Image

കറുത്ത ചരിത്രങ്ങൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 28 February, 2026
കറുത്ത ചരിത്രങ്ങൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരൻ ശ്രീ സാംസി കൊടുമണ്ണിന്റെ "ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ" 480 പേജുകളിലായി നിറഞ്ഞു കിടക്കുന്ന നോവലാണ്.  1619 ലെ കുറ്റം, അവിടെനിന്നും അടിമത്തം അമേരിക്കയിൽ തുടങ്ങുന്നു എന്ന് പുസ്തകത്തിന് പേര് കൊടുത്തതിലൂടെ ഉള്ളടക്കം ഏകദേശം ഊഹിക്കാം. 1619 ഇൽ  വിർജീനിയ കോളനിയിൽ ആഫ്രിക്കൻ വംശജർ എത്തിയതോടെയാണ് അമേരിക്കയിലെ ഔദ്യോഗിക അടിമത്തം തുടങ്ങുന്നത്.  പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ നിന്ന് നിർബന്ധമായി കൊണ്ടുവരപ്പെട്ടവരായിരുന്നു അവർ. ഈ വിവരങ്ങൾ ശേഖരിച്ച് അതിന്റെ ഘട്ടങ്ങൾ ഓരോന്നായി സാംസി വിവരിക്കുന്നുണ്ട് നോവലിൽ. അത് ഒരു കുറ്റമായിരുന്നു എന്ന നോവലിസ്റ്റിന്റെ അനുമാനം നോവലിൽ ഉടനീളം സ്ഥിരീകരിക്കുന്നുണ്ട്.  സംസാരിക്കുന്ന മൃഗങ്ങളായിട്ടാണ് വെള്ളക്കാർ അടിമകളെ കണ്ടിരുന്നത് എന്നും അവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം എത്ര ഭയാനകമായിരുന്നുവെന്നും ഒരു ദൃക്‌സാക്ഷിയെപോലെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ഇത്തരം നോവലുകൾ മനുഷ്യരിലെ സഹാനുഭൂതി വളർത്താൻ സഹായകമാണ്. അതേപോലെ ഇന്നത്തെ തലമുറക്ക് അവരുടെ പൂർവികർ കടന്നുപോന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമായിരുന്നു എന്ന് മനസ്സിലാക്കാനും.

ചരിത്രവും ഭാവനയും ചേർത്ത് ഒരുക്കിയ പുസ്തകമാണിതെന്നു നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നുണ്ട്. പുസ്തകത്തിൽ  ആധുനിക കാലത്തെക്കുറിച്ചുള്ള നിഗമനങ്ങളും അനുമാനങ്ങളും  ചേർത്തിട്ടുണ്ട്.  ചരിത്രത്തിനു വസ്തുതകളുടെ പിൻബലമുണ്ടെങ്കിലും  നിഗമനങ്ങളെ സാധൂകരിക്കുന്നത് ഒരു പക്ഷെ നോവലിസ്റ്റ് മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കിയ വിവരങ്ങളോ അല്ലെങ്കിൽ നോവലിസ്റ്റിന്റെ തന്നെ പക്ഷപാതപരമായ വീക്ഷണങ്ങളോ ആകാം. അദ്ദേഹം എഴുതുന്നു 1860 ലും 1960 ലും 2020 ലും ചരിത്രം ആവർത്തിക്കുന്നു. അമേരിക്ക വർഗ്ഗീയതയുടെ പാതയിലൂടെ ചുവട് മാറ്റുന്നോ? ഇന്ത്യയിൽ ഹിന്ദു വർഗീയത പോലെ അമേരിക്കയിലും കൃസ്തീയ വർഗീയത വരുമോ എന്നു തുടങ്ങിയ  നോവലിസ്റ്റിന്റെ  ആശങ്കകൾക്ക് ഉപോൽബലകമായി വീണ്ടും മാധ്യമങ്ങളുടെ പ്രചരണമല്ലാതെ കൃത്യമായ രേഖകൾ ഉണ്ടോ എന്നറിയില്ല.  നോവലിസ്റ്റിനു ചരിത്ര നോവൽ എഴുതുമ്പോൾ മുൻവിധികൾ ആകാമെന്നത് അദ്ദേഹത്തിന്റെ   സ്വാതന്ത്ര്യമാണ്. പക്ഷെ അതൊന്നും ആരും ആധികാരികമായി സ്വീകരിക്കണമെന്നില്ല.

നോവൽ ആരംഭിക്കുന്നത് അടിമത്തം അവസാനിച്ചിട്ടില്ല എന്ന സൂചന നൽകിക്കൊണ്ടാണ്. മൂന്നു കഥാപാത്രങ്ങളുടെ സംസാരത്തിലൂടെ നോവൽ പുരോഗമിക്കുന്നു. ഓരോ സംഭവങ്ങളും ഘട്ടം ഘട്ടമായി ക്രമപ്പെടുത്തിയിട്ടുണ്ട് ന്യൂയോർക്കിൽ  കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് വ്യാജ കറൻസി കൈവശം എന്ന കുറ്റം ആരോപിച്ച് വെളുത്ത വർഗ്ഗക്കാരനായ ഒരു പോലീസ്കാരൻ  ഫ്‌ലോയ്ഡിന്റെ കഴുത്ത് തന്റെ മുട്ടുകൾക്കുളിൽ വച്ച് ശ്വാസം വിടാൻ സമ്മതിക്കാതെ കൊലപ്പെടുത്തിയ സംഭവം വിവരിച്ചുകൊണ്ട് നോവൽ ആരംഭിക്കുന്നു. കറുത്ത വർഗ്ഗക്കാർക്ക് ഇപ്പോഴും ശ്വാസം മുട്ടുന്നു എന്ന സൂചന തരുന്നു,

ഇത്തരം നോവലുകളുടെ ലക്‌ഷ്യം ചരിത്രപരമായ വിവരങ്ങൾ തെറ്റില്ലാതെ നിരത്തി വായനക്കാരെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നാണ്.  Anachronism  വരാതെ അതായത് കാലത്തിനു ചേരാത്ത കാര്യങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിടാതെയുള്ള വിവരങ്ങൾ. അതിനായ് നോവലിസ്റ്റ് ഗവേഷണം നടത്തുന്നു. അങ്ങനെ കണ്ടെത്തുന്ന വിവരങ്ങൾ ഭാവനാത്മകമായി കഥാരൂപത്തിൽ അവതരിപ്പിക്കുകയാണ്.  അതിനാൽ കഥാപാത്രങ്ങളുടെ വേദനകളും, ദുഖങ്ങളും വികാരസാന്ദ്രമായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  വായനക്കാരന്റെ മനസ്സിനെ ഏറെ നോവിപ്പിക്കുന്ന രംഗങ്ങൾ വളരെ അടക്കത്തോടെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.

വയലിൽ ജോലി ചെയ്യുന്ന അടിമപ്പെണ്ണിന്റെ മാദകമേനിയിൽ വെറിപൂണ്ട് കുതിരപ്പുറത്തെത്തുന്ന വയലിലെ കാര്യസ്ഥൻ  അവളെ  അടുത്തുള്ള കുറ്റിക്കാട്ടിൽ കോരിയെടുത്തുകൊണ്ടുപോയി  ബലാൽക്കാരം ചെയ്യുന്നത്  മനസ്സിലാക്കിയ അവളുടെ എട്ടുവയസ്സായ മകൻ അയാളോട് പകരം ചോദിക്കുന്നതും അതിനാൽ ആ ബാലനെ  നിഷ്കരുണം കൊന്നു കെട്ടിത്തൂക്കിയത് കരളലിയിക്കുവിധം വിവരിച്ചിട്ടുണ്ട്.  എട്ടുവയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ ബാലന്റെ ദുർബല ശരീരം വർണ്ണവെറിയുടെ പ്രതീകംമ്പോലെ മരക്കൊമ്പിൽ കിടന്നാടി എന്ന് നോവലിസ്റ്റ് എഴുതുന്നു.

അടിമസമ്പ്രദായത്തിന്റെ ഏറ്റവും ഘോരമായ അനുഭവം അവരോടുള്ള യജമാനന്മാരുടെ ക്രൂരമായ പെരുമാറ്റമാണ്.  ഒമ്പതുവയസ്സ് മുതൽ ഒരു അടിമപെൺകുട്ടി ലൈംഗിമായി ചൂഷണത്തിനിരയാകുന്നു.  അടിമപ്പെണ്ണുങ്ങൾ എത്രയും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നുവോ അത്രയും യജമാനന്മാർക്ക് സന്തോഷമാണ്. അതുകൊണ്ട് പണ്ടുകാലത്ത് കേരളത്തിൽ വിത്തുകാളകളുടെ അടുത്ത് പശുക്കളെ ഇണചേർക്കാൻ കൊണ്ടുപോകുന്നപോലെ പെണ്ണിനേയും ആണിനേയും ഒരു മുറിയിലേക്ക് വിടുന്നു. അവരുടെ  ലൈംഗികബന്ധം നോക്കിക്കണ്ടു രസിക്കുന്ന വെള്ളക്കാരൻ. ഗോത്രവർഗ്ഗക്കാരായ കറുമ്പിപെൺകുട്ടികൾ ചൂല് ചാടികടന്നാണ്‌ അവരുടെ പുരുഷനെ സ്വീകരിക്കുന്നത്. ഇവിടെ അവർക്ക് അവരുടെ ആചാരാനുഷ്ടാനങ്ങൾ ഇല്ല. അവരുടെ വളരെ വേദനാജനകമായ മാനസികാവസ്ഥ ഇത്തരം വിവരങ്ങളിലൂടെ നോവലിസ്റ്റ് ചൂണ്ടികാണിക്കുന്നു.ഒരു ഗോത്രവർഗ്ഗ സംസ്കാരത്തിൽ നിന്നും പിടിച്ചുകൊണ്ടുവന്ന ഈ നിരപരാധികൾ വെള്ളക്കാരന്റെ സംസ്കാരം കണ്ടു  അതിശയിക്കുന്നു. എതിർക്കാനോ  ചോദ്യം ചെയ്യാനോ അധികാരമില്ലാത്ത ജന്മം. 1620 ഇൽ ഇംഗ്ലണ്ടിൽ നിന്നും വന്നിറങ്ങിയവരെ തീർത്ഥാടക പിതാക്കന്മാർ എന്ന് വിശേഷിപ്പിക്കുമ്പോൾ  1619 ഇൽ വന്നിറങ്ങിയ ഇവർ അടിമകൾ  തന്നെ.  അന്ന് മുതൽ ഇന്നേവരെയുള്ള  അവരുടെ ചരിത്രത്തിൽ വിവേചനം ഒരു ഘടകമായി നിലകൊണ്ടിട്ടുണ്ടെന്നാണ് നോവലിസ്റ്റിന്റെ നിരീക്ഷണം.  

യജമാനൻകാരുടെ ക്രൂരതകളുടെ കാഠിന്യം മൂലം അടിമകളുടെ അസഹിഷ്ണുത വർധിക്കയും അവർ അക്രമകാരികൾ ആകുകയും ചെയ്തു. നാലാം അധ്യായത്തിലെത്തുമ്പോഴേക്കും  അവർ ഒളിച്ചോടാനും തന്മൂലം പിടിക്കപ്പെടാനും കൂടുതൽ ക്രൂരമായ ശിക്ഷകൾക്ക് വിധേയരാകാനും തുടങ്ങി. പീറ്റർ എന്ന ഒരു നല്ല മനുഷ്യൻ അടിമകൾക്ക് തുണയാകുന്നതും അയാളിൽ മോശയുടെ ആത്മാവ് പ്രവേശിക്കുന്നതും വിവരിക്കുന്നുണ്ട്.  അപ്പോഴേക്കും കൃസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം തുടങ്ങിയിരുന്നു.

അമേരിക്കയുടെ സ്വാതന്ത്ര്യസമരം, സിവിൽ യുദ്ധവും, സിവിൽ  റൈറ്റ്സ് പ്രസ്ഥാനം എന്നിവയെക്കുറിച്ചും വെള്ളക്കാരെയും കറമ്പരെയും വേർതിരിക്കുന്ന ജിംക്രോ നിയമത്തെപ്പറ്റിയുമെല്ലാം നോവലിൽ വിവരിക്കുന്നുണ്ട്. ആദ്യത്തെ ആഫ്രിക്കൻ വംശജയുംഅമേരിക്കൻ അടിമയുംമൂന്നാമത്തെ കൊളോണിയൽ അമേരിക്കൻ വനിതയുമായ     ഫില്ലിസിനെ കുറച്ച് പുസ്തകത്തിൽ പറയുന്നുണ്ട്.    വീറ്റ്‌ലി കുടുംബം വളർത്തുകയും വിദ്യാഭ്യാസം നൽകുകയും ചെയ്തു. അവർ കവിതകൾ എഴുതാൻ തുടങ്ങി. കൃസ്തുമതത്തിന്റെ പശ്ചാത്തലത്തിൽ അടിമത്തത്തെ ചോദ്യം ചെയ്യുന്നതായിരുന്നു അവരുടെ കവിതകളിലെ ഇതിവൃത്തം, 

കറുത്തവരുടെ ചരിത്രം പകർത്തുമ്പോൾ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടിമത്തത്തിനു നേരെ സമരം ചെയ്ത കറുത്തവർഗ്ഗക്കാരുടെ അഭിമാനമായി നിറഞ്ഞുനിൽക്കുന്ന മാർട്ടിൻ ലൂഥർ, റോസാ പാർക്സ്, ഫ്രഡറിക് ഡഗ്ളസ് തുടങ്ങി നിരവധി പേരുടെ സംഭാവനകൽ. നിരവധി അടിമകളെ രക്ഷിച്ച മോസസ് എന്നറിയപ്പെടുന്ന ഹരിയേറ്റ് ടബ്മാൻ, അടിമകളുടെ മിശിഹാ എബ്രഹാം ലിങ്കൺ അവരിലൂടെ അടിമകൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഹൃദയസ്പര്ശിയായി വിവരിച്ചുപോകുന്നതിനോടൊപ്പം ഭാരതത്തിലെ വർണ്ണ വ്യവസ്ഥ ജാതിയുടെ പേരിൽ ആയിരുന്നെന്നും പറയുന്നുണ്ട്.

അമേരിക്കയുടെ ആഗോളശക്തിയായിയുള്ള വളർച്ചയിൽ കറുത്ത വർഗ്ഗക്കാർ വഹിച്ച പങ്ക് സുപ്രധാനമാണ്. അടിമ എന്ന നിലയിൽ നിന്നും സാധരണ പൗരൻ എന്ന നിലയിലേക്കുള്ള അവരുടെ ഘട്ടം ഘട്ടമായുള്ള പ്രയാണം വളരെ വിശദമായി ഈ പുസ്തകത്തിൽ വായിക്കാം. ഇത്രയും ബൃഹത്തായ ഒരു നോവൽ രചിക്കാൻ സമയം കണ്ടെത്തിയ ശ്രീ സാംസി കൊടുമണ്ണിന്‌ ഭാവുകങ്ങൾ നേരുന്നു. 
ഈ പുസ്തകത്തിന്റെ കോപ്പിക്കായി കൈരളി ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്  എന്ന പ്രസാധകരുമായി ബന്ധപ്പെടാം. അവരുടെ ഫോൺ  0497-2761200 ഇമെയിൽ kairalibooksknr@gmail.com. അല്ലെങ്കിൽ ശ്രീ സാംസിയുമായി ബന്ധപ്പെടുക. 516-270-4302.

ശുഭം
 

Join WhatsApp News
M.Mathai 2026-02-28 12:34:58
ഇതേ കുറിച്ച് അമേരിക്കയിലേറെ വേറൊരു ഒരു (കു )പ്രസിദ്ധ സാഹിത്യകാരൻ ഈമലയാളിൽ ലേഖനം എഴുതിയിരുന്നു. ഒരു നോവലിസ്റ്റിനു ചരിത്ര നോവൽ എഴുതുമ്പോൾ മുൻവിധികൾ ആകാമെന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. പക്ഷെ അതൊന്നും ആരും ആധികാരികമായി സ്വീകരിക്കണമെന്നില്ല. അടിമത്തം മുഴുവൻ വെള്ളക്കാരുടെ തലയിൽ കെട്ടിവച്ചു നോവൽ എഴുതിയാൽ അത് സാഹിത്യത്തോടു ചെയുന്ന അനീതി അല്ലേ ? 1619-ഇലെ ഇംഗ്ലീഷ് സംസാരിക്കുന്ന വടക്കേ അമേരിക്കയിൽ ഇത് അടിമത്തത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നുണ്ടെങ്കിലും, 1526-ൽ തന്നെ ഫ്ലോറിഡ പോലുള്ള സ്പാനിഷ് കൊളോണിയൽ പ്രദേശങ്ങളിൽ അടിമകളായ ആഫ്രിക്കക്കാർ ഉണ്ടായിരുന്നു എന്ന് ചരിത്രം രേഖപെടുത്തുന്നു.( History,com ). 15 നൂറ്റാണ്ടുമുതൽ 19 നൂറ്റാണ്ടു വരെ നീണ്ടുനിന്ന അറ്റ്ലാന്റിക് അടിമക്കച്ചവടത്തിൽ, ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ അവരുടെ വീടുകളിൽ നിന്ന് ബലമായി പുറത്താക്കി, ചിലരെ അവരുടെ സ്വന്തം ഭരണാധികാരികളും മറ്റുള്ളവരെ എതിരാളികളും വിറ്റു.അറ്റ്ലാന്റിക് സമുദ്രത്തിലെ അടിമക്കച്ചവടത്തിനിടെ, പ്രത്യേകിച്ച് ഡഹോമി, ഒയോ, എൻഡോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആഫ്രിക്കൻ നേതാക്കളും വ്യാപാരികളും പിടികൂടിയ വ്യക്തികളെ യൂറോപ്യൻ വ്യാപാരികൾക്ക് വിറ്റു. എൻഡോംഗോയിലെ രാജ്ഞി എൻജിംഗ (എൻസിംഗ), ഡഹോമിയിലെ രാജാവ് ടെഗ്ബെസു, റെയ്ഡ്, തട്ടിക്കൊണ്ടുപോകൽ, അടിമക്കച്ചവടം എന്നിവയിൽ ഏർപ്പെട്ടിരുന്ന, പലപ്പോഴും പേരിടാത്ത വിവിധ പ്രാദേശിക നേതാക്കൾ എന്നിവരും പ്രമുഖരിൽ ഉൾപ്പെടുന്നു. ഇതിൽ വെള്ളക്കാരേ മാത്രം എങ്ങിനെയാ കുറ്റപ്പെടുത്താനാകുക ? ഒന്നോ രണ്ടോ പോലീസുകാർ നടത്തിയ ക്രൂര കൃത്യങ്ങളെ ഊതി വീർപ്പിച്ചു അമേരിക്ക മുഴുവൻ വംശീശവാദികൾ ആണെന്ന് വരുത്തി തീർക്കുന്ന ഒരു കൃതി എങ്ങിനെയാ ഇഷ്ട്ടപെടുക? അമേരിക്ക എന്ന രാജ്യം ഉണ്ടായതു മുതൽ ലോകത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്‌ . സാഹിത്യകാരന്മാർ അത് ഓർത്തിരിക്കുന്നത് നല്ലതായിരിക്കും. God Bless USA !
Jayan varghese 2026-02-28 19:12:39
ബലവാൻ ദുർബ്ബലനെ കീഴടക്കിയ ചരിത്ര നാൾവഴികൾ അടിമ /ഉടമ വേർതിരിവുകളിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. അത് മനുഷ്യ കഥയിലെ എപ്പിസോഡുകളിൽ എല്ലാ കാലത്തും ഉണ്ടായിരുന്നു. തന്റെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ കറുത്തു കൊഴുത്ത തമിഴത്തിപ്പെണ്ണിന്റെ അംഗ ലാവണ്യത്തിൽ വീണുപോയ കോർഫി സായിപ്പ് അവളെ തന്റെ കുതിരപ്പുറത്ത് വലിച്ചു കയറ്റി ഓടിച്ചു പോയി ആസ്വദിച്ച കഥ ബഹുമാന്യനായ ശ്രീ ഇ. എം. കോവൂർ ‘ മലകൾ ‘ എന്ന അദ്ദേഹത്തിന്റെ നോവലിൽ വിവരിക്കുന്നുണ്ട്.. സ്വന്തം അടുക്കളയിലെ ചൂടിലും കരിയിലും സ്വന്തം മോഹങ്ങൾ തളച്ചിട്ട് കൊണ്ട് ഉരുകി ഉരുകി അവസാനിക്കുന്ന നമ്മുടെ ഭാര്യമാരുടെ ഉടമകളായി ഞെളിഞ്ഞു നിൽക്കുകയല്ലേ നമ്മൾ ? സ്വാതന്ത്ര്യം ഒരു സ്വപ്നമാണ് . അതിന് പ്രേരകമായി വർത്തിച്ച അനേകായിരം സാഹചര്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് സംസ്ക്കാരം. എത്ര ചെറുതെങ്കിലും അവിടെ ഒരു തിരിവെട്ടമാവാൻ കഴിഞ്ഞ സാംസി അഭിവാദനങ്ങൾ അർഹിക്കുന്നു. ലക്ഷണമൊത്ത നിരൂപണത്തിലൂട പുസ്തക പരിചയം നിവഹിച്ച ശ്രീ സുധീർ പണിക്കവീട്ടിലും ആദരവുകൾ അർഹിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക