
ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ, അമേരിക്ക സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റിലെ വ്യോമപാതകളിൽ കടുത്ത പ്രതിസന്ധി. സംഘർഷ ബാധിത പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
ചിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI 126) ഇറാഖ് വ്യോമപാതയ്ക്ക് പകരം സിറിയ വഴി ദീർഘദൂര പാത സ്വീകരിച്ചു. നിലവിൽ ഇസ്രയേൽ, ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കിയാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. പാകിസ്താൻ മുതൽ ഇറാഖ് വരെയുള്ള പടിഞ്ഞാറൻ വ്യോമപാതകൾ സുരക്ഷിതമല്ലാത്തതിനാൽ യൂറോപ്പ്, യു കെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാകും. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതോടെ യാത്രാ സമയം വർധിക്കാനും വടക്കേ അമേരിക്കൻ സർവീസുകൾക്ക് വിയന്നയിലോ റോമിലോ ഇന്ധനം നിറയ്ക്കാൻ സ്റ്റോപ്പ് അനുവദിക്കാനും സാധ്യതയുണ്ട്.
ഡൽഹിയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI 139) സൗദി അറേബ്യൻ വ്യോമപാതയിൽ എത്തിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ മുംബൈയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട് . തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങൾ, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 10 വിമാന സർവീസുകൾ, കരിപ്പൂർ വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ എന്നിവയാണ് റദ്ദാക്കിയത്.
ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതേസമയം ടെൽ അവീവിൽ കുടുങ്ങിയ ജീവനക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ എയർ ഇന്ത്യ ആരംഭിച്ചു. ഇൻഡിഗോ വിമാനങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. സംഘർഷ മേഖലകളിൽ ജി പി എസ് ജാമിംഗ് ഭീഷണി നിലനിൽക്കുന്നതിനാൽ പൈലറ്റുമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം, പാകിസ്താൻ വ്യോമപാത ഒഴിവാക്കി ചൈനയിലെ ഹോട്ടൻ (Hotan) വഴി പുതിയ പാത ഉപയോഗിക്കാൻ എയർ ഇന്ത്യ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ ക്ലിയറൻസ് ലഭിച്ചിട്ടില്ല.