതി പെട്ടിയിൽ ഇട്ടാൽ പിറ്റേന്നു  പെട്ടിയുടെ ചെറിയ വിടവിലൂടെ അകത്തേക്ക് നോക്കും.
എഴുത്ത് അവിടെ ഉണ്ടോ ഇല്ലയോ എന്ന് അവ്യക്തമായി കാണാം.
അവിടില്ലെന്നു കാണുമ്പോൾ വളരെ ഹാപ്പി ഹാപ്പി!!

ഈ മാജിക് എങ്ങനെയാണു?

"കത്തെല്ലാം എടുത്തോണ്ട് പോകുന്നത് ജിന്നുകളാണോ?"
ഞാൻ ഉമ്മയോട് ചോദിച്ചു.

ഉമ്മയാണ് റേഡിയോയുടെ രഹസ്യവും എഴുത്തിന്റെ സഞ്ചാരവും പറഞ്ഞു തന്നത്.  മുൻപത്തെ സന്ദേശങ്ങൾ കൊടുത്തയച്ചിരുന്ന പലവിധ കഥകൾ ഞാൻ വായിച്ചു.
ഹംസം, പ്രാവ്, ദൂതർ, മേഘം, കാറ്റ്, മയിൽ അങ്ങനെ എത്രയെത്ര സന്ദേശവാഹകർ!
മേഘവും മയിലുംപോലെ എന്റെ എഴുത്തുകൾ വഹിക്കുന്ന എഴുത്തുപെട്ടിയെയും പോസ്റ്റ്‌ ശിപായിയെയും ഞാൻ ഒരുപാട് സ്നേഹിച്ചു.  

കത്തുള്ള ദിവസം എന്റെ പേര് നീട്ടി വിളിച്ചുകൊണ്ടു ശിപായി പ്രത്യക്ഷപ്പെടും.  ദൂരെനിന്നേ സൈക്കിൾ ബെൽ കേൾക്കാം. കത്തുകൾ  ശിപായിക്ക് കൈമാറും. സ്റ്റാമ്പിനുള്ള പൈസയും കൊടുക്കും. അങ്ങനെ പാലുവായിലെ പോസ്റ്റോഫീസും ചുവന്ന പെട്ടിയും എന്റെ പേര് എപ്പോഴും ഉരുവിട്ടു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് സ്കൂളിൽ ഒപ്പന മത്സരം വരുന്നത്. ഒപ്പന കളിക്കാൻ കാച്ചിത്തുണിയും (ഒപ്പനയ്ക്ക് ഉടുക്കുന്ന പ്രത്യേകതരം തുണിയാണ്.  അന്നത്തെ സ്ത്രീകളും പുരുഷന്മാരും നേരിയ കസവോ കരയോ ഉള്ള ഒറ്റത്തുണിയാണ് സാധാരണയായി ഉടുക്കുക. അന്ന് പാന്റ്സും സാരിയും ആർഭാടമായിരുന്നു) പെങ്കുപ്പായവും തട്ടവും വേണം. അപ്പോഴാണ് ടീച്ചറുടെ വക  ചോദ്യം.

"ആരാ മണവാട്ടിയാവുക?"

ഉടനെ ഞാൻ കൈപൊക്കി. തിരിഞ്ഞു നോക്കിയപ്പോൾ അതാ ഒരുപറ്റം കൈകൾ...

"ഒരാളെയെ എടുക്കാൻ പറ്റൂ... കുറച്ചു മൊഞ്ചും മുഖവും ഉള്ളവർ മതി."
ഇതുകേട്ടതോടെ  പല കൈകളും താഴ്ന്നു.

"സന അവിടെയിരിക്ക്. നിനക്ക് തടിയുമില്ല. നിറവുമില്ല. ഇരിക്കവിടെ "

എന്റെ കണ്ണുകൾ പെടുന്നനെ നിറഞ്ഞു.

"ഓ... ഇതാ പൂങ്കണ്ണീർ ഒലിപ്പിക്കാൻ തുടങ്ങി. ഇനി നാളെ  നിന്റെ ദബയെയും വിളിച്ചിങ്ങോട്ട് ചോദിക്കാൻ വരേണ്ട. കേട്ടല്ലോ... "

നിസ്സാരകാര്യങ്ങൾക്ക്   ദബ എന്നേയും  വിളിച്ചു സ്കൂളിൽ പോകുന്നതും ചോദിക്കുന്നതും  സഹിക്കാത്ത ടീച്ചറാണ്.   എന്നാലോ ദബയെ നേരിൽ കാണുമ്പോൾ തേൻ ഒലിപ്പിച്ചു സംസാരിക്കുന്നതും കാണാം.

ഞാൻ വീണ്ടും കരഞ്ഞു.

എന്റെ അടുത്തിരുന്ന കാർത്തിക പറഞ്ഞു.
" ടീ... നീ എന്തിനാ പുതുപ്പെണ്ണാവുന്നത്? അതേയ്....ഒപ്പനയ്ക്ക് മണവാട്ടി ആയാൽ നമ്മുടെ കല്യാണം നടക്കില്ലെടീ... അതോണ്ട് നീ  ആവേണ്ട... "

"ആണോ... കല്യാണം നടക്കില്ലേ...?"

"ഇല്ലെടീ...."

സത്യമാണോ എന്നൊന്നും  ഓർക്കാൻ പോയില്ല.  മണവാട്ടിവേഷം വേണ്ടെന്നുവെച്ചു ഞാൻ പിന്മാറി.
പക്ഷെ രാത്രി മുഴുവൻ ഞാൻ ആലോചിച്ചു.
എങ്ങനെയാണ്  നിറം വെക്കുക?

എന്നെ ദബയും വീട്ടുകാരും  കളിയാക്കി വെളൂരി മീൻ എന്ന് വിളിക്കാറുണ്ട്. വെളൂരിമീൻ വെളുത്തിട്ടാണല്ലോ...
നന്നേ വെളുത്തു മെലിഞ്ഞ മൽസ്യമാണ് ഈ മീൻ. അതായതു നമ്മുടെ നത്തോലി.

ഞാൻ ദബയോട് ചോദിച്ചു.
"എനിക്ക് വെളുക്കണം. തടി വേണം. സാരി ഉടുക്കണം "

"എന്തിനാ...സാരി...?"

"സാരി ഉടുക്കുവാൻ തടി വേണ്ടേ... എന്നാലേ പുതുപ്പെണ്ണാവാൻ പറ്റൂ... "

ദബ അതിനു മറുപടി പറഞ്ഞോന്നു അറിയില്ല.

എന്തായാലും വേറെയൊരു കുട്ടി മണവാട്ടി വേഷം ചെയ്തു. ജീവിതത്തിലും അവൾ വേഗം മണവാട്ടിയായി.

നമ്മുടെ അധ്യാപകർക്ക് കുട്ടികളെ പരിഹസിക്കുന്നതിനോ അടിക്കുന്നതിനോ അന്ന് ഒരു കണക്കും ഉണ്ടായിരുന്നില്ല.

അന്ന് ആറിലും ഏഴിലും ഒരുമിച്ചുണ്ടായിരുന്നവർ ഒന്നിച്ചാണ് വട്ടത്തിലിരുന്ന് ഉച്ചയ്ക്ക് ആഹാരം കഴിക്കുക. കാർത്തിക കൊണ്ടുവരുന്ന കറിക്ക് ഒരു പ്രത്യേക മണമുണ്ട്. അത്തരം മണമുള്ള കറി വേറെ ആർക്കും ഇല്ല. അവളുടെ അച്ഛനു ജോലി പുറത്തെവിടെയോ ആണ്.
അച്ഛൻ വരുമ്പോൾ കൊണ്ടുവരുന്ന പ്രത്യേക മസാലക്കൂട്ടുകൾ ആണത്രെ  കറിയിൽ ഇടുന്നത്.

അന്നത്തെ ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ  വളരെ സുഖം. മയക്കം വരുന്നു. ഉച്ചയ്ക്കുശേഷം ഹിന്ദി ക്‌ളാസാണ്. ഹിന്ദി എനിക്കിഷ്ടമുള്ള  വിഷയമാണ്. പക്ഷെ ഉറക്കം തൂങ്ങി ഞാൻ ഡെസ്കിൽ വീണു.

ഉടനെ ഡെസ്ക്കിൽ അടി വീണു.
ഞാൻ ഞെട്ടിപ്പോയി.

"ഇങ്ങോട്ട് കൈ നീട്ട്. ഉറങ്ങാനാണോ ക്‌ളാസിൽ വരുന്നത്."

ഞാൻ മടിച്ചു. കൈ നീട്ടിയില്ല.

ഉടനെ കാർത്തിക പറഞ്ഞു.
"ടീച്ചർ, ഉച്ചയ്ക്കുള്ള ക്ലാസല്ലെ. ഉറക്കം വരും. ഊണ് കഴിച്ചാൽ ടീച്ചർക്കും ഉറക്കം വരില്ലേ? ക്ലാസ്സ്‌ ഇല്ലാത്തപ്പോൾ സ്റ്റാഫ് റൂമിൽ ടീച്ചർ ഉറങ്ങുന്നുണ്ടല്ലോ... "

ആ ചോദ്യം ടീച്ചർ പ്രതീക്ഷിച്ചില്ല.

കാർത്തിക വളരെ ധൈര്യമുള്ള കുട്ടിയാണ്.  അവൾ മറയില്ലാതെ സംസാരിക്കും. 
ശോശാമ്മ എന്നൊരു ടീച്ചർ ഉണ്ടായിരുന്നു.
അവരെ കാണുമ്പോൾ ഇവൾ അവർ കേൾക്കാതെ പാടും

"പ്രേമ കത്തുകൾ എഴുതീ... എഴുതീ... കൈയ്യു കഴച്ചൊരു ശോശാമേ....
കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേ...."

ഞാൻ  അമ്പേ പേടിത്തൂറിയാണെന്ന് നന്നായി അവൾക്കറിയാം. എന്നാലും അവൾ പാടും. ഇവൾ പാട്ട് പാടിത്തുടങ്ങിയാൽ ഞാൻ വെച്ചു പിടിച്ചു ഓടിക്കളയും.

എങ്കിലും സ്കൂൾ വിട്ടു നടന്നു പോകുമ്പോൾ പറങ്കിമാവിന്റെ മണ്ടയിൽ വലിഞ്ഞു കയറി കശുമാങ്ങ പറിച്ചു ഞങ്ങൾ തിന്നും. മരം കേറാൻ മടിച്ച എന്നെ മരം കേറാൻ പഠിപ്പിച്ചത് കാർത്തികയാണ്. മാവിലെ മാങ്ങ എറിഞ്ഞു വീഴ്ത്താനും ഉടമസ്ഥർ കണ്ടാൽ ഓടാനും പഠിപ്പിച്ചതും അവളാണ്.
സത്യത്തിൽ അവളായിരുന്നു എന്റെ ഹീറോ ❣️

ഇതൊക്കെ ഞങ്ങൾ രഹസ്യമായി ചെയ്താലും ചില അലമ്പൻ കുട്ടികൾ --അവർ എല്ലാ ക്‌ളാസിലും ഉണ്ടാവുമല്ലോ--ഞങ്ങളെ ഒറ്റിക്കൊടുക്കും.

അവളാണ് ടീച്ചറോടു ഈ ചോദ്യം ചോദിച്ചത്.
"എന്നാൽ നീ കൈ നീട്ട്. കൂട്ടുകാരിയോട് വളരെ സ്നേഹമാണല്ലോ..."

കാർത്തിക ഉടനെ കൈ നീട്ടി.
ശക്തിയായി വീശിയ ചൂരൽ കാർത്തികയുടെ കൈവെള്ളയിൽ നീളത്തിൽ പതിഞ്ഞു.
അവൾ കൈ വലിക്കാതെ നിന്നു.
ടീച്ചർ വാശിയോടെ മൂന്നോ നാലോ വട്ടം ചൂരൽ വായുവിൽ ചുഴറ്റി വീശിയടിച്ചു.

ക്ലാസ്  നിശ്ശബ്ദമായി. 
ഞാൻ തരിച്ചുനിന്നു!  എനിക്കു വേണ്ടി ഒരാൾ സംസാരിക്കുന്നു! 
എനിക്കു വേണ്ടി ഒരാൾ അടി വാങ്ങുന്നു!

(തുടരും .. )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക