Image

യുദ്ധം (കവിത, മിനി സുരേഷ്)

Published on 01 March, 2026
യുദ്ധം (കവിത, മിനി സുരേഷ്)

 

മരുഭൂമിയുടെ നെഞ്ചിലെ

മണൽമേടുകൾക്കിടയിൽ

കറുത്ത പുകമേഘങ്ങളിരുണ്ട്

നിശബ്ദ്ദമായാകാശനീലിമ വിഴുങ്ങുന്നു

കത്തുന്ന രാത്രികളുറക്കമറ്റലയുന്നു

മിഴി ചിമ്മാതെ നക്ഷത്രങ്ങൾവിറയ്ക്കുന്നു 

കാവലാളില്ലാതെ കാറ്റുമവിടെ

നിശ്ചലമായി വെടിയൊച്ചകൾക്ക് കാതോർക്കുന്നു

എണ്ണപ്പാടത്ത് സ്വപ്നങ്ങൾ വിതച്ച് 

കൊയ്യാനൊരുങ്ങുമോരോ പ്രവാസി

വീട്ടിലും ഭയത്തിൻ നിഴലുകൾ നടുങ്ങുന്നു

യുദ്ധം... യുദ്ധം ഇനിയെത്ര നാൾ നീളും

ഇനിയെത്ര രക്തമീ ഭൂമിയിൽ പടരും

മർത്ത്യർ തമ്മിലിത്രയും വൈരമെന്തിന്

ജപമാലകളെണ്ണിയുറങ്ങാതുണ്ണാതെ

നീളുന്നു നാട്ടിലുറ്റവരുടെ പ്രാർത്ഥനകൾ

മണി മുഴങ്ങേണ്ട വിദ്യാലയാങ്കണങ്ങളിലും

കാതടപ്പിക്കും വെടിയൊച്ചകളുയരുന്നു

ചുടു മണലിൽ വാടിപ്പൊലിയുന്നു 

യുദ്ധക്കനലിൽ ചാരമാക്കുന്ന ബാല്യങ്ങൾ

കണ്ണീരോർമ്മകൾ മാത്രം ബാക്കി വയ്ക്കുന്ന

തീപ്പൊരിയാണെന്നും യുദ്ധം 

ഹൃദയച്ചുമരുകളിൽ കരിഞ്ഞ പാടുകളവശേഷിപ്പിക്കും

 യുദ്ധം പുനരാവർത്തനമാകാതെ ചരിത്രത്താളുകളിലൊതുങ്ങട്ടെ

ഭാവിഭാഷയെന്നും സമാധാനമാകട്ടെ

കരുണയുടെ മരുപ്പച്ചകളെങ്ങും മുളയ്ക്കട്ടെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക