Image

കൈയടിക്ക് വേണ്ടിയോ അതോ ചോദിച്ചതിലും കൂടുതൽ പണം നൽകിയതിനോ? അതോ മഹാത്മാ പിണറായി വിജയനോടുള്ള സ്‌നേഹത്തിന്റെ പേരിലോ ഈ അഭിമുഖം ; മോഹൻലാലിനെതിരെ അഖിൽ മാരാർ

Published on 27 February, 2026
കൈയടിക്ക് വേണ്ടിയോ അതോ ചോദിച്ചതിലും  കൂടുതൽ പണം നൽകിയതിനോ? അതോ മഹാത്മാ പിണറായി വിജയനോടുള്ള സ്‌നേഹത്തിന്റെ പേരിലോ  ഈ അഭിമുഖം ; മോഹൻലാലിനെതിരെ അഖിൽ മാരാർ

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖത്തിന്റെ പേരിൽ മോഹൻലാലിനെ വിമർശിച്ച് അഖിൽ മാരാർ. കൈയടിക്ക് വേണ്ടിയാണോ? എന്നും അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയതിന്റെ പേരിലാണോ? എന്നും അതോ മഹാത്മാ പിണറായി വിജയനോടുള്ള സ്‌നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാറായത് എന്നാണ് അഖിൽ മാരാർ മോഹൻലാലിനോട് ചോദിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഖിൽ മാരാരുടെ വിമർശനം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എല്ലാം സ്‌നേഹത്തോടെയും ആദരവോടെയും പ്രിയപ്പെട്ട ലാലേട്ടന്. ഭാരതീയ സംസ്‌കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന അങ്ങയെ സ്വന്തം വിശ്വാസത്തിന്റെ പേരിൽ എത്രയോ തവണ ആക്ഷേപിച്ച ഒരു വിഭാഗമാണ് കേരള കമ്മികൾ. പ്രധാന മന്ത്രിയുടെ കൂടെയുള്ള ഒരു ചിത്രം പങ്ക് വെച്ചതിന്റെ പേരിൽ എന്തെല്ലാം ആക്ഷേപം അങ്ങ് കേൾക്കേണ്ടി വന്നു. പാട്ട കൊട്ടിയതിന്റെ പേരിൽ, നില വിളക്ക് കൊളുത്തിയതിന്റെ പേരിൽ, ബ്ലോഗ് എഴുതിയതിന്റെ പേരിൽ. മലയാള സിനിമയിൽ നിന്ന് അങ്ങയെ ഇല്ലാതാക്കാൻ അങ്ങയുടെ പരാജയ ചിത്രങ്ങൾ ആഘോഷമാക്കി ആക്ഷേപിച്ച ഒരു വിഭാഗം ആരാണ്…. അവരുടെ കൈയടിക്ക് വേണ്ടിയാണോ..? അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയതിന്റെ പേരിലാണോ?

അതോ മഹാത്മാ പിണറായി വിജയനോടുള്ള അതിര് കവിഞ്ഞ സ്‌നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാർ ആയത്? വിശ്വാസി ആയ അങ്ങേയ്ക്ക് ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ കയറ്റാൻ കൂട്ട് നിന്ന ഒരു സർക്കാരിനെ അംഗീകരിക്കാൻ കഴിയുമോ? ശബരിമലയിലേ അയ്യപ്പന്റെ സ്വർണ്ണം കട്ട സർക്കാരിനെ അംഗീകരിക്കാൻ പറ്റുമോ? നിലനിൽപ്പിനു വേണ്ടി കള്ള കേസിൽ കുടുക്കി ഒരു തന്ത്രിയെ ജയിലിൽ ആക്കി ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചത് ഉൾകൊള്ളാൻ കഴിയുമോ?

പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം.. അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നു. അങ്ങ് വെളുപ്പിച്ചു ഇറക്കി കൊടുത്ത ചിരിക്കുന്ന പാവ കഴിഞ്ഞ 10 വർഷം കൊണ്ട് കേരള ജനതയെ കുരങ്ങ് കളിപ്പിച്ചത് അങ്ങേയ്ക്ക് അറിയില്ല എങ്കിലും പൊതു ജനത്തിനറിയാം.. സർക്കാർ പണം ഉപയോഗിച്ച് കോടികൾ മുടക്കി സൂപ്പർ താരങ്ങളെ ഉപയോഗിച്ച് പിആർ ചെയ്തിട്ടല്ല കരുണാകരനും, നായനാരും , ഉമ്മൻ ചാണ്ടിയും, വി എസും ഒക്കെ ജന ഹൃദയങ്ങൾ കീഴടക്കിയത്.

അവരുടെ പ്രവർത്തി ഒരു ഫ്‌ളക്‌സ് ബോർഡ് പോലും കണ്ടല്ല ജനം തിരിച്ചറിഞ്ഞത്. ജനങ്ങളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഒരു നേതാവിന്റെയും നേട്ടങ്ങൾ ഓരോ ജനതയ്ക്കും അവന്റെ അനുഭവങ്ങൾ കൊണ്ട് അറിയാം. അങ്ങനെ അറിയുമ്പോൾ മാത്രമേ അവർ നേതാവായി മാറുകയുള്ളു. നിതിൻ ഗദ്ഗരി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പരസ്യ ബോർഡുകൾ ഒഴിവാക്കണം എന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു.. അദ്ദേഹം പറഞ്ഞത് അനാവശ്യ പ്രദർശന രാഷ്ട്രീയത്തിന് പകരം നേരിട്ട് ജനങ്ങൾക്ക് ബോധ്യപ്പെടണം എന്നായിരുന്നു.

ഇന്ത്യയിൽ യാത്ര ചെയ്യുന്ന ഏതൊരാളും അറിയും ആരാണ് നിതിൻ ഗദ്ഗരി എന്ന്? ട്രെയിൻ ഉപയോഗിക്കുന്ന ഏത് സാധാരണക്കാരനും അറിയും ആരാണ് അശ്വനി വൈഷ്ണവ് ആരാണെന്ന്? എന്തായാലും ലാലേട്ടനെക്കാളും മികച്ച നടൻ കേരളത്തിൽ ഉണ്ടെന്ന് പിണറായി കാണിച്ചു തന്നു. ഉർവശിയേക്കാൾ മികച്ച നടിയാണ് താൻ എന്ന് ആരോഗ്യ മന്ത്രിയും തെളിയിച്ചു. ഇവർ അഭിനയിച്ച പിണറായി 2.0 എന്ന സിനിമയുടെ പ്രൊമോഷൻ നന്നായി നടക്കുന്നുണ്ട്.. ലാലേട്ടൻ പ്രൊമോട്ട് ചെയ്‌തോളു. വിലയിരുത്താൻ കേരളത്തിൽ ധാരാളം അശ്വന്ത് കൊക്കുമാർ ഉണ്ട്. അവർ സത്യം പറയും. ആ സത്യം കേരളം ഏറ്റെടുക്കും.

Join WhatsApp News
സുരേന്ദ്രൻ നായർ 2026-02-27 16:29:02
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള മോഹൻലാലിന്റെ പ്രവർത്തി നാണംകെട്ടതും വിലകുറഞ്ഞതുമായ അഭിനയമായിപ്പോയി
നിരീശ്വരൻ 2026-02-27 20:28:08
അധികാരം, പണം, സ്വാധീനം, മാധ്യമങ്ങൾ ഇവ എങ്ങനെ ജനാധിപത്യ വ്യവസ്ഥികളെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്ന് ലോകം എമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് എപ്‌സ്റ്റീൻ കുംഭകോണം. 260 ബില്യൺ ഡോളറിന്റെ ഈ അധർമ്മ കച്ചവടത്തിൽ, പ്രസിഡണ്ടന്മാർ, രാജകുമാരന്മാർ, സാമ്പത്തികശാസ്ത്രജ്ഞർ, ശതകോടിപതികൾ, പണ്ഡിതന്മാർ, നോബൽ സമാധാന സമ്മാനം നേടിയവർ അങ്ങനെ മനുഷ്യവർഗ്ഗത്തിന്റെ രക്ഷകർ എന്ന് അവകാശപ്പെട്ട പലരും ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. പ്രസിഡന്റ് ട്രമ്പിനെ അതികാരത്തിലേറ്റാനുള്ള ശ്രമത്തിൽ, ഫോക്സ് ന്യുസ് പറഞ്ഞു പരത്തിയ കള്ളകഥകൾക്ക് അവർ നൽകിയ വില 754 മില്യൺ ഡോളർ ആണ്. ഇന്നലെ വാർണർ ബ്രോസ് ആൻഡ് ഡിസ്‌കവറി ചാനൽ പാരാമൗണ്ട് 110 ബില്ലിൻ ഡോളറിന് വിലക്ക് വാങ്ങി. ഇതിന്റെ ഉടമ ട്രമ്പിന്റെ സുഹൃത്താണെന്നുള്ളത് അറിഞ്ഞിരിക്കുക. CNN ഫേക്ക് ന്യൂസ് എന്ന് വിശേഷിപ്പിച്ചിരുന്ന ട്രമ്പിന്, ഇനി CNN നെ അയാളുടെ കള്ളകഥകൾ പരത്താനുള്ള ആയുധമാക്കില്ല എന്ന് ആർക്കറിയാം. ദിലീപിന്റ കേസ്, മോഹൻലാലിൻറെ ആനക്കൊമ്പ് കേസ് ഇവയെല്ലാം തേഞ്ഞു മാഞ്ഞുപോയതും, എല്ലാം മനസ്സിൽ വച്ച് താഴത്തെ പാരഗ്രാഫ് വായിക്കുക. Albert Einstein മാധ്യമങ്ങൾ പൊതുജനാഭിപ്രായത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ആശങ്ക 1949‑ൽ പ്രസിദ്ധീകരിച്ച Why Socialism? എന്ന തന്റെ പ്രബന്ധത്തിൽ അവതരിപ്പിക്കുന്നു. സ്വകാര്യ മൂലധനത്തിന്റെ കേന്ദ്രീകരണം അനിവാര്യമായി ഒരു സാമ്പത്തിക ഒലിഗാർക്കിയെ സൃഷ്ടിക്കുന്നു, അതിനെ ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വാദിക്കുന്നു. സമ്പത്ത് കേന്ദ്രീകരിക്കുമ്പോൾ അധികാരവും അതോടൊപ്പം കേന്ദ്രീകരിക്കുന്നു, ഈ അസന്തുലിതാവസ്ഥ ജനങ്ങൾക്ക് വിവരബോധമുള്ള, സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നു എന്ന് Einstein മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിന്റെ വിമർശനത്തിന്റെ കേന്ദ്രത്തിൽ മാധ്യമങ്ങളുടെ പങ്കാണ്. പ്രധാനമായും നിക്ഷിപ്ത സാമ്പത്തിക താൽപര്യങ്ങൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ പൊതുജനാഭിപ്രായത്തെ അനുപാതവിരുദ്ധമായി സ്വാധീനിക്കുന്നു എന്ന് Einstein ചൂണ്ടിക്കാണിക്കുന്നു. സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നവർ നിയന്ത്രിക്കുന്ന ചാനലുകളിലൂടെ വിവരങ്ങൾ ഒഴുകുമ്പോൾ ജനാധിപത്യ സംവാദം വക്രമായി മാറുന്നു. ഇതുവഴി പൗരന്മാർക്ക് സ്വന്തം താൽപര്യങ്ങൾ മനസ്സിലാക്കാനും അധികാരത്തെ ഉത്തരവാദിത്തപ്പെടുത്താനും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഇതിന്റെ കൂടെ കള്ള മതങ്ങളും കൂടി ചേർന്നപ്പോൾ " സാധുനിര താണു വശം കെടുന്നു"
Jayan varghese 2026-02-27 18:13:22
നായ്ക്കോലം കെട്ടുന്ന നമ്മുടെ നായകർക്ക്‌ മനുഷ്യാവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയില്ല. ധാർമ്മികതയുടെ കൊടിപ്പടങ്ങൾ ഉയർത്തി ജന ജീവിതത്തെ സ്വാധീനിച്ച സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ അന്ത്യം കുറിച്ച് കൊണ്ട് അര നൂറ്റാണ്ടിലേറെയായി നില നിൽക്കുന്ന കച്ചവടാധിഷ്ഠിത ദൃശ്യമാധ്യമങ്ങൾ മനുഷ്യനെ ഒരു വില്പനച്ചരക്ക് മാത്രമായി മാറ്റിത്തീർത്തത്തിന്റെ രക്തക്കറകളാണ് ഇന്ന് നമ്മുടെ നാട്ടിൽ പരന്നൊഴുകുന്ന അധാർമ്മികതയുടെ ചോരപ്പുഴകൾ. അധികാരത്തിനും അതിലൂടെ പണത്തിനും വേണ്ടിയുള്ള ചാടിക്കളികൾ നടത്തുന്ന കൊച്ചുരാമൻ കുട്ടിക്കുരങ്ങുകൾ മാത്രമാണ് ഇന്നത്തെ നമ്മുടെ മഹാന്മാരായ ഖലാഹരന്മാർ. കോര്പ്പറേറ്റുകളുടെ ജനദ്രോഹ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള പരസ്യച്ചെണ്ടകളായി അധ പതിക്കുന്ന ഇക്കൂട്ടർ കലാകാരന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് കളങ്കം ചാർത്തിക്കൊണ്ട് നായ്ക്കോല വേഷത്തിൽ ഇളിച്ചുകാട്ടി നിൽക്കുമ്പോൾ അനിയന്ത്രിത സെക്‌സും അഹങ്കാരത്തിന്റെ വയലേഷനും വാരിപ്പുതയ്ക്കുന്ന ന്യൂജെൻ കൊച്ചുരാമന്മാർ സർവ്വ നാശത്തിന്റെ അഗാധ ഗർത്തങ്ങളിൽ സമൂഹത്തിന്റെ ഭാവി തളച്ചിട്ടു കൊണ്ടിരിക്കുകയാണ്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക