
അദ്ധ്യായം-10
ഡി.എന്‍.എ. ടെസ്റ്റിന്റെ ഫലം ഫിലിപ്പിന്റെ വിലാസത്തിലാണ് എത്തിയത്. ഫിലിപ്പും ഷേര്‍ളിയും കൂടി ഒരുമിച്ചാണ് അതു പൊട്ടിച്ചു വായിച്ചത്.
കണ്ണന്റെ പിതാവ് ഫിലിപ്പുതന്നെ എന്ന് സംശയലേശമന്യേ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു!
ഫിലിപ്പ് നടുങ്ങിപ്പോയി.
ഷേര്‍ളി പൊട്ടിത്തെറിച്ചു. അവള്‍ അപ്പോള്‍തന്നെ പിണങ്ങി തന്റെ മാതാപിതാക്കളുടെ പക്കലേയ്ക്കുപോയി. തന്റെ ഭര്‍ത്താവും കൂട്ടുകാരിയും കൂടി ഇത്രയും കാലം തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അവള്‍ക്കു പൂര്‍ണ്ണ ബോദ്ധ്യമായി.
ഫിലിപ്പിന് നടുക്കത്തേക്കാളേറെ അമ്പരപ്പായിരുന്നു.
ഇതെങ്ങനെ സംഭവിച്ചു?
താന്‍ പോലും അറിയാതെ തനിക്കു ഒരു കുഞ്ഞു പിറന്നുവെന്നോ! ഇല്ല, അത് അസംഭവ്യമാണ്.
പക്ഷെ വൈദ്യശാസ്ത്രം സംശയംകൂടാതെ ചൂണ്ടിക്കാട്ടുന്നത് അതു തന്നെയാണ്!
അയാള്‍ അന്നുതന്നെ ഉഷയുടെ പക്കലേയ്ക്കു തിരിച്ചു: അവളെക്കൊണ്ടു സത്യം പറയിക്കണം. കണ്ണന്റെ അച്ഛനാരെന്ന് അവള്‍ക്ക് അറിയാതിരിക്കില്ല, അവളുടെ ഒളിച്ചുകളി നിര്‍ത്തി സത്യം പറയിക്കണം. അല്ലാത്ത പക്ഷം തകരുന്നത് തന്റെ കുടുംബജീവിതമാണ്.
ഫിലിപ്പ് മെഡിക്കല്‍ റിസല്‍റ്റ് ഉഷയുടെ മുഖത്തെയ്ക്കു വലിച്ചെറിഞ്ഞു കൊടുത്തു. അവള്‍ അമ്പരപ്പോടെ അതെടുത്തു വായിച്ചു.
'ഫിലിപ്പ്, ഇതെങ്ങനെ ശരിയാവും?' അവള്‍ അത്ഭുതത്തോടെ തിരക്കി.
'അതു തന്നെയാണു ഞാനും ചോദിക്കുന്നത്. നാമിരുവരും മനസ്സറിയാതെ എന്റെ കുഞ്ഞു നിനക്കു പിറക്കുമോ? ഈ ഒരു പ്രശ്‌നത്തിന്റെ പേരില്‍ എന്റെ കുടുംബ ജീവിതം തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് ഇനിയെങ്കിലും ഉഷ കളി നിര്‍ത്തി സത്യം തുറന്നു പറയണം. കണ്ണന്റെ പിതാവാരാണ്?' അവന്‍ രോഷത്തോടെയാണ് അതു ചോദിച്ചത്.
ഉഷ മറുപടിയൊന്നും പറഞ്ഞില്ല. ഈ ചോദ്യത്തിനു ഫിലിപ്പിനോടു തന്നെ പലവട്ടം മറുപടി പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. ഇനിയും വെറുതെ അതാവര്‍ത്തിക്കുന്നതെന്തിന്? താന്‍ സത്യം പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
'ഉഷയെ വിഷമിപ്പിക്കാന്‍ ചോദിച്ചതല്ല. എങ്കിലും സത്യമറിയേണ്ടത് ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നു. അതുകൊണ്ട് ഇനിയെങ്കിലും നടന്നതെന്താണെന്നു തുറന്നു പറയൂ.'
'ഞാന്‍ സത്യം സത്യമായി പറയുന്നു- ഞാന്‍ ഇന്നേവരെ ഒരു പുരുഷനുമായും ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന്!' അവള്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
ഫിലിപ്പ് അവളുടെ കണ്ണുകളിലേയ്ക്കു തന്നെ കുറെ നേരം ഉറ്റുനോക്കി. പിന്നെ ആവര്‍ത്തിച്ചു ചോദിച്ചു.
'ഈ പറയുന്നതു സത്യമാണോ?'
'സത്യം സത്യം ഇതു മാത്രമാണു സത്യം.'
പിന്നെ അവനൊന്നും ചോദിക്കാനില്ലായിരുന്നു. പറയാനും.
നേരെ ഡോക്ടറുടെ സമീപത്തേക്കാണു പോയത്. പിതൃത്വപ്രശ്‌നത്തില്‍ നേരത്തെ സമീപിച്ചിരുന്ന ഡോക്ടറുടെ പക്കലേക്ക്.
'കണ്ണന്റെ പിതാവ് ഞാനാണെന്ന് ഈ റിസള്‍ട്ടു പറയുന്നു പക്ഷെ അതെങ്ങനെ ശരിയാകും ഡോക്ടര്‍? ഞങ്ങള്‍ ഇരുവരും മനസ്സറിയാതെ -' ഫിലിപ്പ് ഡോക്ടറോടു തിരക്കി.
ഡോക്ടര്‍ ജയരാജന്‍ അവന്‍ പറഞ്ഞതെല്ലാം കൗതുകപൂര്‍വ്വം കേട്ടിരുന്നു. ഉഷയുടെ കഥ ഡോക്ടറെ അത്ഭുതപ്പെടുത്തി ഒപ്പം മനസ്സറിയാതെ അവളുടെ കുഞ്ഞിന്റെ അച്ഛനായ ഫിലിപ്പിന്റെ കഥയും.
ഒടുവില്‍ അദ്ദേഹം പറഞ്ഞു.
'ഞാനൊരാളെ താങ്കള്‍ക്കു പരിചയപ്പെടുത്താം - ഡോ. മോഹന്‍ ജോര്‍ജ്. ഇവിടുത്തെ പ്രമുഖ സൈക്യാട്രിസ്റ്റാണ്. ഈ കേസ് അദ്ദേഹമാണ് ഇനി കൈകാര്യം ചെയ്യേണ്ടത്.'
ഡോക്ടര്‍ അപ്പോള്‍ തന്നെ മോഹന്‍ ജോര്‍ജുമായി ടെലിഫോണിലൂടെ ബന്ധപ്പെട്ടു. പിന്നീട് ഫിലിപ്പിനെ അദ്ദേഹത്തിന്റെ പക്കലേയ്ക്ക് അയച്ചു.
മനഃശാസ്ത്ര വിദഗ്ദ്ധനായ ഡോ. മോഹന്‍ ജോര്‍ജിന്റെ മുന്നിലെത്തുന്ന അസാധാരണമായ ഒരു കേസുതന്നെയായിരുന്നു അത്. ഫിലിപ്പിനു പറയാനുണ്ടായിരുന്നതെല്ലാം അദ്ദേഹം കൗതുകപൂര്‍വം തന്നെ കേട്ടു.
പിന്നെ ഉഷയെ വരുത്തി. കണ്ണന്റെ അത്ഭുതപ്പിറവിയെക്കുറിച്ച് അവളും വിശദമായി തന്നെ അദ്ദേഹത്തോടു പറഞ്ഞു.
ഒടുവില്‍ ഡോ. മോഹന്‍ ജോര്‍ജ് പറഞ്ഞു.
'ഇനി നിങ്ങള്‍ നാലുപേരും കൂടി അതായത് ഫിലിപ്പും ഷേര്‍ളിയും അരവിന്ദും ഉഷയും കൂടി എന്നെ വന്നുകാണണം. അന്ന് ഈ നൂലാമാലക്ക് ഒരന്ത്യം കുറിക്കാമെന്നാണ് എന്റെ പ്രതീക്ഷ.'
നാലുപേരെയും ഒരുമിച്ചു കൊണ്ടുവരാമെന്ന് ഫിലിപ്പ് ഏറ്റു. എല്ലാം കലങ്ങിത്തെളിയുമെന്ന തേന്നല്‍ അവന്റെ മനസ്സിലുണ്ടായി.
പിറ്റേന്നു തന്നെ ഷേര്‍ളിയെ പോയി കണ്ടു. ഒരു പരീക്ഷണത്തിനു കൂടി വഴങ്ങുവാന്‍ അവള്‍ സന്നദ്ധയായിരുന്നു. മനഃശാസ്ത്രജ്ഞനെ കാണാന്‍ വരാമെന്ന് അവള്‍ സമ്മതിച്ചു.
പിന്നെ അരവിന്ദിനെ തേടിപ്പിടിച്ചു. പക്ഷെ അവന്‍ വരാന്‍ വിസമ്മതിച്ചു. എങ്കിലും ഫിലിപ്പിന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു ഒടുവില്‍ വഴങ്ങി.
ഒരു തിങ്കളാഴ്ച സായാഹ്നത്തില്‍ അവരെല്ലാവരും ഡോ. മോഹന്‍ ജോര്‍ജിന്റെ ക്ലിനിക്കില്‍ ഒത്തുകൂടി.
ഫിലിപ്പും ഉഷയുമായി നേരത്തെ സംസാരിച്ചിരുന്നതാണ്. അതിനാല്‍ അരവിന്ദിനായിരുന്നു അടുത്ത ഊഴം. അവനുമായി കൂടുതലൊന്നും അദ്ദേഹത്തിനു സംസാരിക്കേണ്ടിയിരുന്നില്ല.
ഒടുവില്‍ ഷേര്‍ളി ഡോക്ടറുടെ മുന്നില്‍ ആസനസ്ഥയായി.
'സത്യം പറയണം. വിവാഹത്തിനുമുമ്പ് എപ്പോഴെങ്കിലും ഫിലിപ്പുമായി നിങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടോ?' ഡോക്ടര്‍ അവളുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് തിരക്കി.
'ഉവ്വ്, ഒരിക്കല്‍ - ഒരിക്കല്‍ മാത്രം.' ഷേര്‍ളി എല്ലാം അദ്ദേഹത്തോടു തുറന്നു പറഞ്ഞു.
'അന്നു രാത്രിയില്‍ ഷേര്‍ളിയും ഉഷയും ഹോസ്റ്റല്‍ റൂമിലെ ഒരേ കിടക്കയിലാണ് ശയിച്ചത്. സത്യമല്ലേ?'
'ഉവ്വ്' അവളുടെ മുഖം കുനിഞ്ഞു.
'കൂട്ടുകാരിയെ നീ ഫിലിപ്പായി സങ്കല്പിച്ചു?'
ഷേര്‍ളി അപ്പോഴും തലയാട്ടി.
പിന്നെയും ഡോക്ടര്‍ പലതും തിരക്കി. മിക്കപ്പോഴും അവള്‍ കുനിഞ്ഞ ശിരസ്സോടെ അനുകൂലഭാവത്തില്‍ തലയാട്ടിക്കൊണ്ടിരുന്നു.
ഒടുവില്‍ ഡോക്ടര്‍ മോഹന്‍ ജോര്‍ജിന്റെ മുഖത്ത് ഒരു വിജയസ്മിതം പടര്‍ന്നു.
ഷേര്‍ളി ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തേയ്ക്കു പോയി. ഉഷ അകത്തേയ്ക്കു വിളിക്കപ്പെട്ടു.
ഷേര്‍ളിയോടു ചോദിച്ച പല ചോദ്യങ്ങളും അദ്ദേഹം ഉഷയോടും തിരക്കി സംശയനിവാരണം വരുത്തി.
ഒടുവില്‍ അവര്‍ നാലുപേരും ഡോക്ടറുടെ റൂമിനു പുറത്തു ആകാംഷയോടെ കാത്തിരിപ്പായി. അല്പനേരത്തിനുള്ളില്‍ മുഖം നിറയെ പുഞ്ചിരിയുമായി ഡോക്ടര്‍ മോഹന്‍ ജോര്‍ജ് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം സംസാരിച്ചു തുടങ്ങി.
'ലോകത്തില്‍ അത്യപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള ഒരു പ്രതിഭാസം. പുരുഷസംസര്‍ഗം കൂടാതെയും ഒരു സ്ത്രീക്ക് ഗര്‍ഭവതിയാകാം. എങ്ങനെ?'
ഡോക്ടര്‍ മോഹന്‍ ജോര്‍ജിന്റെ വാക്കുകള്‍ തുടര്‍ന്നു കേള്‍ക്കുവാന്‍ എല്ലാവരും ആകാംഷയോടെ കാതോര്‍ത്തു. അദ്ദേഹം കണ്ണന്റെ അത്ഭുതപ്പിറവിയുടെ കഥ അവരോടു വിവരിച്ചു. അതിന്റെ ചുരുക്കം ഇതായിരുന്നു:
ഷേര്‍ളിയും ഫിലിപ്പും ഒരുനാള്‍ ശാരീരികമായി ബന്ധപ്പെട്ടു. അന്നുതന്നെ രാത്രിയില്‍ ഷേര്‍ളിയും ഉഷയും ലേഡീസ് ഹോസ്റ്റലിലെ ഒരേ കിടക്കയില്‍ ശയിച്ചു. രക്തത്തിളപ്പുള്ള പെണ്‍കുട്ടികള്‍ കാട്ടിക്കൂട്ടുന്ന പല വിക്രിയകളും അവര്‍ ചെയ്തു. അതിനിടയില്‍ ഫിലിപ്പ് ഷേര്‍ളിക്ക് നല്‍കിയ ബീജങ്ങളില്‍ ചിലത് ഉഷയുടെ ഗര്‍ഭപാത്രത്തിലും കടന്നുകൂടി. ഫലം പുരുഷസംസര്‍ഗം കൂടാതെ തന്നെ അവള്‍ ഗര്‍ഭിണിയായി. ലേഡീസ് ഹോസ്റ്റലില്‍ വികലബുദ്ധികളായ രണ്ടു പെണ്‍കുട്ടികള്‍ കാട്ടിക്കൂട്ടിയ വിക്രിയകളാണ് ഈ സംഭവങ്ങള്‍ക്കെല്ലാം കാരണം.
ഡോക്ടറുടെ വിശദീകരണം കേട്ട് എല്ലാവരും സ്തംഭിച്ചിരുന്നു.
ഷേര്‍ളിയും ഉഷയും മുഖത്തോടുമുഖം നോക്കി. അദ്ദേഹം പറഞ്ഞതത്രയും പൂര്‍ണ്ണമായും സത്യമാണെന്ന കാര്യത്തില്‍ അവര്‍ക്കു യാതൊരു സംശയവുമുണ്ടായിരുന്നില്ല.
'തെറ്റിദ്ധാരണകള്‍ എല്ലാം അകന്നുവല്ലോ. ഇനി നിങ്ങള്‍ക്ക് ഇരുകൂട്ടര്‍ക്കും സന്തോഷകരമായ ഒരു ദാമ്പത്യജീവിതം നയിക്കാം.' ഡോക്ടര്‍ ഒരു ചെറുചിരിയോടെ പറഞ്ഞു.
ഫിലിപ്പ് ഷേര്‍ളിയുടെ മുഖത്തേയ്ക്കുനോക്കി. ഈ കുഴപ്പങ്ങള്‍ക്കെല്ലാം തുടക്കക്കാരി താനാണെന്ന് അവള്‍ക്കുതോന്നിപ്പോയി. അവള്‍ മുഖം കുനിച്ചു.
അരവിന്ദ് മെല്ലെ അടുത്തുവന്ന് ഉഷയുടെ തോളില്‍ കൈവച്ചു.
'സംഭവിച്ചത് ഇങ്ങനെയൊക്കെയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ വേദനിപ്പിക്കില്ലായിരുന്നു. ഉഷ എന്നോട് ക്ഷമിക്കണം.'
'ഞാനാണു തെറ്റുകാരി.' ഉഷ മെല്ലെ പറഞ്ഞു.
'അല്ല, അതൊക്കെ കോളേജു കുമാരിമാരുടെ വെറും ചാപല്യം.' അയാള്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ ഉഷയുടെ മുഖത്ത് ഒരു മന്ദഹാസം പടര്‍ന്നു. ഒപ്പം മറ്റുള്ളവരുടേയും...
(അവസാനിച്ചു)
Read More: https://www.emalayalee.com/writer/304