
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരളത്തിന്റെ ഐക്യവും ഒരുമയും ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ തെളിയിക്കുന്ന നിമിഷമാണിതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച്, എല്ലാവർക്കും ഒന്നിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സർക്കാർ നിലകൊണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ വാക്ക് പാലിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടൗൺഷിപ്പ് യാഥാർത്ഥ്യമായതിലെ സന്തോഷത്തിനൊപ്പം തന്നെ ദുരന്തത്തിൽ മൺമറഞ്ഞുപോയവരെക്കുറിച്ചുള്ള സങ്കടവും മുഖ്യമന്ത്രി പങ്കുവെച്ചു. മരിച്ചവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, അടുത്ത മഴക്കാലത്തിന് മുൻപായി എല്ലാ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും ഉറപ്പാക്കാനുള്ള കർമ്മപദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ അതിജീവന പോരാട്ടത്തിൽ സഹായിക്കാൻ മുന്നോട്ടുവന്നത് അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. 64.47 ഹെക്ടറില്‍ 410 വീടാണ് നിര്‍മിക്കുന്നത്. ഇതില്‍ 304 വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയായി. ഏപ്രിലോടെ എല്ലാ വീടും കൈമാറും. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പൊതുമാര്‍ക്കറ്റ്, ഉരുള്‍ സ്മാരകം, ഓപ്പണ്‍ തിയറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, കളിയിടങ്ങള്‍, വൈദ്യുതി സബ്സ്റ്റേഷന്‍ തുടങ്ങിയവയും നിര്‍മിക്കും.
2024 ജൂലൈ 30നാണ് നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് മുഴുവന്‍വവ മണ്ണിനടിയിലായ വാര്‍ത്തയാണ് നാം കേട്ടത്. ആ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ ഈ നാട് ഒന്നടങ്കം രംഗത്തു വന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്.മുഖ്യമന്ത്രി പറഞ്ഞു.