Image

ശോശാമ്മ കുരിയാക്കോസ്(110) അന്തരിച്ചു

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 27 February, 2026
ശോശാമ്മ കുരിയാക്കോസ്(110) അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് അംഗവും അത്മായ പ്രമുഖനുമായ ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കലിന്റെ പ്രിയ മാതാവ് ശോശാമ്മ കുരിയാക്കോസ് കോട്ടയത്തെ മീനടത്തുള്ള സ്വവസതിയില്‍ വെച്ച് അന്തരിച്ചു. നൂറ്റിപ്പത്ത് വയസായിരുന്നു പ്രായം. മീനടം മാളിയേക്കല്‍ കുടുംബാംഗം പരേതനായ ചാണ്ടി കുരിയാക്കോസിന്റെ പത്‌നിയാണ് മാങ്ങാനം കളരിക്കല്‍ കുടുംബാംഗമാണ് പരേത. ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍(ന്യൂയോര്‍ക്ക്) ഏക പുത്രനും, ശ്രീമതി ഏലിയാമ്മ സ്‌ക്കറിയ, ശ്രീമതി. അച്ചാമ്മ നൈനാന്‍ എന്നിവര്‍ പുത്രിമാരുമാണ്. റോസമ്മ ഈപ്പന്‍(ന്യൂയോര്‍ക്ക്), പരേതനായ സി.എം.സ്‌ക്കറിയ, നൈനാന്‍ എന്നിവര്‍  ജാമാതാക്കളും ഡോ.ബറ്റ്‌സി ഈപ്പന്‍(ബാള്‍ട്ടിമോര്‍), ബബിലി ഈപ്പന്‍ (ന്യൂയോര്‍ക്ക്) കൊച്ചുമക്കളുമാണ്. ഇമേഴ്‌സണ്‍, ഗ്രെയ്‌സണ്‍ എന്നിവര്‍ പുത്ര പേരക്കുട്ടികളുമാണ്.


സംസ്‌ക്കാരം മാര്‍ച്ച് 3-ാം തീയതി ചൊവ്വാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് ഭവനത്തില്‍ വെച്ചുള്ളതായ ശുശ്രൂഷകളും തുടര്‍ന്ന് മാതൃ ഇടവകയായ സെന്റ് മേരീസ് ബേത്‌ലഹേം യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം.


ഇപ്പോള്‍ നാട്ടില്‍ സന്ദര്‍ശനം നടത്തിവരുന്ന അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മകത്വം വഹിക്കുന്നതാണ്.


ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ഗ്രീഗോറിയോസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീതോമസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് സഹകാര്‍മ്മികത്വം വഹിക്കും.


നൂറ്റിപ്പത്ത് വയസ്സുവരെ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിച്ച ശ്രീമതി ശോശാമ്മ കുരിയാക്കോസിന്റെ ജീവിതം അടിയുറച്ച ദൈവവിശ്വാസത്തിലും ചിട്ടയായ ജീവിതചര്യകളിലും ധന്യമായിരുന്നു. നൂറിന്റെ നിറവില്‍ നടത്തിയ ജന്മദിന ആഘോഷങ്ങളില്‍ വൈദീക മേലദ്ധ്യക്ഷന്‍മാരും രാഷ്ട്രീയരംഗത്തെ അതികായരും പങ്കെടുത്തിരുന്നു. തന്റെ ഭവനം സന്ദര്‍ശിക്കുന്ന ഏവരേയും വളരെ കരുതലോടെയും സ്‌നേഹത്തോടെയും സ്വീകരിക്കുന്ന സവിശേഷ വ്യക്തിത്വത്തിനുടമായിരുന്നു. കോവിഡ് കാലത്ത് കാവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതും ഇക്കഴിഞ്ഞ നിയമസഭാ- ലോകസഭാ ഇലക്ഷനുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതുമെല്ലാം മുഖ്യധാരാ ദൃശ്യമാധ്യമങ്ങളിലും പത്രവാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക