
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപ്രാപിക്കുന്ന യുദ്ധങ്ങളും സംഘർഷങ്ങളും സംബന്ധിച്ച് ആഗോള മലയാളി സമൂഹത്തോട് വേൾഡ് മലയാളി ഫെഡറേഷൻ(ഡബ്ലിയു.എം.എഫ്) പ്രസിഡന്റ് ഡോ.ആനി ലിബു ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്നും അത് കുടുംബങ്ങളെ തകർക്കുകയും സ്വപ്നങ്ങളെ ചിതറിക്കുകയും തലമുറകളോളം മായാത്ത മുറിവുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. വീടുകളിൽ നിന്ന് പുറത്താക്കപ്പെടുകയും സുരക്ഷ, വിദ്യാഭ്യാസം, അടിസ്ഥാന മനുഷ്യാവകാശങ്ങൾ എന്നിവ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ അതീവ വേദനാജനകമാണെന്നും ഡോ.ആനി ലിബു വ്യക്തമാക്കി.
ലോകത്തിൽ എവിടെയായാലും യുദ്ധം വേണ്ട എന്നതാണ് ആഗോള മലയാളി സമൂഹത്തിന്റെ ഉറച്ച നിലപാടെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. നാശനഷ്ടങ്ങളേക്കാൾ സംവാദം, വൈരാഗ്യത്തേക്കാൾ കരുണ, സംഘർഷത്തേക്കാൾ മനുഷ്യാവബോധം എന്നതാണ് ഫെഡറേഷന്റെ വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു. സമാധാനം ദൗർബല്യമല്ല, മറിച്ച് അറിവിന്റെ കരുത്താണെന്നും അവർ പറഞ്ഞു.
പ്രവാസി സമൂഹം വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതുകൊണ്ടുതന്നെ സഹവർത്തിത്വം, പരസ്പര ബഹുമാനം, സാംസ്കാരിക സൗഹൃദം എന്നിവയുടെ മഹത്ത്വം മലയാളികൾക്ക് വ്യക്തമായി മനസ്സിലാകുമെന്നും ആനി ലിബു വിശദീകരിച്ചു. ഹിംസയാൽ ദുരിതമനുഭവിക്കുന്ന എല്ലാ നിരപരാധികളോടും വേൾഡ് മലയാളി ഫെഡറേഷൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.
രാഷ്ട്രീയ തർക്കങ്ങൾക്കും അധികാര പോരാട്ടങ്ങൾക്കും അതീതമായി സ്ത്രീകളും കുട്ടികളും സുരക്ഷിതരാകുന്നത് ആഗോള മുൻഗണനയായിരിക്കണം എന്ന് ലോകനേതാക്കളോട് അവർ ആഹ്വാനം ചെയ്തു. ഉത്തരവാദിത്തത്തോടെയും ആത്മനിയന്ത്രണത്തോടെയും മനുഷ്യാവബോധത്തോടെയും പ്രവർത്തിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും ഡോ.ആനി ലിബു ആവശ്യപ്പെട്ടു. സമാധാനം നമ്മുടെ വാക്കുകളിലും പ്രവർത്തിയിലും സമൂഹജീവിതത്തിലും പ്രചരിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ഐക്യം, കരുണ, ആഗോള സൗഹൃദം എന്നിവയുടെ മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അവർ കൂട്ടിച്ചേർത്തു. ഒരൊറ്റ ആഗോള മലയാളി കുടുംബമായി സമാധാനം, നീതി,മനുഷ്യത്വം എന്നിവയ്ക്കായി എന്നേക്കും നിലകൊള്ളുമെന്ന് അവർ പ്രത്യാശയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു.