
ഈ മൺവീടുവച്ചിട്ടൊരുപാടു-
നാളായ് വർഷം ശരിക്കോർമ്മയില്ല;
അതിനുശേഷം കേടുപൊക്കാനൊന്നു-
മൊത്തില്ലീമൺക്കൂര വീഴാറായി.
കുമ്മായമടർന്നും ഭിത്തി ഞൊറിഞ്ഞും
മേൽക്കൂര മേയാതെ മഴനനഞ്ഞും
ഏന്തി നടക്കും വയസ്സനെപ്പോൽ
കാറ്റത്തനങ്ങുന്നുണ്ടീ കുടിലും.
ഇപ്പോഴുമിതിനുള്ളിൽ ജീവനുണ്ടു
വെളിച്ചം തുടിക്കുന്ന ചിന്തയുണ്ടു
കാണുന്നലോകം പുച്ഛിക്കു; മെന്നാൽ
ഉൾപ്പൊരുളാർക്കുമറിയില്ലല്ലോ.
പണ്ടൊരു കാലമീ മൺകൂരയും
യൗവ്വന പ്രഭയിൽ ശോഭിച്ചിരുന്നു;
ചായം പൂശിയും ചുറ്റും ചെടിയാൽ
പൂക്കൾ വിടർത്തിയും നിന്നിരുന്നു.
പൂമുഖവാതിലിൽ പുഞ്ചിരിയും
നാവിൽ മധുര സംഗീതവുമായ്
അന്നെല്ലാമീകുടിലും നാടിൻറെ
കുതിപ്പിൽ താങ്ങായി നിന്നിരുന്നു.
അന്നീ ഭവനത്തിലൊത്തിരിപ്പേർ
സല്ലപിക്കാനൊത്തുകൂടി വന്നു;
കഥയും കവിതയും രാഷ്ട്രീയവും
ഈ ചുവരുനുള്ളിലലയടിച്ചു
കാലം കടന്നുപോയ് വാഴ്വിൻ കനലിൽ
വീടിൻ പണിക്കുറ്റം ബാക്കി നിന്നു;
ചങ്ങാതിമാരെല്ലാം കൂടുമാറി
ഞാനീ പുരയിലിന്നേകനായി.
ആശിച്ച സ്വപ്നങ്ങൾ പൂവണിയാൻ
സാധിക്കാതിന്നു ഞാൻ കാത്തിരിപ്പൂ
ചുവരു മിനുക്കിയുമോട്ടയടച്ചും
പുതുബാല്യം വൃഥാവിലാശിപ്പൂ ഞാൻ.
എന്നാലിന്നുണ്ടൊരിമ്പം മനസ്സിൽ
ഇഷ്ടംപോലിതിനുള്ളിൽ ജീവിക്കുവാൻ
ഈ വീടെനിക്കൊരു സങ്കേതമായി
ഇത്രയും കാലമിതെന്നെ നടത്തി.
ഒരുനാളീ കുടിലു പൊളിഞ്ഞുവീഴും
അന്നു ഞാൻ മറ്റൊരഭയം തേടും;
ഉണ്ടെനിക്കായൊരു ഭാവനമെങ്ങോ
ജീർണ്ണിച്ച വീടിതു മടുത്തുവല്ലോ. .
(മലയാളം സൊസൈറ്റിയുടെ 2026 ഫെബ്രുവരി മാസ
സൂം മീറ്റിംഗിൽ പ്രൊഫ. ഫിലിപ്പ് കല്ലട അവതരിപ്പിച്ച
മൂന്നു കവിതകളിൽ ഒന്ന്.)