Image

മണ്ണഞ്ചേരി ആയാലും മരുഭൂമിയായാലും : ലീലാമ്മ തോമസ്, ബോട്സ്വാന

Published on 01 March, 2026
മണ്ണഞ്ചേരി ആയാലും മരുഭൂമിയായാലും : ലീലാമ്മ തോമസ്, ബോട്സ്വാന

ഉയരത്തിന്റെ അളവുകോൽ

ഇപ്പോൾ
യുദ്ധമാണ്,
പടക്കങ്ങൾ മാത്രം പൊട്ടുന്നില്ല,
മനുഷ്യരുടെ ഉള്ളറകളും
ഓരോ വാർത്തയ്ക്കും
നിശബ്ദമായി പൊട്ടിത്തെറിക്കുന്നു.

മണ്ണഞ്ചേരി ആയാലും
മരുഭൂമിയായാലും
നഗരത്തിന്റെ ഗ്ലാസ് കെട്ടിടങ്ങളായാലും

ഈ ലോകജീവിതം
ഒരുനാൾ
വീട്ടുപോകേണ്ടതേയുള്ളൂ.

പോകുവാൻ കാരണം
നാം തിരഞ്ഞെടുക്കുന്നില്ല,
പക്ഷേ
എങ്ങനെ പോകണം എന്നത്
ഇനിയും
നമ്മുടെ കൈകളിലുണ്ട്.

ആഫ്രിക്കയിൽ,
ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യന്റെ
നിഴലിനകത്ത് ഞാൻ നിന്നപ്പോൾ
എന്റെ ഉയരം
ഒരു കണക്കായി ചുരുങ്ങി.
അപ്പോൾ അയാൾ ചിരിച്ച് പറഞ്ഞു:

“ഉയരം
ആകാശത്തോട് അടുത്താക്കും,
പക്ഷേ
മണ്ണിലേക്കുള്ള യാത്ര
എല്ലാവർക്കും ഒരേ ദൂരം.”

അന്നെനിക്ക് മനസ്സിലായി,
ബോംബുകൾക്ക്
ഉയരത്തിന്റെ അസൂയയില്ല,
ക്ഷാമത്തിന്
ജാതി അറിയില്ല,
ഭൂകമ്പങ്ങൾക്ക്
പാസ്‌പോർട്ട് വേണ്ട.

ഇന്ന്
നാം തമ്മിൽ
അളക്കുന്നത്
ശരീരങ്ങളുടെ നീളമാണ്,
നാളെ
ചരിത്രം അളക്കുക
നമ്മുടെ മൗനത്തിന്റെ
ആഴമായിരിക്കും.

കുട്ടികൾ
ഭൂമിയെ വരയ്ക്കുന്നത്
ഇനിയും പച്ചയിൽ തന്നെയാണ്,
പക്ഷേ
നാം അവർക്കു നൽകുന്നത്
ചാരനിറമുള്ള
ഭൂപടങ്ങൾ.

ഒടുവിൽ,
മണ്ണഞ്ചേരിയായാലും
മേഘചുംബിയായാലും
കുഴിയുടെ നീളം
ഒന്നുതന്നെ.

അതിനാൽ
പോകേണ്ടതുണ്ടെങ്കിൽ
മനുഷ്യനായി പോകാം,
കൈയിൽ ആയുധമല്ല,
ഓർമ്മയിൽ
ഒരു ചെറിയ
സമാധാനം എങ്കിലും
വെച്ച്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക