
കേരളത്തിന്റെ ആരോഗ്യവകുപ്പ് ഇന്ന് സാധാരണക്കാരന്റെ ശവപ്പെട്ടി പണിയുന്ന കശാപ്പുശാലയായി മാറിയിരിക്കുന്നു. അഴിമതിപ്പണം സി.പി.എം പാർട്ടി ഫണ്ടിലേക്ക് വകമാറ്റുമ്പോൾ, പാവപ്പെട്ടവന്റെ നികുതിപ്പണം സിസ്റ്റത്തിന്റെ പേരിൽ കൊള്ളയടിക്കപ്പെടുന്നു. ചോദിക്കാൻ ശക്തമായ പ്രതിപക്ഷം ഇല്ലാത്തത് ഈ ക്രിമിനൽ അനാസ്ഥകൾക്ക് വളമിടുന്നു. മരണവകുപ്പായി മാറിയ ആരോഗ്യവകുപ്പിലെ കഴിഞ്ഞ അഞ്ച് വർഷത്തെ ക്രൂരതകളുടെ പട്ടിക ഞെട്ടിക്കുന്നതാണ്.
1. ഹർഷീന മുതൽ ഉഷ വരെ: വയറ്റിൽ മറന്നുവെച്ച 'കത്രികകൾ'
ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ അഹങ്കാരത്തിന്റെയും ജാഗ്രതക്കുറവിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് ശസ്ത്രക്രിയക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം.
2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെ താമരശ്ശേരി സ്വദേശിനി ഹർഷീനയുടെ വയറ്റിൽ 'ആർട്ടറി ഫോഴ്‌സെപ്‌സ്' എന്ന കത്രിക മറന്നുവെച്ചു. അഞ്ച് വർഷത്തെ വേദനയ്ക്ക് ശേഷമാണ് ഇത് കണ്ടെത്തിയത്.
വയനാട് മെഡിക്കൽ കോളേജിൽ പ്രസവിച്ച ദേവി എന്ന യുവതിയുടെ വയറ്റിൽ നിന്ന് 75 ദിവസത്തിന് ശേഷമാണ് തുണിക്കഷ്ണം പുറത്തുവന്നത്..
"കത്രിക 50 കൊല്ലം വയറ്റിലിരുന്നാലും കുഴപ്പമില്ല" എന്ന് പറയുന്ന ഡോക്ടർമാരുടെ മനോഭാവം സ്വന്തം തൊഴിലിനോടുള്ള അനാദരവാണ്. നീതിക്കായി സെക്രട്ടേറിയറ്റ് പടിക്കൽ വരെ സമരം ചെയ്യേണ്ടി വരുന്ന ഇരകളെ സഹായിക്കുന്നതിന് പകരം സിസ്റ്റത്തെ വെള്ളപൂശാനാണ് ഭരണകൂടം മത്സരിക്കുന്നത്.
2. പിഞ്ചുകുഞ്ഞുങ്ങളോടും രോഗികളോടും കാട്ടുന്ന ക്രൂരത
വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയ ഒൻപത് വയസ്സുകാരി വിനോദിനിക്ക് ചികിത്സാപ്പിഴവ് കാരണം കൈ നഷ്ടപ്പെട്ടു. ഗവൺമെന്റ് ഒരു രൂപ പോലും നൽകാത്ത ആ കുടുംബത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സഹായമെത്തിച്ചത്.
സുമയ്യയുടെ ദുരന്തം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കാട്ടാക്കട സ്വദേശിനി സുമയ്യയുടെ നെഞ്ചിൽ 'ഗൈഡ് വയർ' കുടുങ്ങി. അത് നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആ വയറുമായാണ് സുമയ്യ ഇന്നും ജീവിക്കുന്നത്.
ഹാഷിമിന്റെ തകർന്ന ജീവിതം: വയനാട് മാനന്തവാടിയിൽ വെരിക്കോസ് വെയ്ൻ ചികിത്സയ്ക്കെത്തിയ ഹാഷിമിന് വലതുകാലിലെ മാറിപ്പോയ ഞരമ്പ് മുറിച്ചത് കാരണം ചലനശേഷിയും സർക്കാർ ജോലിയും നഷ്ടമായി.
കോന്നിയിലെ അനാസ്ഥ: കൈയൊടിഞ്ഞ് പ്ലാസ്റ്റർ ഇട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൻസീറിന്റെ കൈ വളഞ്ഞുപോയി.
3. ബിന്ദുവിന്റെ മരണം: ഭരണകൂടം നടത്തിയ കൊലപാതകം
ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചത് ചികിത്സ തേടിയെത്തിയ ബിന്ദു എന്ന സ്ത്രീയാണ്. അറ്റകുറ്റപ്പണിയിലെ അഴിമതിയാണ് ഒരു പാവപ്പെട്ടവളുടെ ജീവൻ എടുത്തത്. ഇതിനുപുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയും, എസ്.എ.ടിയിൽ അണുബാധയെ തുടർന്ന് യുവതിയും മരിച്ചു. വിളപ്പിൽശാലയിൽ ബിസ്മീറും നെടുമങ്ങാട് പ്രസവത്തിന് പിന്നാലെ കുഞ്ഞും മരിച്ച സംഭവങ്ങൾ ഈ പട്ടികയുടെ വ്യാപ്തി കൂട്ടുന്നു.
4. റിപ്പോർട്ട് തേടൽ' എന്ന പ്രഹസനം
ഒരു ദുരന്തം ഉണ്ടായാൽ ഉടനെ "റിപ്പോർട്ട് തേടി" എന്ന് പറയുന്നത് മന്ത്രി വീണാ ജോർജിന്റെ സ്ഥിരം പല്ലവിയാണ്.
വിവരാവകാശ രേഖകൾ പ്രകാരം 2021 ജൂൺ മുതൽ 2025 നവംബർ വരെ 43 തവണ മന്ത്രി റിപ്പോർട്ട് തേടി. എന്നാൽ 19 പ്രധാന പരാതികളിൽ 10 എണ്ണത്തിൽ മാത്രമാണ് റിപ്പോർട്ട് ലഭിച്ചത്.
ആകെ നടപടി നേരിട്ടത് വിരലിലെണ്ണാവുന്നവർ മാത്രമാണ് (ഡി.എച്ച്.എസ് പരിധിയിൽ 37 പേരും ഡി.എം.ഇ പരിധിയിൽ വെറും 7 പേരും).
എത്രപേർക്ക് സഹായധനം നൽകി എന്നോ തുടർച്ചികിത്സ നൽകി എന്നോ ഉള്ള ഒരു കണക്കും വകുപ്പിന്റെ കൈവശമില്ല.
5. അഴിമതിയും മരുന്നുക്ഷാമവും
മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ അഴിമതി വഴി ലഭിക്കുന്ന കോടികൾ പാർട്ടി ഫണ്ടിലേക്ക് വകമാറ്റുന്നു. മരുന്ന് കമ്പനികൾക്ക് പണം നൽകാൻ സർക്കാരിന് താല്പര്യമില്ല, എന്നാൽ കമ്മീഷൻ തുക പങ്കിട്ടെടുക്കാൻ വലിയ ഉത്സാഹമാണ്. കാരുണ്യ ഫാർമസികൾക്ക് മുന്നിൽ പാവപ്പെട്ടവൻ മരുന്നിനായി നെട്ടോട്ടമോടുമ്പോൾ അധികാരികൾ അഴിമതി ആഘോഷിക്കുകയാണ്.
6. പ്രതിപക്ഷത്തിന്റെ നിലപാടുകൾ
രമേശ് ചെന്നിത്തല തന്റെ കാലത്ത് അഴിമതികളെ കോടതി വരെ എത്തിച്ചിരുന്നു. എന്നാൽ ഇന്നത്തെ പ്രതിപക്ഷം പലപ്പോഴും വൈകിയാണ് ഉണരുന്നത്. വി.ഡി. സതീശൻ വിനോദിനിയെപ്പോലുള്ളവരെ സഹായിക്കാൻ മുന്നോട്ട് വന്നത് ശ്ലാഘനീയമാണെങ്കിലും, സർക്കാരിന്റെ ഈ ധാർഷ്ട്യത്തിനെതിരെ കൂടുതൽ ശക്തമായ ജനകീയ പോരാട്ടം ആവശ്യമാണ്.
ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവർക്ക് ജീവനോടെ തിരികെ പോകാൻ കഴിയാത്ത അവസ്ഥയാണ്. നികുതിപ്പണം 'വാങ്ങിയില്ലേ' എന്ന് ചോദിക്കുന്നവർ, ജനങ്ങളുടെ നെഞ്ചിൽ വേദന 'ഉരുകിയില്ലേ' എന്ന് കാണുന്നില്ല. അഴിമതിയുടെയും അനാസ്ഥയുടെയും ഈ ശവപ്പറമ്പിൽ പാവപ്പെട്ടവന്റെ ജീവന് പുല്ലുവിലയാണ് കല്പിക്കുന്നത്. ഇതിനെതിരെ ജനങ്ങൾ തന്നെ പ്രതികരിക്കേണ്ടി വരും.