Image

ഒഴിവാക്കപ്പെട്ടതില്‍ കെ.കെ ശൈലജയ്ക്ക് അതൃപ്തി; വനിതാ മുഖ്യമന്ത്രി സാധ്യതയടച്ച് സി.പി.എം (എ.എസ് ശ്രീകുമാര്‍)

Published on 27 February, 2026
ഒഴിവാക്കപ്പെട്ടതില്‍ കെ.കെ ശൈലജയ്ക്ക് അതൃപ്തി; വനിതാ മുഖ്യമന്ത്രി സാധ്യതയടച്ച് സി.പി.എം (എ.എസ് ശ്രീകുമാര്‍)

സി.പി.എം മൂന്നാമതും അധികാരത്തിലെത്തിയാല്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ സാധ്യത ബോധപൂര്‍വം അടച്ചിരിക്കുകയാണ് ജനകീയ മുഖമായ കെ.കെ ശൈലജയ്ക്ക് സീറ്റ് നിഷേധിച്ചതിലൂടെ പാര്‍ട്ടി. തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ.കെ ശൈലജയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. താന്‍  നിലവില്‍ പ്രതിനിധാനം ചെയ്യുന്ന മട്ടന്നൂര്‍ മണ്ഡലം ഇല്ലെങ്കില്‍ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് ശൈലജ പാര്‍ട്ടി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടത്രേ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് അഞ്ച് തവണ മത്സരിച്ച കെ.കെ ശൈലജയ്ക്ക് ഇത്തവണ അവസരം നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഉറച്ച സീറ്റെങ്കില്‍ ടേം വ്യവസ്ഥ പാലിക്കണം എന്ന മാനദണ്ഡം മാത്രം വച്ചാണ് മട്ടന്നൂരില്‍ നിന്ന് കെ.കെ ശൈലജ തെറിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെയാണ് മട്ടന്നൂരില്‍ പാര്‍ട്ടി പരിഗണിക്കുന്നത്. തിരഞ്ഞടുപ്പ് അടുത്തപ്പോള്‍ ഉയര്‍ന്നു വന്ന വനിതാ മുഖ്യമന്ത്രി ചര്‍ച്ചകളും ജനകീയ നേതാവ് പരിവേഷവും ഒന്നും കണക്കിലെടുക്കേണ്ടതില്ലെന്നാണ് ശൈലജയുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട്. ശൈലജ ഇനി മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന തലത്തിലെ ചില നേതാക്കള്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട്.  അഞ്ച് വട്ടം ജനവിധി തേടിയ പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ പുതുമുഖങ്ങള്‍ക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കട്ടെ എന്നാണ് ചിലരുടെ നിര്‍ദ്ദേശം.

പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996-ലും പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും 2006-ലും നിയമസഭാംഗമായി. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നിലവില്‍വന്ന പേരാവൂര്‍ മണ്ഡലത്തില്‍നിന്ന് 2011-ല്‍ പരാജയപ്പെട്ടു. കേരള നിയമസഭയില്‍ 2016-ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ. ഷൈലജ വിജയിച്ചത്. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ക്കാണ് ശൈലജ 2021-ല്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായി വിസ്മയകരമായ പ്രവര്‍ത്തനം കാഴ്ചവച്ചതിനെ മാനിച്ച് കെ.കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി സി.പി.എം വിപ്ലവം സൃഷ്ടിക്കുമോയെന്ന ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമായിരുന്നു. പിണറായി വിരുദ്ധ പ്രചാരണങ്ങള്‍ കൊഴുക്കുന്ന സാഹചര്യത്തില്‍ കെ.കെ ശൈലജയെ ഭാവി മുഖ്യമന്ത്രിയായി കണ്ടവരുമേറെയാണ്. കാലത്തിന്റെ അനിവാര്യമായ മാറ്റം ഉള്‍ക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു വനിതാ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാവുമോയെന്ന് ഏവരും ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് വിജയം സുനിശ്ചിതമായ ഈ മുന്‍ മന്ത്രിയെ ടേമിന്റെ പേരില്‍ ഒഴിവാക്കുന്നത്. അതേസമയം പിണറായി വിജയന് ഇക്കുറിയും ടേമിന്റെ ഇളവ് ലഭിക്കുമെന്നാണ് കരുതുന്നത്.

പണ്ട് കെ.ആര്‍ ഗൗരിയമ്മയെ മുന്നില്‍ നിര്‍ത്തി സി.പി.എം വനിതാ മുഖ്യമന്ത്രി നീക്കം നടത്തിയിരുന്നു. ''കേരം തിങ്കളും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും...'' എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. 1987-ല്‍ സി.പി.എം കെ.ആര്‍ ഗൗരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ''നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും...'' എന്ന് ആലപ്പുഴ തുറവൂരിലെ ഒരു വേദിയില്‍ വച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കേരള മുഖ്യമന്ത്രിയുമായിരുന്ന പി.കെ വാസുദേവന്‍ നായരാണ് ഇക്കാര്യം ആദ്യം പറഞ്ഞത്.

അന്നത്തെ സി.പി.എം സെക്രട്ടറിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഒരു പടി കൂടി കടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍  പാര്‍ട്ടി കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല.  ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എം വിജയത്തിനു ശേഷം നിയമസഭാ കക്ഷി നേതാവായി ഇ.കെ നായനാരെ തിരഞ്ഞെടുത്തു. അതോടെയാണ് പാര്‍ട്ടിയും ഗൗരിയമ്മയും തമ്മില്‍ അകലം ഏറിയത്. പിന്നീട് 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സി.പി.എമ്മില്‍നിന്നു പുറത്താകുന്നതുവരെ കാര്യങ്ങളെത്തി. കേരം തിങ്ങും കേരള നാടിന് ലഭിക്കാതെ പോയ മുഖ്യമന്ത്രിയാണ് കെ.ആര്‍ ഗൗരി. അതൊരു ദുഖ സത്യമായി അവശേഷിക്കുന്നു.

എന്നാല്‍ ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയൊഴിച്ച് ഒന്നാം പിണറായി സര്‍ക്കാരിലെ സി.പി.എം മന്ത്രിമാര്‍ക്ക് പിന്തുടര്‍ച്ചയുണ്ടായില്ല. കെ.കെ ശൈലജ ടീച്ചര്‍ മന്ത്രിയാവണമെന്ന് കക്ഷിഭേദമെന്യേ ആഗ്രഹിച്ചവര്‍ ഏറെയാണ്. പാര്‍ട്ടിയിലെ ഈ മുതിര്‍ന്ന വനിതാ നേതാവിന് അര്‍ഹിക്കുന്ന പദവിയാണ് മുഖ്യമന്ത്രി പദമെന്ന് പാര്‍ട്ടിയും കരുതുന്നു. മൂന്നാം വട്ടവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് ചിന്തിക്കുന്നവര്‍ സി.പി.എമ്മിലുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നയസമീപനങ്ങളും നിലപാടുകളും പിന്നെ സ്വര്‍ണക്കൊള്ള വരെ എത്തി നില്‍ക്കുന്ന വിവാദങ്ങളും വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരം ഉയര്‍ത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല.

കെ.കെ ശൈലജ 2016 മുതല്‍ 2021 വരെ പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ആരോഗ്യ, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. 2016-ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാള്‍. കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. 2020 ജൂണ്‍ 23-ന് ഐക്യരാഷ്ട്രസഭ ടീച്ചറെ ആദരിക്കുകയുണ്ടായി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. 'കൊറോണ വൈറസ് കൊലയാളി', 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്.

ഏഷ്യന്‍ വനിതാ കൊറോണ പോരാളികള്‍ക്കായി ജംഗ് യുന്‍-ക്യോങ് (ദക്ഷിണ കൊറിയ), സണ്‍ ചുന്‍ലാന്‍ (ചൈന), ചെന്‍ വെയ് (ചൈന), ലി ലഞ്ചുവാന്‍ (ചൈന), ഐ ഫെന്‍ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബി.ബി.സി ന്യൂസില്‍ ഇടംപിടിച്ചു. കൊറോണ വാരിയര്‍ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിന്‍ 2020-ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തില്‍ കെ.കെ ശൈലജയെ തിരഞ്ഞെടുത്തു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ.കെ ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ആരോഗ്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2021-ലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 'ഓപ്പണ്‍ സൊസൈറ്റി പ്രൈസ്' എന്ന ബഹുമതിയും ശൈലജ ടീച്ചര്‍ നേടി. ഈ പുരസ്‌ക്കാരം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ശൈലജ.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ കരട് സ്ഥാനാര്‍ഥി പട്ടികയില്‍ മന്ത്രിമാരായ വനിതകള്‍ ഒഴികെയുള്ള മിക്ക വനിതാ എം.എല്‍.എമാര്‍ക്കും സീറ്റ് ലഭിക്കില്ല. കെ.കെ ശൈലജയ്ക്ക് പുറമെ കായംകുളം എം.എല്‍.എ യു പ്രതിഭ, അരൂരിന്റെ സാമാജിക ദലീമ ജോജോ, ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബിക തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. വിവിധ പാര്‍ട്ടികളില്‍ നിന്നായി ആകെ 12 വനിതാ എം.എല്‍.എമാരാണ് 15-ാം നിയമസഭയില്‍ ഉള്ളത്. അതില്‍ 8 പേരും സി.പി.എം എം.എല്‍.എമാരാണ്. കാനത്തില്‍ ജമീല മരണമടഞ്ഞിരുന്നു. ബാക്കി നിലവില്‍ സി.പി.എമ്മിന് 7 വനിതാ എം.എല്‍.എമാരാണുള്ളത്. അവരില്‍ മന്ത്രിമാരായ വീണാ ജോര്‍ജ് (ആറന്‍മുള), ആര്‍. ബിന്ദു (ഇരിഞ്ഞാലക്കുട:), സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി  എന്നിവര്‍ക്കൊഴികെ മറ്റു വനിതാ എം.എല്‍.എമാര്‍ക്ക് ആദ്യ ഘട്ടത്തില്‍ സീറ്റില്ലത്രേ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക