
ആരോടോ പകയെന്നമട്ടിൽ ശിശിരം രോഷമിരമ്പി,
മഞ്ഞിൻ ധൂളികകളാൽ ഗഗനം മറച്ചു...
അർക്കനുണർന്നില്ല, ആകാശക്കപ്പലുയർന്നില്ല
പള്ളിക്കൂടവും പണിശാലകളും തുറന്നില്ല!
ഹ്രസ്വഹിമശൈലങ്ങളെങ്ങും നാടിൻസിരകളെ മരവിപ്പിച്ചു;
നിത്യജീവിതം ദുരിതമാക്കി!
ധവളപ്പട്ടണിഞ്ഞ മഞ്ഞിൻവീഥികളിൽ
വാഹനനിരകൾ നിശ്ചലം!
അകലെ വനാന്തരം, മഞ്ഞിൻവെള്ളവില്ലീസ് വിരിച്ചു,
പൂമരങ്ങളിൽ വെള്ളിയരഞ്ഞാണം ചാർത്തി
വശ്യമനോഹരദൃശ്യമൊരുക്കി.
അടുത്ത് കുസൃതിക്കുട്ടികൾ,
തൊപ്പിയും നീളൻകുപ്പായവും ബൂട്സും ധരിച്ചു
മൂളിപ്പാട്ടുംപാടി മഞ്ഞുമനുഷ്യരെയുണ്ടാക്കുന്നു...
മറുവശത്ത്, സ്‌നോബോളെറിഞ്ഞും
ഹിമശകടങ്ങളുന്തിയും സ്വയംമറന്നവർ
ഋതുപരിവർത്തനമാഘോഷിക്കുന്നു...