
തിങ്കളാഴ്ച സ്ക്കൂൾ അസംബ്ളിയുടെ അവസാനം
ഹെഡ് മാസ്റ്റർ പറഞ്ഞു
'ഇനി സി.എം എസ് കോളേജിലെ കെമിസ്ടി സാർ നിങ്ങളോട് സംസാരിക്കും.: അഞ്ചര പതിറ്റാണ്ടിന് മുൻപ് കോട്ടയം സി.എം.എസ് ഹൈസ്കൂളിലെ വേദിയിൽ
സംസാരിക്കാൻ വന്ന ആളെ കണ്ടപ്പോൾ ഏഴാം ക്ലാസുകാരന് ഞെളിഞ്ഞ് ഇരിക്കാൻ തോന്നി.
"മന്ത്രസ്ഥായിൽ ശബ്ദമുയർത്താതെ ശാസ്ത്രത്തെ മധുരമുള്ള മിഠായി ആക്കി മാറ്റുന്ന രസതന്ത്രം അദേഹത്തിന്റെ വാക്കുകളിൽ....
ശാസ്ത്ര സാഹിത്യ പരിഷത്ത്, യുറേക്ക കുട്ടികളുടെ ശാസ്ത്ര മാസിക ഇവയൊക്കെ ആയിരുന്നു പ്രഭാഷണ വിഷയങ്ങൾ.
പ്രസംഗം കഴിഞ്ഞ് അടുത്തു ചെന്ന ഏഴാം ക്ലാസുകാരനോട് പേര് വിളിച്ച് സംസാരിച്ച ശിവദാസ് സാർ .
കണ്ട് നിന്ന കുട്ടുകാരൻ ത്യാഗരാജനോട് മേനി പറഞ്ഞു "എന്റെ അമ്മായിയുടെ ചേച്ചിയുടെ ഭർത്താവാണ്"
പിന്നീട് പരിഷത്തിന്റെ പ്രസിദ്ധീകരണമായ "യുറീക്കാ" യുടെ സാരഥ്യം ഏറ്റെടുത്തപ്പോൾ അദേഹം " യുറീക്ക മാമനായി "മാറി.
ശാസ്ത്ര സത്യങ്ങളും , രസതന്ത്ര തത്ത്വങ്ങളും. ചെറിയ കഥകളിൽ, ചെറിയ വാക്കുകളിൽ അദ്ദേഹം പറഞ്ഞു.
മക്കളായ ദീപുവും,അപുവും കൂടാതെ അയൽപക്കത്തെ ജോൺ സാറിന്റെ മകൾ മിനിയും കഥാ പാത്രങ്ങളായ കഥകൾ ശാസ്ത്ര സാഹിത്യത്തെ ജനകീയമാക്കി.
ഏത് വിഷയത്തെക്കുറിച്ച് ഏഴുതുമ്പോഴും അദ്ദേഹത്തിന്റെ ഭാഷ സരളവും സൗമ്യവുമായിരുന്നു.

ഉല്ലല എന്ന ചെറിയ ഗ്രാമത്തിൽ വളർന്ന് നാട്ടിൻപുറത്തിന്റെ നന്മകൾ ഉള്ളിലേറ്റുന്ന അദേഹത്തിന്റെ കൗമാരയൗവന കാലത്തെ നീറുന്ന അനുഭവങ്ങൾ ഉൾക്കരുത്തായി
വൈക്കം സത്യാഗ്രഹ സമരം സ്വാതന്ത്യ സമരത്തിന്റെയും , സാമൂഹ്യ നീതിക്ക് വേണ്ടിയുളള പോരാട്ടത്തിന്റെയും കേരള മാതൃകയാണ്.
തീണ്ടാപാട് അകലെ നിർത്തിയവർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനും ,
തുല്യ അവകാശത്തിനും വേണ്ടിയുളള ഈ സമരത്തിന് വേദിയായത് വൈക്കം ക്ഷേത്രവും ചുറ്റുപാടുകളുമായിരുന്നു.
മഹാത്മാഗാന്ധിജി നേരിട്ട് പങ്കെടുത്ത 603 ദിവസം നീണ്ട സമരത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരെ സ്വീകരിച്ച് ഭക്ഷണവും പാർപ്പിടവും ഒരുക്കിയ സംഘാടക സമിതിയിലെ പ്രഥാനി ഉല്ലല മണ്ഡപത്തിൽ വീട്ടിലെ ശങ്കരൻ നായരായിരുന്നു. ഗാന്ധിയനും സാമുഹിക പ്രവർത്തകനുമായിരുന്ന അദ്ദേഹം വൈക്കത്ത് എത്തിയവർക്ക് അവരവരുടെ നാട്ടിലെ ഭക്ഷണം വിളമ്പി.
പഞ്ചാബിൽ നിന്നും എത്തിയ അകാലി സമര സേനാനികളുടെ ഇഷ്ട ഭക്ഷണം ചപ്പാത്തിയാണ് എന്ന് അദ്ദേഹം കണ്ടെത്തി. കേരളത്തിൽ അതുവരെ ലഭിക്കാതിരുന്ന വിളഞ്ഞ ഗോതമ്പ് മാവിൽ നിന്ന് ചുട്ടെടുക്കുന്ന ചപ്പാത്തിയുടെ നിർമിതി അദ്ദേഹം അവരിൽ നിന്നു തന്നെ സ്വായത്തമാക്കി.

മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്
" കേരളത്തിൽ ചപ്പാത്തിയെ പരിചയപ്പെടുത്ത മലയാളി "എന്ന അംഗീകാരം നൽകിയത് പ്രൊഫ. ശിവദാസ് സാറിന്റെ പിതാവ് മണ്ഡപത്തിൽ ശങ്കരൻ നായർക്കാണ്.ഗ ഗാന്ധിജിയുടെ ഒപ്പം ശങ്കരൻ നായർ നിൽക്കുന്ന അപൂർവ്വ ചിത്രം മനോരമയിലെത്തി.ഇതിന്റെ കോപ്പി നൽകി മലയാള മനോരമ മുഖ്യ പത്രാധിപർ മാമ്മൻ മാത്യു ശിവദാസ് സാറിനോട് ഉള്ള സ്നേഹം വെളിപ്പെടുത്തി.
സമര സേനാനികൾക്ക് നൽകിയ ചപ്പാത്തി നമ്മുടെ ഭക്ഷണ മേശകളിൽ
അവിഭ്യാജ്യ ഭക്ഷണമായി.
ശിവദാസ് സാർ രസതന്ത്രം ഐച്ചികമായി എടുത്ത് ബിരുദത്തിന് പഠിച്ചത് പാലയിൽ ആയിരുന്നു. പരീക്ഷയുടെ രണ്ടു ദിവസം മുൻപ് അഛനെ കോട്ടയം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി എന്ന് അറിഞ്ഞ് ഓടിയെത്തി. മകന്റെ കൈ പിടിച്ച് ഓപ്പറേഷൻ തീയറ്റിലേക്ക് പോയ ശങ്കരൻ നായർ എന്നന്നേക്കുമായി വിടപറഞ്ഞു
ആംബുലൻസുകളില്ലാത്ത ആ കാലത്ത് തണുത്തു മരച്ച ഭൗതികശരീരം ഒരു അംബാസിഡർ കാറിന്റെ പിൻസീറ്റിൽ ഇരുന്ന് മടിയിൽ ചേർത്തുപിടിക്കുമ്പോൾ അഛന്റെ കാലുകൾ കാറിന്റെ താഴ്ത്തി വച്ച ജനൽ ചില്ലകൾക്ക് പുറത്തായിരുന്നു എന്ന് ശിവദാസ് എന്ന കോളേജ് വിദ്യാർത്ഥി മിഴിനീരിനിടയിലും കണ്ടു.
അഛന്റെ ആകസ്മിക വിട വാങ്ങൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ അദേഹത്തിന്റെ തോളിലെത്തിച്ചു
അനുജന്മാരുടെ പഠനം, സഹോദരിയുടെ വിദ്യാഭ്യാസം വിവാഹം.
ഇതെല്ലാം അഛന്റെ സ്ഥാനത്ത് നിന്ന് അദേഹം നടത്തി.
പ്രതിസന്ധികൾ ഉള്ളിലെ നീരുറവകളെ തളർത്തിയില്ല.

