Image

ധൂമം (കവിത: രമാ പിഷാരടി

Published on 01 March, 2026
ധൂമം (കവിത: രമാ പിഷാരടി

മേഘമിരുളുന്നുണ്ട്

രാവ് പുകയുന്നുണ്ട്

ലോകമിരുളുന്നുണ്ട് ചുറ്റും

 

അന്ധകാരത്തിൻ്റെ

തിമിരം പടർന്ന തീപ്പക്ഷിക്ക്

വീണ്ടും  വിശപ്പ്

കൊഴിയുന്ന ജീവൻ്റെ

രക്തമൂറ്റിക്കുടിച്ചവിടെ

പറക്കുന്നു പക്ഷി

 

മുടിയഴിച്ചാർത്തിയുടെ

പനകൾ വളർന്ന്

മൺതരികൾ പിളർന്ന്

പോകുന്നു

ഉലകളിൽ തീയിൽ

പഴുക്കുന്നൊരായുധ-

ച്ചിരിയട്ടഹാസമാകുന്നു.

 

നെടുകെയും, കുറുകയും

മുറിവേറ്റ ഭൂപടം,

ചിതയിലെരിയുന്നുണ്ട് വീണ്ടും

തിമിരം പടർന്ന--

മേൽക്കോയ്മക്കുമപ്പുറം

പതിയെ ചലിക്കും പ്രപഞ്ചം

 

ഉരുകുന്ന മദ്ധ്യാഹ്നവെയിലിൻ്റെ മുറ്റത്ത്

മെതിയടിയഴിക്കുന്ന മരണം

ഒഴുകുന്ന കണ്ണുനീർച്ചോലക്കുമപ്പുറം

ശിശിരം നടന്ന് പോകുന്നു

 

ഉറയുന്നതെന്താണ്,

സായാഹ്നനിഴലിൻ്റെ

മുടിയഴിച്ചാട്ടം കഴിഞ്ഞ്

ജപമുത്തിനരികിൽ

കരിന്തിരിക്കാടുകൾ

ജടമുടിയിൽ

മിന്നിലിടിനാദം

 

പഴി കേട്ട്,

ക്ഷമയറ്റ്,

ശ്രുതിതെറ്റി,

മിഴിപൂട്ടി,

പകയും, പരാതിയും

തീരാത്ത വഴികളിൽ

വെറുതെ നടക്കുന്നു ഭൂമി..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക