
യുഎസിൽ പഠിക്കാൻ എഫ്-1 വിസയിൽ എത്തുന്നവർക്കു ജോലി ചെയ്യാൻ അവസരം നൽകുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്‌നിംഗ് (ഓ പി ടി) പ്രോഗ്രാം പുനഃപരിശോധിക്കയാണെന്നു ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി എച് എസ്) പറയുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് പ്രതിസന്ധി ഉണ്ടാവാം എന്നാണ് സൂചന.
പുനഃപരിശോധന നടത്താൻ നീക്കമുണ്ടെന്നു ഡി എച് എസ് സെക്രട്ടറി ക്രിസ്റ്റി നോവം സെനറ്റർ എറിക് ഷ്മിറ്റിനെ അറിയിച്ചു. നിലവിലുള്ള സംവിധാനം യുഎസ് തൊഴിൽ വിപണിക്കും നികുതി-രാജ്യരക്ഷാ താൽപര്യങ്ങൾക്കും ഉതകുന്നുണ്ടോ എന്നു പരിശോധിക്കും.
യുഎസിൽ 300,000 ഇന്ത്യൻ വിദ്യാർഥികളുണ്ട്. പഠനം കഴിഞ്ഞു ഓ പി ടി അനുസരിച്ചു ജോലി ചെയ്യുന്നവർ അക്കൂട്ടത്തിൽ ഏറെയുണ്ട്.
അമേരിക്കൻ വംശജർക്ക് പ്രയോജനപ്പെടുന്ന രീതിയിലാവണം യുഎസ് പദ്ധതികൾ എന്നു നോവം ചൂണ്ടിക്കാട്ടി. "വിദേശ വിദ്യാർഥികൾ കൂടുതലായി തൊഴിൽ പരിശീലനത്തിൽ ഏർപ്പെടുന്നത് അഭികാമ്യമല്ല."
ആ പ്രശ്നം പരിഹരിക്കാൻ നടപടി എടുക്കുമെന്ന് നോവം വ്യക്തമാക്കുന്നു.
ഓ പി ടി അനുസരിച്ചു എഫ്-1 വിസക്കാർക്കു ബിരുദ പഠനം കഴിഞ്ഞാൽ ഒരു വർഷം ജോലി ചെയ്യാം. സ്റ്റം ബിരുദങ്ങൾ ആണെങ്കിൽ രണ്ടു വർഷം കിട്ടും. അതെല്ലാം പുനഃപരിശോധിക്കാനാണ് പ്രസിഡന്റ് ട്രംപിന്റെ നിർദേശം. "വിദേശ വിദ്യാർഥികൾ യുഎസ് ജീവനക്കാരുടെ തൊഴിൽ സാദ്ധ്യതകൾ തട്ടിയെടുക്കില്ല എന്നുറപ്പു വരുത്തും."
OPT revamp could impact thousands of Indian students