
ആറാമത് ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ് കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സമാപിച്ചപ്പോള്‍ കേരളത്തിന് ഒരു സ്വര്‍ണ്ണം. ഫിഗര്‍ സ്‌ക്കേറ്റിങ്ങില്‍ പത്തനംതിട്ട സ്വദേശി അഭിജിത് അമല്‍ രാജ് ആണ് ചരിത്രമെഴുതിയത്. വിന്റര്‍ ഗെയിംസില്‍ പുതിയ ഇനമായിരുന്നു ഫിഗര്‍ സ്‌കേറ്റിങ്ങ്, അതും അതിന്റെ മുന്തിയ വിഭാഗം. ശിവകേശവനുശേഷം ഭാവിയില്‍ വിന്റര്‍ ഒളിംപിക്‌സില്‍ മലയാളി പ്രാതിനിധ്യം ഒരു പക്ഷേ, അഭിജിത്തിലൂടെയായിരിക്കും സാധ്യമാകുക.
ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ് 23 മുതല്‍ 26വരെയായിരുന്നു. ഒന്‍പതു സ്വര്‍ണ്ണവും, ആറു വെള്ളിയും എട്ടു വെങ്കലവുമായി ആര്‍മിയാണ് ചാമ്പ്യന്‍മാര്‍. ഹിമാചല്‍ മെഡല്‍ പട്ടികയില്‍ രണ്ടാമതും(6-7-1) ഹരിയാന മൂന്നാമതും(4-1-2) എത്തി. കേരളത്തിന് ആകെ ലഭിച്ചത് അഭിജിത് നേടിയ സ്വര്‍ണ്ണമാണ്.
മൂന്നു വയസ്സുകഴിഞ്ഞപ്പോള്‍ റോള്‍ സ്‌കേറ്റിങ് പരിശീലിച്ചു തുടങ്ങിയ അഭിജിത് ഫിഗര്‍ സ്‌ക്കേറ്റിങ്ങിലും ആര്‍ട്ടിസ്റ്റിക് റോളര്‍ സ്‌ക്കേറ്റിങ്ങിലും ഇന്ത്യയുടെ പ്രതീക്ഷയാണ്. 2019 ല്‍ ലോക റോളര്‍ സ്‌ക്കേറ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ട്ടിസ്റ്റിക് റോളര്‍ സ്‌ക്കേറ്റിങ്ങില്‍ സ്വര്‍ണ്ണം നേടിയ താരമാണ് അഭിജിത്. ഇതേ വര്‍ഷം ലോക ജൂനിയര്‍ കിരീടവും ചൂടി.

ഐസ് ഫിഗര്‍ സ്‌കേറ്റിങ്ങില്‍ 2014ല്‍ ഏഷ്യന്‍ ഓപ്പണ്‍ കിരീടം ചൂടിയ അഭിജിത് 2015ല്‍ കൊളംബിയയില്‍ ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോള്‍ 12 വയസ് മാത്രം. പിതാവ് ബൈജു തന്റെ കാര്‍ വിറ്റ് പുത്രന് യാത്രാച്ചെലവ് ഒരുക്കിയെങ്കില്‍ തുടര്‍ന്നുള്ള യാത്രയില്‍ അവനുവേണ്ടി സ്ഥലവും വീടും വിറ്റു. അതും രണ്ടര കോടി രൂപയുടെ സ്വത്തുക്കള്‍. പക്ഷേ, അഭിജിത് പിതാവിനെ നിരാശപ്പെടുത്തിയില്ല. 2013ലും 14 ലും ദേശീയ ചാമ്പ്യനായ ഈ താരം 2016 ലും 17 ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും 2018ല്‍ വെങ്കലവും നേടി. 2023ലും 25ലും ഏഷ്യന്‍ റോളര്‍ സ്‌ക്കേറ്റിങ്ങില്‍ സ്വര്‍ണ്ണം നേടി.
പുത്രന്റെ പ്രതിഭ തിരിച്ചറിഞ്ഞ പിതാവ് ഒന്‍പതാം വയസ്സില്‍, അര്‍ജുന അവാര്‍ഡ് ജേതാവ് അനൂപ് കുമാര്‍ യാമയെ പരിശീലകനാക്കി. രാജ്യാന്തര തലത്തില്‍ എത്തിയപ്പോള്‍ ലൂക്കാ ഡി അലിസാരയുടെ ശിക്ഷണം ലഭിക്കാന്‍ അഭിജിത്തിനെ ഇറ്റലിയിലേക്ക് അയച്ചു. 11 തവണ ലോക ചാമ്പ്യനായ ലൂക്കായുടെ ഫീസ് പ്രതിമാസം 10 ലക്ഷം രൂപയായിരുന്നത്രേ.

അടുത്തിടെ ഇറ്റലിയിലെ മിലാനില്‍ നടന്ന വിന്റര്‍ ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ ഇല്ലായിരുന്നു. ഭാവിയില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ എത്തിയാല്‍ അതില്‍ ഒരു മലയാളി നാമവും ഇടംപിടിക്കട്ടെയെന്ന് ആശംസിക്കാം.
ഇപ്പോള്‍ നാലു ദിവസം മാത്രം ദീര്‍ഘിക്കുന്ന വിന്റര്‍ ഗെയിംസ് അടുത്ത വര്‍ഷം ടൂറിസവും സാംസ്‌ക്കാരിക പരിപാടിയുമൊക്കെ കോര്‍ത്തിണക്കി രണ്ടാഴ്ചത്തെ മേളയാക്കുമെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി മന്‍സുക് മാണ്ഡവ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒപ്പം ഗുല്‍മാര്‍ഗിനെ വിന്റര്‍ സ്‌പോര്‍ട്‌സിന്റെ ആഗോള ഹബ് ആക്കുമെന്നും പറഞ്ഞു. വിന്റര്‍ ഗെയിംസില്‍ ഇക്കുറി 25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 900 അത്‌ലിറ്റുകള്‍ മത്സരിച്ചു. ഭാവിയില്‍ കേരളത്തില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.