Image

പെട്ടികളിൽ കുത്തി നിറച്ച ബാലറ്റുയുഗം (ജയശങ്കർ പിള്ള)

Published on 01 March, 2026
പെട്ടികളിൽ കുത്തി നിറച്ച ബാലറ്റുയുഗം (ജയശങ്കർ പിള്ള)

നാനാത്വത്തിൽ ഏകത്വം, തെരഞ്ഞെടുപ്പിലൂടെ ഉള്ള ജനാധിപത്യ വ്യവസ്ഥ ഇതൊക്കെയാണല്ലോ ഒരു രാജ്യത്തിന്റെ സൗന്ദര്യം. എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഈ വോട്ടിങ് പ്രക്രിയയെ സുതാര്യമാക്കുന്നതിൽ മുഖ്യ പങ്കു വഹിയ്ക്കുന്നു. കാരണം ഭാരതം ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യമായതിനാൽ തെറ്റ് കുറ്റങ്ങൾ കൂടാതെ കഴിവതും വേഗത്തിൽ പ്രക്രിയകൾ പൂർത്തിയാക്കി ഭരണാധിപന്മാരെ തെരഞ്ഞെടുക്കുക എന്നത് രാജ്യത്തിന്റെ സുസ്ഥിരതയ്ക്കു ആവശ്യമാണ്, ബാലറ്റ് പേപ്പറുകൾ മാറി ആധുനിക വോട്ടിങ് യന്ത്രം വന്നതോടെ വോട്ടിങ് ക്രമേക്കേടുകൾ ഒരു പരിധിവരെ ഇല്ലാതെയാക്കി. പക്ഷെ കുറച്ചു കാലങ്ങൾ ആയി കേൾക്കുന്ന ഒന്നാണ് അധികാരം നഷ്ടപ്പെട്ടവരുടെ വിലാപം. ബാലറ്റിലേയ്ക്ക് തിരികെ പോണം,വോട്ടു ചോരി എന്നൊക്കെ. പക്ഷെ ഒന്ന് ചിന്തിയ്ക്കൂ.. !!!!.
അതിശയം എന്ന് പറയട്ടെ ഭൂരിപക്ഷം കിട്ടിയാൽ ഈ പരാതികൾ ഒന്നും ഇല്ല കേട്ടോ ...!! എല്ലാം സുഭദ്രം ...!!

ഇനി ഒരു വസ്തുത പറയാം, അതാണ് യാഥാർഥ്യവും.

ലോകം സാങ്കേതിക വിദ്യയുടെ കാര്യത്തിൽ അതിവേഗം കുതിയ്ക്കുകയാണ്.അതിന്റെ പിന്നിൽ ഭാരതത്തിന്റെ ബുദ്ധിയുള്ള തലകൾ ആണ് ഗൂഗിൾ മുതൽ ഇങ്ങു താഴെ വരെ യുള്ള  ജോലിക്കാരിൽ അധികവും.
നമുക്ക് റേഷൻ വാങ്ങുവാൻ കൈവിരൽ പതിയ്ക്കണം? വേണ്ടേ?! കർഷകന് ആനുകൂല്യം ലഭിയ്ക്കുവാനും കൈവിരൽ പതിയ്ക്കണം, പാസ്പോർട്ട് ലഭിയ്ക്കുവാനും,വിദേശ യാത്രചെയ്‌വാനും,കൃഷ്ണമണിയുടെ ഫോട്ടോ സർക്കാർ എടുക്കുന്നുണ്ട്,കാരണം ആൾ മാറാട്ടം നടക്കുന്നത് തടയാൻ, ഈ അടുത്ത ദിവസങ്ങളിൽ വോട്ടേഴ്‌സ് ലിസ്റ്റും പുതുക്കി. അതിന്നായി കോടികൾ ചിലവഴിച്ചു.

എല്ലാം ഡിജിറ്റലൈസ് ചെയ്യുന്ന ഭാരതത്തിൽ എന്തുകൊണ്ട് ഒരു വോട്ടറെ പേരിൽ ചേർക്കുമ്പോൾ അയാളുടെ കൈവിരൽ അടയാളം,കൃഷ്ണമണിയുടെ കൂടി ഉള്ള ഫോട്ടോ ഐ ഡി ഉണ്ടാക്കി ആധാറുമായി ബന്ധിപ്പിയ്ക്കുന്നില്ല. വോട്ടു ചെയ്യാൻ വരുന്നവരുടെ കൈവിരൽ തൊട്ടാൽ മാത്രം,അല്ലെങ്കിൽ കൃഷ്ണമണിയുടെ പ്രതിബിംബം തെളിഞ്ഞാൽ മാത്രം വോട്ടു ചെയ്യുവാൻ പാകത്തിനുള്ള സാങ്കേതിക വിദ്യ ഉണ്ടായിട്ടും നടപ്പിലാക്കുന്നില്ല. അതിനുള്ള ചെലവ് 140 കോടി ജനങ്ങൾക്ക് ഒറ്റ തവണ നടത്തുകയും,പിന്നീട് ഉള്ളവ ജനിയ്ക്കുന്ന ഓരോ കുട്ടിയ്ക്കും ജന്മ സമയത്തു മാത്രം വേണ്ട ഒന്നാണ്. ആദ്യപടിയായുള്ള ചെലവ് ഒഴിച്ചാൽ പിന്നീട് ഓരോ ആശുപത്രികളിലും ഉള്ള കമ്പ്യൂട്ടറിൽ കൂടി ചെയ്യാവുന്ന ഒരു സാങ്കേതിക വിദ്യ ജനം,മരണ രെജിസ്റ്റർ സംവിധാനങ്ങളെയും സഹായിയ്ക്കും. ഒപ്പം ഈ സാങ്കേതിക വിദ്യാ മികവ് ആധാറും ആയി ബന്ധിപ്പിച്ചാൽ, മറ്റു ആരോഗ്യ രേഖകളിൽ കൂടി ബന്ധിപ്പിച്ചാൽ , ആരോഗ്യ ഇൻഷുറൻസ് ,വോട്ടിങ് ക്രമക്കേടുകൾ ഉൾപ്പടെ തടയുവാൻ കഴിയും. ഇങ്ങനെ ഒന്ന് നടപ്പിലായാൽ പല തരത്തിൽ ഉള്ള അഴിമതിയും,ക്രമക്കേടുകളും തടയുവാൻ കഴിയും. 

ഇതെല്ലം അറിയാമായിരുന്നിട്ടും,വോട്ടു ചോരി മുദ്രാവാക്യം മുഴക്കുന്നവർ പണ്ട് പെട്ടികളിൽ കുത്തി നിറച്ചതും,കീറി എറിഞ്ഞതുമായ ബാലറ്റു യുഗത്തിലേക്കാണ്  നമ്മളെ വീണ്ടും നയിക്കുവാൻ ശ്രമിയ്ക്കുമ്പോൾ, അത് എന്ത് കൊണ്ട് എന്ന് സ്വയം ചിന്തിയ്ക്കുക. - ജയശങ്കർ പിള്ള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക