
ഡോണൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റാവുന്നതിനു മുൻപ് അദ്ദേഹത്തിനെതിരെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് നടത്തിയ അന്വേഷണത്തിൽ പങ്കെടുത്ത 10 ഏജന്റുമാരെ പിരിച്ചു വിട്ടതായി എഫ് ബി ഐ സ്ഥിരീകരിച്ചു.
ട്രംപിന്റെ ഫ്ലോറിഡ വസതിയിൽ നിന്ന് അതീവ രഹസ്യ രേഖകൾ കണ്ടെടുത്തതിനെ കുറിച്ചുള്ള അന്വേഷണം നയിച്ച സ്‌മിത്ത്, ഇപ്പോഴത്തെ എഫ് ബി ഐ ഡയറക്റ്റർ കാശ് പട്ടേൽ, ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫായ സൂസി വൈൽസ് എന്നിവർക്കു നോട്ടീസ് അയച്ചിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. അത് 2024ൽ ട്രംപ് വീണ്ടും മത്സരിക്കുമ്പോഴാണ്. അവരുടെ ഫോൺ രേഖകൾ സ്മിത്ത് പരിശോധിച്ചെന്നും റിപ്പോർട്ടുണ്ട്.
അതിനൊന്നും ന്യായം ഉണ്ടായിരുന്നില്ലെന്നു പട്ടേൽ പറയുന്നു. എന്നാൽ പിരിച്ചു വിടൽ അന്യായമാണെന്നു എഫ് ബി ഐ ഏജന്റ്സ് അസോസിയേഷൻ പറഞ്ഞു. "നിയമവിരുദ്ധമായ നടപടിയെ അസോസിയേഷൻ അപലപിക്കുന്നു. ഡയറക്റ്റർ പട്ടേൽ നടത്തിയ മറ്റു പിരിച്ചു വിടലുകൾ പോലെ നിയമപ്രക്രിയ ലംഘിച്ചുള്ള നടപടിയാണിത്. രാജ്യത്തെ സുരക്ഷിതമാക്കാൻ സ്വന്തം ജീവൻ പണയം വച്ചു ജോലി ചെയ്യുന്നവരോടാണ് ഈ അനീതി.
"ഇത്തരം നടപടികൾ വഴി നിർണായക വൈദഗ്ധ്യം ചോർത്തിക്കളഞ്ഞു ഏജൻസിയുടെ ഉദ്യോഗസ്ഥരെ ദുർബലരാക്കുകയാണ് ചെയ്യുന്നത്. നേതൃത്വത്തിലുള്ള വിശ്വാസ്യത നഷ്ടമാവുന്നു. രാജ്യത്തെ വലിയ അപകടത്തിലേക്കു തള്ളി വിടുകയാണ് അധികൃതർ ചെയ്യുന്നത്."
FBI fires 10 involved in probe of Trump