Image

ഇനി ഈ വണ്ടി അനങ്ങിയാ ശരിയാക്കും ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 28 February, 2026
ഇനി ഈ വണ്ടി അനങ്ങിയാ ശരിയാക്കും  ( ഇറ്റലിയിൽ : മിനി ആന്റണി )

കുമാരി ഓൾഗയുടെ പുതിയ പ്രശ്നം വീടിൻ്റെ മുന്നിൽ വന്നു കിടക്കുന്ന ഒരു ട്രക്കാണ്. ഞാൻ പാത്രം കഴുകി കൊണ്ട് നിൽക്കുന്ന നേരത്താണ് ആ അലറിച്ച കേട്ടത്.

" കോമെ മായ് .....! "

ഒൾഗയുടെ പോലെയുണ്ടല്ലോ എന്ന തോന്നലിൽ ഞാൻ തിരിഞ്ഞ് ജനലിലൂടെ പുറത്തേക്ക് നോക്കി. എൻ്റീശോയെ .... ഇത്ര നേരം ദാ ---- വ്ടെ ആ കസേരേല് ടീവീം കണ്ടിരുന്ന മൊതെലെപ്പോ പൊറത്തെത്തി എന്ന അതിശയത്തില് ഇത്തിരിനേരം വായ് പൊളിച്ച് നിന്നെങ്കിലും പാത്രൊക്കെ സിങ്കിലിട്ട് അവസരത്തിനൊത്തുയർന്ന് ഞാനും പുറത്തേക്കോടി

അവടെ ഇറ്റാലിയൻ ചേട്ടൻമ്മാരെ അമ്മാമ തെറിവിളിക്കുന്നു. അവര് ഇതെന്താ കഥ എന്ന മട്ടിൽ പണിയൊക്കെ നിർത്തി സ്റ്റാച്ച്യൂ ആയി നിക്കുന്നു.

കേബിൾ മാറ്റാൻ വന്നവരാണ്. ഇവിടങ്ങളിൽ ട്രക്കിൽ ക്രെയിനും പിടിപ്പിച്ച് അതിൽ കയറിയാണ് മുകളിലെ ചില പണികൾ ചെയ്യുന്നത്.

എൻ്റെ വീടിൻ്റെ മുന്നീന്ന് ഈ വണ്ടി മാറ്റണം എന്ന നിർബന്ധത്തിലാ ഓൾഗ. മോളും കൊച്ചുമോനും വന്ന് പറഞ്ഞ് മനസിലാക്കി. ഒരു രക്ഷേമില്ല.

അവസാനം വണ്ടി കുറേ മുന്നോട്ട് നീക്കി നിർത്തി ഓൾഗയെ സമാധാനിപ്പിച്ച് അകത്തെത്തിച്ചു. ഇപ്പവര് വണ്ടിടെ മുൻവശം മാത്രം കാണുന്ന നിലയിൽ പാർക്ക് ചെയ്ത് പണിയെടുക്കാണ്. പുറകിലെ ക്രെയിൻ്റെ ചോപ്പ് നിറം കണ്ടാ ഓൾഗക്ക് വീണ്ടും കലികയറും. അല്ലെങ്കിലും ഈ ജെസിബി ടൈപ്പ് വണ്ടികൾക്ക് ഈ തേളിൻ്റെ ഛായ ഉണ്ടെന്ന് എനിക്കും തോന്നാറുണ്ട്.

ഇനി ഈ വണ്ടി അനങ്ങിയാ ശരിയാക്കും എന്ന മട്ടിൽ ഒൾഗ ഉച്ചയൊറക്കം പോലും ഉപേക്ഷിച്ച്

കാവലിരിക്കുന്നു. എന്നേം അനങ്ങാനും മിണ്ടാനും അനുവദിക്കുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക