Image

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ: 'ചര്‍ച്ചയില്‍ അഭിമാനം' മലയാളത്തില്‍ കുറിപ്പിട്ട് പ്രധാനമന്ത്രി

Published on 27 February, 2026
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ: 'ചര്‍ച്ചയില്‍ അഭിമാനം' മലയാളത്തില്‍ കുറിപ്പിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി : യാക്കോബായ സഭാ പരമാധ്യക്ഷൻ പരിശുദ്ധ മാർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിരവധി സുപ്രധാന വിഷയങ്ങളിൽ പോസിറ്റീവായ ചർച്ചകൾ നടന്നുവെന്ന് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

 “അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പാത്രിയർക്കീസും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ സമഗ്രമായ ചർച്ച നടത്തി,”  എക്സിൽ മലയാളത്തിൽ പങ്കുവെച്ച  പോസ്റ്റിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാക്കോബായ സഭാ പ്രതിനിധികളും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച നടന്നത്. സഭകള്‍ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സഭാ തര്‍ക്കം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. 

വിഘടിച്ചു നില്‍ക്കുന്ന സഭകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോടതിക്ക് പുറത്തുള്ള തര്‍ക്കപരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. 

സഭാ തര്‍ക്കത്തിന് പുറമെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ന്യൂനപക്ഷങ്ങളിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്ന് സഭാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക