
മുംബൈ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. ഒൻപത് ദിവസത്തെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് കാർണി വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മുംബൈയിലെത്തിയത്. ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം കാനഡയുടെ ഭരണത്തലവനായി ചുമതലയേറ്റ കാർണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്. മുംബൈയിൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
കാനഡയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പുനരുജ്ജീവിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട. മാർച്ച് 1ന് ന്യൂഡൽഹി ഡൽഹിയിലെത്തുന്ന കാർണി മാർച്ച് 2 ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തും. ഇന്ത്യയുടെ ആണവോർജ്ജ മേഖലയിലേക്ക് ആവശ്യമായ യുറേനിയം ലഭ്യമാക്കുന്നതിനായി 280 കോടി ഡോളറിന്റെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടേക്കും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യ മാക്കാനുള്ള ചർച്ചകളും നടക്കും. കനേഡിയൻ പെൻഷൻ ഫണ്ടുകൾക്ക് ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വലിയ നിക്ഷേപ സാധ്യതകളാണ് കാർണി കാണുന്നത്. ഫെബ്രുവരി 28ന് മുംബൈയിലെ പ്രമുഖ വ്യവസായ പ്രമുഖരുമായും കനേഡിയൻ പെൻഷൻ ഫണ്ട് പ്രതിനിധികളുമായും കാർണി ചർച്ച നടത്തും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഖലിസ്ഥാൻ വിഘടനവാദം, ഹർദീപ് സിംഗ് നിജ്ജാർ വധം തുടങ്ങിയ വിഷയങ്ങളെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലു കളുുണ്ടായിരുന്നു. എന്നാൽ മാർക്ക് കാർണി അധികാരമേറ്റതോടെ ഈ ബന്ധം വീണ്ടെടു ക്കാനുള്ള ശ്രമങ്ങൾ സജീവമായി. കഴിഞ്ഞ വർഷം ആൽബെർട്ടയിൽ നടന്ന ജി 7 ഉച്ചകോടിയിലേക്ക് അദ്ദേഹം പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത് ഈ മാറ്റത്തിന്റെ തുടക്കമായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുമായുള്ള വ്യാപാര ബന്ധം 2030-ഓടെ 7000 കോടി ഡോളറായി ഉയർത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇന്ത്യൻ പര്യടനത്തിന് ശേഷം കാർണി ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും സന്ദർശിക്കും.