
ആശാന്‍ കളരിയില്‍ ഒപ്പം പഠിച്ച, ഇണപിരിയാതെ എപ്പോഴും മുട്ടിയുരുമ്മി നടക്കുമായിരുന്ന പ്രിയ ചങ്ങാതി, “ഊസേപ്പ്” എന്ന് താന്‍ വിളിക്കുമായിരുന്ന യൂസഫിന്‍റെ വീടിനു മുന്നിലെത്തിയതും, കാലിനു ബലക്ഷയം സംഭവിച്ചപോലെ ഉമയുടെ നടത്തം ഒന്നയഞ്ഞു. അവളാ വീട്ടിലേയ്ക്ക് നോക്കി. എങ്ങാനും തന്‍റെ കളിക്കൂട്ടുകാരനനെ ഒരുനോക്ക് കാണാന്‍ പറ്റിയാലോ? തുരുമ്പിച്ച ഗേറ്റ് കാലങ്ങളായി അടഞ്ഞു കിടക്കുകയാണെന്ന് തോന്നി. അവരെപ്പറ്റിയൊന്നും ഇപ്പോള്‍ ഒരു വിവരവുമില്ല. താമസം ഇവിടെത്തന്നെയാണോ എന്നുമറിയില്ല. മുന്നോട്ടുള്ള നടത്തത്തിനവള്‍ വേഗത കൂട്ടി.
പത്തടി നടന്നതേയുള്ളു. ദേവീ.... അമര്‍ത്തിയ ഒരു വിളി, കാതിറമ്പില്‍ വന്നു മുട്ടിയതുപോലെ തോന്നി..
ആരാണ് തന്നെ വിളിച്ചത്? ഈ സ്വരം.. ഇത് ശേഖരെട്ടന്‍റെയല്ലേ? ഇന്നാട്ടില്‍ ഇങ്ങനെ വിളിക്കാള്‍ ഒരാളേ തനിക്കുണ്ടായിരുന്നുള്ളൂ. ഉമ കണ്ടു, താന്‍ ശേഖരേട്ടന്റെ വീടെത്തിയിരിക്കുന്നു. ഉടുമുണ്ട് പിന്നിലേയ്ക്ക് മടക്കിയുയര്‍ത്തി ഇടത്തെ കൈവിരല്‍കൊണ്ട് അതിന്‍റെ തുമ്പില്‍ പിടിച്ച് താളഭംഗിയോടെ ഒരു പ്രത്യേക ചന്തത്തില്‍ സാവധാനം നടക്കുന്ന., കൗമാരത്തില്‍ നിഴല്‍പോലെ എന്നും എവിടെയും തന്നെ പിന്തുടരുമായിരുന്ന ശേഖരേട്ടന്‍, ചെറിയേട്ടന്‍റെ സുഹൃത്തുകൂടി ആയിരുന്നു. ഉമാദേവിയെന്ന തന്‍റെ മുഴുവന്‍ പേരിന്‍റെ ആദ്യപകുതി അടര്‍ത്തിമാറ്റി ദേവി എന്ന്മാത്രം വിളിക്കുന്ന ഒരേയൊരാള്‍ ശേഖരേട്ടനാണ്.., എന്തുകൊണ്ടോ ഉമയുടെ ഉള്ളില്‍ നുരയടങ്ങിയ മധുരിക്കുന്ന ഭൂതകാലസ്മൃതിയുടെ തിരത്തള്ളലില്‍ ഒരു തേങ്ങല്‍ വന്നടിഞ്ഞു.
അടുത്ത തിരിവിന്‍റെ തൊട്ടപ്പുറത്താണ് നാലാം ക്ലാസ്സുവരെ പഠിച്ച LP സ്കൂള്‍. ഉമ തന്‍റെ ബാല്യം പിന്നിട്ട സ്കൂള്‍മുറ്റത്ത് പണ്ടെങ്ങോ ചിതറിവീണ നനുത്ത ഓര്‍മ്മകള്‍ പരതി. അവിടുന്ന് കൈമോശം വന്ന ഏതാനും വളപ്പൊട്ടുകള്‍ വീണ്ടെടുത്തു. പൊട്ടിയ ചോക്കുതുണ്ടുകളും ഒടിഞ്ഞ കല്ലുപെന്‍സിലുകളും സ്ലേറ്റ് പലകയും മഷിതണ്ടും കണ്ടെടുത്തു. സ്കൂള്‍മുറ്റത്തൊരു കോണില്‍ പടര്‍ന്നു കിടന്നിരുന്ന എന്നോ കാലഹരണപ്പെട്ട ഞൊട്ടാഞൊടിയനും അമ്മിണിച്ചേച്ചി ഉപ്പുമാവുണ്ടാക്കുന്ന പഴയ കുശിനിപ്പുരയും കാണാന്‍ കണ്ണുകള്‍ കൊതിച്ചു... കാലം മാറിയപ്പോള്‍ പഴമയും പഴമയുടെ ഗന്ധവും കാലഹരണപ്പെട്ടു. സാമൂഹ്യ പുരോഗതിയുടെ കടന്നുകയറ്റത്തില്‍ നവോത്ഥാനത്തിന്‍റെ വഴികളില്‍ അവയെല്ലാം ഓരോന്നായി തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. കുട്ടികള്‍ പോലും വിരലിലെണ്ണാന്‍ മാത്രമായിരിക്കുന്നു, ഇന്ന് സര്‍ക്കാര്‍ സ്കൂളുകളില്‍.
അവിടെനിന്ന് കുറച്ചു മുന്നോട്ടു പോയാല്‍ വീണ്ടും പ്രധാനപാത രണ്ടായി തിരിയുകയാണ്. ഏതു വഴി തിരിഞ്ഞു പോയാലും വീട്ടിലെത്താം..പുലര്‍ച്ച ആയതുകൊണ്ടാവാം, റോഡില്‍ ആള്‍പ്പെരുമാറ്റം കുറവാണ്. പഴയ പരിചയക്കാരെ ആരെയും വഴിയരികില്‍ പോലും ഇപ്പോള്‍ കാണാനില്ല. വീടുകളെല്ലാം അടഞ്ഞു കിടക്കുന്നു.
നേരേ പോയാല്‍ പഴയ രാജകൊട്ടാരം വക ക്ഷേത്രമാണ്. ക്ഷേത്രപ്രതിഷ്ഠ, അനന്തശയനമെന്നും സന്താനഗോപാലമെന്നും ജനങ്ങള്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ട്. ഉമ കുട്ടിക്കാലത്തെപ്പോഴോ ഉള്ളില്‍ കയറി തൊഴുതിട്ടുള്ളതാണ്. എങ്കിലും അനന്തശയനമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പിന്നെന്താണെന്ന് ചോദിച്ചാല്‍ അതും വ്യക്തമല്ല. അമ്പലത്തിന്‍റെ ആല്‍ത്തയ്ക്കലെത്തിയവള്‍ ഒരുമാത്ര നിന്നു..താന്‍ ആകെ മുഷിഞ്ഞിരിക്കുന്നു. ഉള്ളില്‍ കയറുന്നില്ലെന്നു തീരുമാനിച്ച് ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ഥിച്ചു. തൊട്ടടുത്ത് അമ്പലത്തിനോടു ചേര്‍ന്ന് സരസ്വതീപുരം കൊട്ടാരം. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സംഗീതംകൊണ്ട് മുഖരിതമായ അന്തരീക്ഷമാണ് കൊട്ടരക്കെട്ടിനുള്ളില്‍. അതനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ്. അന്ന് ചെറിയ ക്ലാസ്സില്‍ തന്നോടൊപ്പം പഠിച്ച സുഭഗനും സുന്ദരനുമായ രാജ്കുമാര്‍ എന്ന ഇളമുറത്തമ്പുരാനെ ഉമ പെട്ടെന്നോര്‍ത്തുപോയി.
ദൂരെനിന്നൊരു സ്ത്രീ ആല്‍ത്തറയ്ക്കരികിലേയ്ക്ക് വേഗം നടന്നു വരുന്നത് ഉമ കണ്ടു. .
ഇതാര് ഉമയോ? അടുത്തെത്തി അവര്‍ ചിരിച്ചുകൊണ്ട് കയ്യില്‍ പിടിച്ചു.. എത്രയോ വര്‍ഷമായി നമ്മള്‍ കണ്ടിട്ട്? ഉമയ്ക്കെന്നെ മനസ്സിലായോ? അവര്‍ ചോദിച്ചു.
ഉമ പഴയ ഓര്‍മ്മകളുടെ ഭാണ്ഡം കുടഞ്ഞിട്ടു പരതി. വിദൂരസ്മരണയില്‍ പോലും മുഖം തെളിയുന്നില്ല. .
ഇല്ല..ട്ടോ? ജാള്യത മറച്ചു വച്ച് നിസ്സഹായതയോടെ ഉമ പ്രതിവചിച്ചു.
ഓര്‍ക്കുന്നില്ലേ? ഞാന്‍ പ്രേമയാ, ചിറ്റേടത്തെ. നമ്മള്‍ ഒന്നിച്ചാണ് സ്കൂളിലും പിന്നെ ഉത്സവം കൂടാനുമൊക്കെ പോകുമായിരുന്നത്...
എന്നിട്ടും മനസ്സിലാകാതെ ഉമ നിന്നു നട്ടം തിരിഞ്ഞു.
എന്നെ എങ്ങനെ മനസ്സിലായി? ഉമയുടെ ചോദ്യം അവരെ ആശയക്കുഴപ്പത്തിലാക്കി.
ഉമ അന്നത്തെപ്പോലെ തന്നെയുണ്ട്. വലിയ മാറ്റമൊന്നുമില്ല.
പഴയ മുഖച്ഛായ മാറിയിട്ടുണ്ടാകും. സുഖമല്ലേ? ഉമ ലോഹ്യം ചോദിച്ചു. ശരി, പ്രേമേ കാണാം. മുഖത്തെ ചളിപ്പ് മറച്ചുപിടിച്ചു യാത്രപറഞ്ഞ ഉമ മുന്നോട്ടു ചുവടുകള്‍ വച്ചതും മിന്നല്‍ പോലെ ഒരു മുഖം ഉള്ളില്‍ തെളിഞ്ഞുമാഞ്ഞു. പെട്ടെന്നു തന്നെ ആളെ പിടികിട്ടി.
“കഷ്ടമായി.” കുറ്റബോധത്തോടൊപ്പം മറ്റൊന്നുകൂടി അപ്പോള്‍ മനസ്സിലേയ്ക്ക് വന്നു. പലരെയും കാണാന്‍ ആഗ്രഹിച്ച താന്‍ ഒരാളെയും ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയണമെന്നില്ല. ഇനിയും താന്‍ ചമ്മാനിരിക്കുന്നതേയുള്ളു. സ്വപ്നസമാനമായ വ്യര്‍ത്ഥചിന്തകളും ഭാവനകളും അര്‍ത്ഥശൂന്യതയുടെ കുപ്പായമണിഞ്ഞ വെറും വ്യാമോഹങ്ങളാണ്. സത്യവും സാക്ഷാല്‍ക്കാരവും കാതങ്ങള്‍ക്കകലെയാണ്. ഓര്‍മ്മകള്‍ പോലും തനിക്ക് മാഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇനിയെങ്ങോട്ട്? നേരെ തറവാട്ടിലേയ്ക്കോ അതോ കാണാനും അറിയാനും ഏറെ ആഗ്രഹത്തോടെ ഓടിവന്ന പ്രിയ കൂട്ടുകാരി സീതമ്മയുടെ അടുത്തേയ്ക്കോ പോകേണ്ടത് എന്നൊരു നിമിഷം ശങ്കിച്ചു.... കൊട്ടാരത്തിനു പിന്നിലായാണ് തന്‍റെ ബാല്യകാലസഖി സീതമ്മയുടെ വീട്. കൊട്ടാര മതില്‍ക്കെട്ടിനെ ചുറ്റിവളഞ്ഞു പോകുന്ന ഒരു കുണ്ടനിടവഴിയുണ്ടായിരുന്നു. അത് ചെന്നവസാനിക്കുന്നത് കുശവക്കോളനിയിലാണ്. അതിനപ്പുറം ഉദയപുരം കൊട്ടാരം. അതങ്ങോട്ടേയ്ക്കുള്ള ഒരു കുറുക്കുവഴിയായിരുന്നു. ആ വഴി ഇപ്പോള്‍ കാണാനില്ല. വഴികളെല്ലാം വീടുകളായിരിക്കുന്നുവോ?.
കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ലവള്‍ക്ക്. നേര്‍വഴിയെതന്നെ പോകാം എന്ന് തീരുമാനിച്ചു. വളഞ്ഞവഴി തനിക്കു ശീലമില്ലാത്തതുമാണ്. പുതിയ ശീലങ്ങള്‍ തുടങ്ങുമ്പോള്‍ വഴികള്‍ സുഗമമാവണമെന്നില്ല.
പ്രേമയുടെ വീടിനു മുന്നിലൂടെ കടന്നു പോകവെയാണ് അതിന്‍റെ എതിര്‍ഭാഗത്തിരിക്കുന്ന ആ പഴയ വീട് ഉമ ശ്രദ്ധിച്ചത്. ഇടിമിന്നലേറ്റ കണക്കെ ഒരു വിദ്യുത് തരംഗം മസ്തിഷ്ക്കത്തിലൂടെ പാഞ്ഞു. കുട്ടിക്കാലത്തെങ്ങോ അറിയാതെ ഉള്ളിലെത്തിയ വിരുദ്ധാഹാരംപോലെ അനേകകാലം ദഹിക്കാതെ മനസ്സില്‍കിടന്നിരുന്ന ഒരു സംഭവം മിന്നിത്തെളിഞ്ഞതപ്പോഴാണ്. പ്രേമയുടെ മുഖം കൂടുതല്‍ മിഴിവാര്‍ന്നു. തങ്ങള്‍ രണ്ടാളുംകൂടി പൊഴിഞ്ഞു കിടക്കുന്ന അമ്പഴങ്ങാ പെറുക്കാനാണ് ഒരുച്ചതിരിഞ്ഞനേരത്ത് അവിടേയ്ക്കു പോയത്. വീടിന്‍റെ പിന്നാമ്പുറത്ത് പാതിതുറന്ന ജനാല തങ്ങള്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഉള്ളില്‍ നിന്നു കേട്ട അപശബ്ദം എന്തെന്നറിയാനാണ് ചുറ്റും പരതിയതും അവിടെക്കണ്ട ജനലഴികളില്‍ അള്ളിപ്പിടിച്ചു കയറി ഉള്ളിലേയ്ക്ക് നോക്കിയതും. മുറിയ്ക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ രണ്ടു ചെറുപ്പക്കാര്‍ നഗ്നരായി നിന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് അവ്യക്തമായി കണ്ടു. അയ്യേ! എന്നു മുഖം ചുളിച്ചുകൊണ്ട് രണ്ടാളും അവടെനിന്നിറങ്ങി ഓടി, എതിര്‍വശത്തുതന്നെയുള്ള പ്രേമയുടെ വീട്ടിലാണ് ചെന്നുനിന്നത്. അന്ന് തങ്ങള്‍ക്കൊന്നും മനസ്സിലായിരുന്നില്ല. എന്നാല്‍ ഇന്നതിന്‍റെ അര്‍ഥം തനിക്കാരും പറഞ്ഞുതരേണ്ട കാര്യമില്ല. “ഗേ”യെന്നാല്‍ എന്താണെന്നു തനിക്കറിയാം. പ്രേമയതിപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുമോ എന്തോ?
എവിടെനിന്നോവന്ന ഒരീറന്‍കാറ്റ് ഉമയെ ഇക്കിളികൂട്ടി കടന്നുപോയി തണുപ്പു തുടങ്ങിയിരിക്കുന്നു. ഇലകളില്‍ മഞ്ഞുകണങ്ങള്‍ മുത്തമിടുന്നത് കാണാന്‍ അതീവ ഭംഗി. വല്ലരികളില്‍ ചിലത് ബാലസൂര്യന്‍ കൊടുത്തയച്ച വൈരമോതിരം അണിഞ്ഞു നില്‍ക്കുന്നു. കാണാന്‍ കൊതിച്ച കണ്ണിത്തുള്ളിച്ചെടികള്‍ കയ്യാലമേല്‍ കമിഴ്ന്നു കിടന്നു കണ്ണീരിറ്റുന്നതു കണ്ടു.. ഉമയത് കയ്യെത്തിയടര്‍ത്തിയെടുത്ത് കുട്ടിക്കാലത്ത് ചെയ്യാറുള്ളതുപോലെ കണ്ണോടു ചേര്‍ത്തതിന്‍റെ സ്നിഗ്ദ്ധത തൊട്ടറിഞ്ഞു. മഞ്ഞിലുറഞ്ഞ മകരക്കുളിര്‍ കുടഞ്ഞുകളഞ്ഞ് ഉമ വര്‍ഷങ്ങള്‍ക്കപ്പുറം മറന്നുവച്ച ആമലകീഫലം തേടി, അതിന്‍റെ ചവര്‍പ്പും മധുരവും തേടി, ആ കുശവക്കുടി ലക്ഷ്യമാക്കി മുന്നോട്ടു നടന്നു.
തുടരും.......
Read More: https://www.emalayalee.com/writer/318