Image

കുരങ്ങും പൂമാലയും (തൊടുപുഴ കെ ശങ്കർ, മുംബൈ)

Published on 01 March, 2026
കുരങ്ങും പൂമാലയും  (തൊടുപുഴ കെ ശങ്കർ, മുംബൈ)

കഴുത്തിൽ ചാർത്തുമെന്ന പ്രത്യാശയോടെയൊരു 
കുരങ്ങിൻ കയ്യിലൊരു പൂമാല കൊടുത്തൂ ഞാൻ!
തികഞ്ഞ ജിജ്ഞാസയോടുടനെ യതാ ഹാരം
തിരിച്ചു മറിച്ചാകെ വീക്ഷിച്ചൂ പലവട്ടം!

തിന്നുവാനെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ 
ഒന്നൊന്നായോരോ പൂവായ് കടിച്ചു നോക്കീ മെല്ലെ!
ഒന്നുമില്ലതിലെന്ന വാസ്തവമറിഞ്ഞപ്പോൾ 
വന്നതിനരിശവും, കടുത്ത വൈരാഗ്യവും!

ഉടനെ മടിക്കാതാ പൂമാല കൂച്ചിക്കൂട്ടി 
ഊക്കോടെ യെറിഞ്ഞെന്റെ നേർക്കതു പകയോടെ!
ഉൾപ്പൊരുളറിയുവാനാവാത്ത മൂഢന്മാർക്കു 
ഉള്ളതു നശിപ്പിപ്പാൻ  മാത്രമേയറിയുള്ളൂ!

കേമമായിരുന്നോരാ പൂമാല നിമിഷത്തിൽ 
കേവലമൊരു വാഴനാരാക്കി മാറ്റീയവൻ! 
സ്വപ്നത്തിൽ പോലും നിനച്ചില്ല ഞാൻ അവനതി-
സുന്ദരമാമാ മാല നൂലാക്കി മാറ്റും  ക്ഷിപ്രം!

അജ്ഞതയ്ക്കളവില്ലാ തുഴലുന്നവർ സ്വയം 
അഹഭംഭാവിപ്പൂ  തങ്ങൾ അറിവാളികളായി!
അവർക്കു സദ്ബുദ്ധിയും വേദവും ചൊല്ലിക്കൊടു-
ത്തവരെ ഉദ്ധരിപ്പാൻ ഉദ്യമിപ്പതു മൗഢ്യം!
                                             

Join WhatsApp News
Jayan varghese 2026-03-03 16:35:49
എഴുതിയ വരികൾക്കിടയിൽ എഴുതാത്ത വരികൾ ഒളിപ്പിച്ചു വച്ചിട്ടുള്ള ഈ കവിത ദാർശനികതയുടെ ആഴങ്ങളിൽ നിന്ന് മുത്തും പവിഴവും വാരിയെടുക്കുന്നു. കവിക്ക് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
Thodupuzha K Shankar Mumbai 2026-03-05 08:50:17
ശ്രീമാൻ ജയൻ സർ, ഹൃദയം തുറന്നെഴുതിയ ആസ്വാദനത്തിനു ഹൃദയം നിറഞ്ഞ നന്ദി! ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ പറ്റിയ പ്രചോദനാത്മകമായ ആസ്വാദനം! സ്നേഹപൂർവ്വം, തൊടുപുഴ കെ ശങ്കർ മുംബൈ thdupuzhakshankar@gmail.com
Girish Nair 2026-03-10 17:53:11
മനോഹരവും ചിന്തോദ്ദീപകവുമായ വരികൾ! ഗുണപാഠം നിറഞ്ഞ ഒരു കൊച്ചു കഥ പോലെ ലളിതമായി താങ്കൾ ഈ കവിത അവതരിപ്പിച്ചിരിക്കുന്നു. ​അർഹതയില്ലാത്തവരുടെ കൈകളിൽ വിലപ്പെട്ടത് എത്തിപ്പെട്ടാലുള്ള അവസ്ഥയെ താങ്കൾ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.
Vayanakaaran 2026-03-11 00:35:08
ഗിരീഷ് നായർ താങ്കൾ എഴുതിയപോലെ അർഹതയില്ലാത്തവരുടെ കയ്യിൽ വിലപ്പെട്ടത് എത്തിയാലുള്ള അവസ്ഥ വ്യത്യസ്തമായിരിക്കും. ശരി. പക്ഷെ ഇവിടെ ശങ്കർ ജി കുരങ്ങന് പഴമോ, അതേപോലെ തീറ്റസാധനങ്ങളോ കൊടുത്തിരുന്നെങ്കിൽ കുരങ്ങൻ തിന്നു ശങ്കർ ജി യെ നോക്കി പല്ലിളിച്ച് വാലും പൊക്കി ഓടിയേനെ. കുരങ്ങന് ആവശ്യമുള്ളത് കൊടുക്കുക. എഴുത്തുകാരുടെ ലോകത്ത് ഇതേപോലെ തന്നെ അർഹതിയില്ലാത്തവർ എന്ത് കൊടുത്തിട്ടായാലും പുസ്തകം എഴുതിക്കുന്നു അവാർഡ് വാങ്ങിക്കുന്നു. നമുക്കത് കാണുമ്പോൾ കുരങ്ങൻ മാലയിട്ടു നിൽക്കുന്നപോലെ തോന്നും. ശങ്കർ ജി ചുറ്റിലും കാണുന്ന സംഭവങ്ങളെ പരിഹസിച്ചതാകാം. ഗിരീഷ് നായർ താങ്കൾ പതിവുപോലെ commendable comment ചെയ്തു.
Girish Nair 2026-03-11 16:22:33
കുരങ്ങന് പഴം കൊടുത്താൽ തീരുന്ന പ്രശ്നമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ കൊടുത്തത് പൂമാല. അവിടെയാണ് കളി തുടങ്ങിയത്. ​Mr. Vayanakaaran പറഞ്ഞത് എത്ര ശരിയാണ്! നമ്മുടെ സാഹിത്യലോകത്തും ഇതിന് സമാനമായ കാഴ്ചകൾ ധാരാളമുണ്ട്. ​ചിലർക്ക് അവാർഡ് കിട്ടുന്നത് കാണുമ്പോൾ, കഴുത്തിൽ മാല വീണ ആ കുരങ്ങൻ്റെ അതേ ഭാവമാണ്. ഇതെന്താ സാധനം? എന്ന് കുരങ്ങനും, ഇയാൾക്കെന്തിനാ ഇത് കൊടുത്തത്?' എന്ന് വായനക്കാരും ഒരുപോലെ അന്തംവിട്ടു നിൽക്കും! ​കുരങ്ങൻ ആ മാല കടിച്ചു നോക്കും, വലിച്ചു പൊട്ടിക്കും, ഒടുവിൽ ദേഷ്യം വന്നാൽ ദൂരെക്കളയും. അർഹതയില്ലാത്തവന് എഴുത്തും അവാർഡും കിട്ടിയാലും ഇതുതന്നെ അവസ്ഥ. കുരങ്ങൻ പല്ലിളിക്കുന്നത് സന്തോഷം കൊണ്ടാണോ അതോ നമ്മളെ കളിയാക്കാനാണോ എന്ന് ആർക്കറിയാം? അതുപോലെയാണ് പണം കൊടുത്തു പുസ്തകം ഇറക്കുന്നവരും. പാവം വായനക്കാരൻ വായനശാലയുടെ മൂലയിൽ ഇരുന്നു തല ചൊറിയുന്നുണ്ടാകും. കുരങ്ങന് വേണ്ടത് കൊടുത്താൽ അവൻ തിന്നും, വേണ്ടാത്തത് കൊടുത്താൽ അവൻ നമ്മളെ തീറ്റിക്കും. എന്ന ഒരു വലിയ സത്യമാണ്. ശങ്കർ ജി കവിതയിൽ വിവരിച്ച ആ കുരങ്ങൻ ഇന്നും പല രൂപത്തിൽ നമുക്കിടയിൽ വിലസുന്നുണ്ടെന്ന് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക