
1970-75 കാലഘട്ടം. മാതൃഭൂമിയിലും ജനയുഗത്തിലും കഥകളെഴുതിക്കൊണ്ട് മലയാളസാഹിത്യത്തിലേക്ക് പ്രതീക്ഷയോടെ നടന്നു വന്ന ഒരാളായിരുന്നു ഗിരിജ വാര്യർ. അക്കാലത്തെ കഥാമത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന ആ പേര് പക്ഷേ, പിന്നീട് ദശകങ്ങളോളം എവിടെയും കണ്ടില്ല.
"ഞാനെന്റെ വല്മീകത്തിലിത്തിരി നേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല !" എന്ന പഴയ കവിവാക്യം ചൊല്ലി ആ സുദീർഘമൗനത്തെ നമുക്ക് വേണമെങ്കിൽ 'റൊമാൻറിസൈസ്' ചെയ്യാം. പക്ഷേ, അൻപതു വർഷം എന്നത് ചെറിയൊരു കാലയളവല്ല. ആ നിശ്ശബ്ദത കേവലം ഒരു സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുമായിരിക്കില്ല..
ആരുടെയും കുറ്റമായിരിക്കില്ല.
എഴുതേണ്ട എന്നാരും ഗിരിജാ വാര്യരോട് പറഞ്ഞു കാണില്ല..
എഴുതുന്നില്ലേ ? എന്നാരും ചോദിച്ചും കാണില്ല...
എഴുതുന്ന സ്ത്രീ ഒരു വീടിൻ്റെ ആവശ്യമേയല്ല...
വേർഡ്‌സ്‌വർത്തിന്റെ കാവ്യനിർവചനം പോലെ 'ഏകാന്തമായ ധ്യാനത്തിൽ' നിന്ന് ഒഴുകിയെത്തുന്ന ഒന്നല്ല സ്ത്രീയെ സംബന്ധിച്ചിടത്തോളം എഴുത്ത്. അവൾക്ക് എവിടെയാണ് ഏകാന്തത? മിക്കപ്പോഴും അത് അടുക്കളയിലെ പുകയ്ക്കിടയിലായിരിക്കും. ഫ്ലോറൻസ് നൈറ്റിംഗേൽ പണ്ട് പറഞ്ഞിട്ടുണ്ട്.. "സ്ത്രീകൾക്ക് സ്വന്തമെന്ന് വിളിക്കാൻ അരമണിക്കൂർ പോലുമില്ല! " എന്ന്.
"പെണ്ണിന് സ്വന്തമായൊരു മുറി വേണം" എന്ന് ശഠിച്ച വെർജീനിനിയ വൂൾഫ് 'ഷേക്സ്പിയർ പെണ്ണായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?' എന്ന് ഓർമ്മിപ്പിച്ച ഒരു ലേഖനം എഴുതിയിട്ടുണ്ട്. കുഞ്ഞുടുപ്പുകൾ തുന്നിയും വീട്ടുപണികൾ ചെയ്തും വീട്ടകങ്ങളിൽ ഒതുങ്ങിപ്പോകുന്ന ആയിരങ്ങളിൽ ഒരാളായി ഷേക്സ്പിയർ മാറുമായിരുന്നു എന്നാണ് വെർജീനിയ ആ ലേഖനത്തിൽ പറയുന്നത്. ഇത് ലോകത്തെ എല്ലായിടത്തും ഉള്ള സ്ത്രീകളുടെ പൊതു അവസ്ഥയാണ്.

തൈര് കടയുന്നതിനും ഇസ്തിരിയിടുന്നതിനും ഇടയിൽ മിച്ചം കിട്ടിയ മൂന്നുമിനിറ്റ് കൊണ്ട് എഴുതിയ പത്തുവരിക്കവിതയെ എലിക്കുഞ്ഞിനെ പ്രസവിച്ചിട്ട പൂച്ചയെപ്പോലെ നോക്കിക്കാണുന്ന മാധവിക്കുട്ടിയെ നാം വായിച്ചിട്ടുണ്ട്. " അരി കഴുകുമ്പോഴും കൂട്ടാനിളക്കുമ്പോഴും എനിക്ക് ഒരേ ചിന്ത എഴുതണം.. എഴുതണം.. എന്ന് ...ഒടുവിൽ അടുക്കളയിൽ ഉപ്പിന്റെയും മുളകിന്റെയും കൂട്ടത്തിൽ ഒരു കടലാസും പെൻസിലും കൂടി സ്ഥാനം പിടിച്ചു " എന്നെഴുതിയ ലളിതാംബിക അന്തർജ്ജനത്തെ നാം വായിച്ചിട്ടുണ്ട്. "തേഞ്ഞു തീരുന്ന ഒരു വീട്ടുപകരണമാണ് സ്ത്രീ" എന്ന് എഴുതിയ സാവിത്രി രാജീവനെയും നാം വായിച്ചിട്ടുണ്ട് .ഇവരെല്ലാം പറയുന്നത് ഒരേ കാര്യമാണ് .കുടുംബത്തിൽ സ്ത്രീ നേരിടുന്ന സ്വത്വനിരാസം തന്നെയാണത്.
നീണ്ട അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2021-ൽ 'ഗൃഹലക്ഷ്മി'യിലൂടെയാണ് ഗിരിജ വാര്യർ വീണ്ടും എഴുതിത്തുടങ്ങിയത്. മകൾ മഞ്ജു വാര്യർ സംവിധായകൻ സത്യൻ അന്തിക്കാടിന് അയച്ചു കൊടുത്ത അമ്മയുടെ പഴയ കഥകളാണ് ആ മടക്കയാത്രയ്ക്ക് നിമിത്തമായത്. സത്യൻ അന്തിക്കാട് എന്ന ചലച്ചിത്രകാരന്റെ ഇടപെടലിലൂടെ ഗിരിജ വാര്യർ വീണ്ടും അക്ഷരലോകത്തേക്ക് എത്തി. ആദ്യ പുസ്തകം 'നിലാവെട്ടം' നേരത്തെ മാതൃഭൂമി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂർ മാതൃഭൂമി ബുക്സിൽ വെച്ച് അവരുടെ പുതിയ പുസ്തകം 'ഓർമ്മമണം' പ്രകാശനം ചെയ്യപ്പെട്ടു.
ഗിരിജാവാര്യർ മറ്റു പല കാര്യങ്ങളിലും ഭാഗ്യവതിയായിരുന്നു... അൻപാർന്ന പങ്കാളിയും മക്കളും അവർക്കു കൂട്ടിനുണ്ടായിരുന്നു.. ജീവിതത്തിലെ ഏറ്റവും വേദനാനിർഭരമായ കാലങ്ങളിൽ അവർ പരസ്പരം താങ്ങായും തണലായും നിന്നു...മക്കളായ മഞ്ജു വാര്യരും മധു വാര്യരും അഭിമാനത്തോടെയും കൗതുകത്തോടെയും അമ്മയുടെ പുസ്തകപ്രകാശനത്തിന് ഇന്നലെ സാക്ഷ്യം വഹിച്ചു. ലാളിത്യത്തിൻ്റെ ആൾരൂപമായൊരു എഴുത്തുകാരിയും സ്നേഹത്താൽ നിറഞ്ഞു തുളുമ്പും വിധമൊരു സദസ്സും..... ' 'ഗിരിജാവാര്യരുടെ മക്കളായി' ആൾക്കൂട്ടത്തിൽ മഞ്ജു വാര്യരും മധു വാര്യരും ഇരിക്കുന്ന ഇന്നലത്തെയാ കാഴ്ച മനോഹരമായിരുന്നു..
കുടുംബത്തിന്റെ തിരക്കുകളിൽ സ്വന്തം സ്വപ്നങ്ങൾ മാറ്റിവെച്ച എത്രയോ സ്ത്രീകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഗിരിജ വാര്യരുടെ ഈ മടക്കയാത്ര അവർക്കെല്ലാം ഒരു പ്രതീക്ഷ തന്നെയാണ്.
ഓർമ്മകൾ വറ്റാതിരിക്കട്ടെ, മൗനത്തിന്റെ അൻപതാണ്ടുകളുടെ കടം അക്ഷരങ്ങളിലൂടെ വീട്ടാനുള്ള ആയുസ്സും ആരോഗ്യവുമുണ്ടാകട്ടെ...
എല്ലാ നന്മകളും..