
തന്റെ മാതൃകലാലയമായ ചങ്ങനാശ്ശേരി സെന്റ് ബെർക്ക്മാൻസ് കോളേജിൽ ഗവേഷണ കേന്ദ്രം ആരംഭിക്കുവാൻ മുൻ വിദ്യാർത്ഥിയും അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ലിഥിയം ബാറ്ററി ശാസ്ത്രജ്ഞനുമായ ഡോ. കെ. എം. അബ്രഹാമിന്റെ ധനസഹായം. ഏകദേശം 1.5 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി, ചങ്ങനാശ്ശേരി സെന്റ് ബെർക്ക്മാൻസ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ കീഴിൽ ഊർജവും പരിസ്ഥിതിയും സംബന്ധിച്ച ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായാണ് സമർപ്പിച്ചിരിക്കുന്നത്. “ഡോ. കെ. എം. അബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റ്” എന്ന പേരിൽ അറിയപ്പെടുന്ന ഈ അത്യാധുനിക ഗവേഷണ കേന്ദ്രം എസ് ബി കോളേജിന്റെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ചു ഫെബ്രുവരി 28നു ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

റിസർച്ച് ലബോറട്ടറി, പാദാർത്ഥങ്ങളുടെ മോളിക്കുലർ ഘടന പരിശോധിക്കുന്ന FTIR സ്പെക്ട്രോമീറ്റർ, ഫ്ലൂറസൻസ് സ്പെക്ട്രോമീറ്റർ, യു.വി-വിസിബിൾ സ്പെക്ട്രോമീറ്റർ, ഉയർന്ന താപനിലയിൽ പരിശോധന നടത്തുവാൻ സഹായകമായ ട്യൂബുലർ ഫർണസ് തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളാൽ സജ്ജമാക്കപ്പെട്ട ഈ ഗവേഷണ കേന്ദ്രം ഗവേഷണ പ്രവർത്തനങ്ങളോടൊപ്പം സർട്ടിഫിക്കറ്റ് കോഴ്സുകൾ, സെമിനാറുകൾ, ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ എന്നിവയും സംഘടിപ്പിക്കും. രണ്ട് ഗവേഷണ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പുരോഗമിച്ചുവരുന്നു. പുതിയ ഊർജ വസ്തുക്കൾ, പരിസ്ഥിതി സംരക്ഷണം, ഗ്രീൻ കെമിസ്ട്രി, കംപ്യൂട്ടേഷണൽ കെമിസ്ട്രി എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ.
റാന്നിയ്ക്കു സമീപം കണ്ണമ്പള്ളി കുഴികാലയിൽ പരേതനായ കെ എ മാത്യുവിന്റെ (പെന്തക്കോസ്തു കുഞ്ഞച്ചൻ) മകനാണ് ഡോ. അബ്രഹാം. 1965-ൽ എസ് ബി കോളേജിൽ നിന്ന് മികച്ച വിദ്യാർത്ഥിക്കുള്ള തേവർകാട് ഗോൾഡ് മെഡലോട് കൂടെ കെമിസ്ട്രിയിൽ ബി.എസ്.സി, 1967-ൽ എസ് ബി കോളേജിൽ നിന്ന് നാഷണൽ മെറിറ്റ് സ്കോളർഷിപ്പോടെ എം.എസ്.സി (കെമിസ്ട്രി) എന്നിവ പൂർത്തിയാക്കി. തുടർന്ന് 1972-ൽ അമേരിക്കയിലെ ബോസ്റ്റണിൽ ഉള്ള Tufts University യിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. തുടർന്നു ബോസ്റ്റണിൽ MIT-യിൽ 2 വർഷം പോസ്റ്റ്-ഡോക്ടറൽ ഗവേഷണവും പൂർത്തിയാക്കിയ ഡോ. അബ്രഹാം ദീർഘകാലം മാസച്യൂസെറ്റ്സിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായും, ബാറ്ററി കൺസൾട്ടൻസി സ്ഥാപനമായ EKem-Sciences ന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. ഇപ്പോൾ അദ്ദേഹം പെൻസിൽവാനിയയിൽ താമസിക്കുന്നു.

1972-ൽ PhD ബിരുദം നേടിയ Dr. എബ്രഹാം മലയാളി പെന്തക്കോസ്തുകാരുടെ ഇടയിൽ നിന്നും ആദ്യമായി PhD നേടിയ വ്യക്തിയാണ്.
അന്താരാഷ്ട്ര ജേർണലുകളിൽ ഏകദേശം 200 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. അബ്രഹാം ലിഥിയം ബാറ്ററി ഗവേഷണവുമായി ബന്ധപ്പെട്ട 15 പാറ്റന്റുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. American Electrochemical Society- യുടെ ചെയർമാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. Tufts University Outstanding Achievement Award, ഇലക്ട്രോകെമിക്കൽ സൊസൈറ്റി റിസർച്ച് അവാർഡ്, ഇന്റർനാഷണൽ ബാറ്ററി അസോസിയേഷൻ അവാർഡ് (ദക്ഷിണ കൊറിയ), NASA Group Achievement Award തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2020-ൽ ഡോ. അബ്രഹാം 33 ലക്ഷം രൂപ സംഭാവനയായി നൽകി, കോളേജിനോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്നേഹം പ്രകടിപ്പിച്ചു. ഈ തുക ഉപയോഗിച്ച് അവസാന വർഷ കെമിസ്ട്രി ബിരുദ ക്ലാസ് റൂം ഒരു സ്മാർട്ട് ക്ലാസ് റൂം ആയി മാറ്റി. കൂടാതെ, പ്രതിവർഷം ഏകദേശം 1.5 ലക്ഷം രൂപ സ്കോളർഷിപ്പുകൾക്കും അവാർഡുകൾക്കുമായി ചെലവഴിക്കുന്നു. തന്റെ ബിരുദ പഠനകാലത്ത് ലഭിച്ച മികച്ച Outgoing Student ഗോൾഡ് മെഡലിന്റെ സ്മരണാർത്ഥം കെമിസ്ട്രി ബിരുദാനന്ദ വിദ്യാർഥികൽക്കായി ഡോ. അബ്രഹാം ഗോൾഡ് മെഡലുകളും സ്ഥാപിച്ചിട്ടുണ്ട്.