1962 മുതൽ സി.എം.എസ് കോളേജിൽ അധ്യാപകനായി. കോളേജിന് ചുറ്റും മാറി മാറി താമസിച്ച വാടക വീടുകൾ. ഇതിനിടെ കാണക്കാരി കണിയാം കുന്നിലെ സുമയെ വിവാഹം കഴിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്തു പ്രവർത്തനങ്ങൾക്കിടയിൽ യുറേക്കാ, ശാസ്ത്ര കേരളം എന്നിവയിൽ എഴുതിയ കഥകളും,ലേഖനങ്ങളും പുസ്തക രൂപത്തിൽ എത്തിയപ്പോൾ മലയാളത്തിൽ ശാസ്ത്ര സാഹിത്യത്തിൽ സ്വന്തം വഴി അദ്ദേഹം തുറന്നു .പി.ടി.ഭാസ്കര പണിക്കരായിരുന്നു ഈ പ്രവർത്തനങ്ങളിൽ ഗുരു.
ലേബർ ഇന്ത്യാ പ്രസിദ്ധീകരണങ്ങളുടെ ഉടമ ജോർജ്ജ് കുളങ്ങരയും , പുമ്പാറ്റയുടെ മുൻ പത്രാധിപർ ആർ.ഗോപാലകൃഷ്ണനുമായുളള അടുപ്പമാണ് പ്രസാധനത്തിൽ തരംഗം സൃഷ്ടിച്ച സാറിന്റെ ഇരുന്നുറിലേറെ പുസ്തകങ്ങളുടെ പ്രകാശനത്തിന് വഴി തെളിച്ചത്.
പിന്നെ കേരളത്തിലെ എല്ലാ പ്രസാധനശാലകളും പ്രൊഫ എസ്. ശിവദാസ് സാറിന്റെ പുസ്തകൾ വായനക്കാർക്കായി നൽകി.
പുരസ്ക്കാരങ്ങൾ എറെ അദ്ദേഹത്തെ തേടിയെത്തി.
ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2015), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാർഡ് (1995),കേരള സാഹിത്യ അക്കാദമി അവാർഡ് (1997),പരാഗ് ബിഗ് ലിറ്റിൽ ബുക്ക് ബാലസാഹിത്യ പുരസ്കാരം(2021).
സുമ ചേച്ചി എന്ന സുമാ ശിവദാസിന്റെ പാചകഗ്രന്ഥങ്ങളും ശ്രദ്ധേയങ്ങളായി. രണ്ടേമുക്കാൽ ലക്ഷത്തിലേറെ
ഫോളവർമാരുള്ള ടീച്ചറിന്റെ യു ട്യൂബ് ചാനൽ വലിയ സന്ദേശങ്ങൾ നൽകുന്നു.
"യുറേക്കാ മാമന്" എൺപത്തിയാറ് തികയുന്നു. ഇപ്പോൾ "സയൻസ് മാമൻ " എന്ന് ആദരവോടെ വിളിക്കപ്പെടുന്ന ശിവദാസ് സാറിനെ ആദരിക്കാൻ സി.എം.എസ് കോളജ് ഗ്രയിറ്റ് ഹാളിൽ ഫെബ്രുവരി 28 വൈകുന്നേരം സ്നേഹ സംഗമം ഒരുക്കുന്നു.
സാറിന്റെ ആദ്യകാല ശാസ്ത്ര കഥകളിലെ കഥാപാത്രങ്ങളായ ദീപുവും ,അപൂവും പഠിച്ച് മിടുക്കരായി ഉന്നത സ്ഥാനങ്ങളിൽ .
മിനിയാവട്ടെ ഭർത്താവ് പുന്നുസ് ജോർജിന്റെ സെയിൻറ്റ് ഗ്രിറ്റ്സ് വിദ്യാഭ്യാസ സ്ഥാപനങളുടെ മേൽനോട്ടത്തിലാണ്.ഇവരുടെ മക്കൾ സാറ് എഴുതിയ കുഞ്ഞ് മാലാഖയുടെ കഥ വായിക്കുന്നു.
തലമുറകൾ കടന്ന് പുസ്തകൾ മനസ്സുകളെ കീഴടക്കുമ്പോഴാണല്ലോ ക്ലാസ്സിക്കുകൾ പിറക്കുന്നത്.
സി.എം.എസ്സ് കോളേജിന്റെ പിന്നിലെ അണ്ണാൻ കുന്നിലെ വീട്ടിൽ സാറും സുമ ചേച്ചിയും ഇപ്പോഴും കുട്ടികളോട് സംവദിക്കുന്നു. വിജ്ഞാനം ചെറു വാക്കുകളിൽ പരത്തുന്ന പ്രകാശഗോപുരമായി ശിവദാസ് സാർ.