
ഏറെ വിവാദമുണ്ടാക്കിയ 2023-ലെ 'ദി കേരള സ്റ്റോറി'ക്ക് പിന്നാലെ 'കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസ് തല്‍ക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. നാളെ, ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ നിര്‍ണ്ണായക ഉത്തരവ്. സിനിമയുടെ ഉള്ളടക്കത്തിലും ടൈറ്റിലിലും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നടപടി. ചിത്രത്തിന്റെ റിലീസ് പാടില്ലെന്നും അവകാശം കൈമാറരുതെന്നും നിര്‍മാതാക്കളോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ചിത്രത്തില്‍ കാണിക്കുന്നതെല്ലാം സത്യമാണെന്ന കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ പതികരണം വലിയ വിമര്‍ശനത്തിനിടയാക്കി.
വിദേശങ്ങളില്‍ സ്വാധീനശക്തിയായ മലയാളികളെ മോശമാക്കാനുള്ള പൊളിറ്റിക്കല്‍ പ്രൊജക്ട് കൂടിയാണ് കേരളാ സ്റ്റോറി 2 എന്ന് ഹര്‍ജിക്കാരില്‍ ഒരാളായ ഫ്രെഡ്ഡി വി ഫ്രാന്‍സിസ് ആരോപിച്ചു. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരി മറ്റൊരു ഹരജിക്കാരനാണ്. സിനിമയുടെ ഉള്ളടക്കം പരിശോധിക്കാനും ഹര്‍ജിക്കാരുടെ പരാതികള്‍ കേള്‍ക്കാനും സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലാണ് കോടതി ഈ നടപടിയെടുത്തത്. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന നിര്‍മാതാക്കളുടെ വാദം കേരളത്തിന്റെ മതേതര പ്രതിച്ഛായയെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേരള സ്റ്റോറി 2-ലെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് വിവവാദവും കത്തിക്കയറിയത്. ആദ്യ ചിത്രത്തിലേതുപോലെ തന്നെ വിദ്വേഷവും പ്രൊപ്പഗാണ്ടയുമാണ് രണ്ടാമത്തെ ചിത്രത്തെയും വിവാദമാക്കുന്നത്. കേരളത്തെ ഇകഴ്ത്തിക്കാണിക്കാന്‍ വേണ്ടി നിര്‍ബന്ധിത മതപരിവര്‍ത്തനം അടക്കമുള്ള ആരോപണങ്ങളാണ് സംസ്ഥാനത്തിനെതിരെ സിനിമ ഉന്നയിക്കുന്നത്. മതപരിവര്‍ത്തനം സംബന്ധിച്ച സിനിമയിലെ ആരോപണങ്ങള്‍ തെളിയിക്കാന്‍ സിനിമാ നിര്‍മാതാക്കള്‍ 'ഇരകളെ' അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ എല്ലാവരും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന ആരോപണവും ഉയര്‍ന്നു. ചിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗവുമുണ്ട്.
മലയാളിയുടെ ഖ്യാതിയെ ബാധിക്കുന്നതാണ് സിനിമയെന്നും ഇക്കാരണത്താലാണ് തങ്ങള്‍ പരാതിയുമായി വന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതാണ് ഈ സിമയെന്നും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കേരളത്തില്‍ വര്‍ഗ്ഗീയത വ്യാപകമാണെന്നും, മതപരിവര്‍ത്തനം ധാരാളമായി നടക്കുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നതെന്നും വാദമുണ്ട്. കേരളാ സ്റ്റോറി എന്ന പേരില്‍ ലോകമെങ്ങും ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഇന്‍ഫ്‌ളുവന്‍സര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ് 2023 മെയ് 5-ന് റിലീസ് ചെയ്ത 'ദി കേരള സ്റ്റോറി' വലിയ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗണ്ഡ ചിത്രമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചുവെന്നതാണ് പ്രതിഷേധത്തെ വീണ്ടും ശക്തിപ്പെടുത്തിയത്. കേരളത്തില്‍ നിന്ന് കാണാതായ സസ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ദി കേരളാ സ്റ്റോറിയുടെ പ്രമേയം. 32,000 സ്ത്രീകള്‍ ഐ.എസ്.എസില്‍ ചേര്‍ന്നു എന്നായിരുന്നു സിനിമയുടെ ടീസറില്‍ കാണിച്ചിരുന്നത്. വ്യാപകമായ എതിര്‍പ്പ് വന്നതോടുകൂടി 32,000 എന്ന് പറഞ്ഞത് വെറും മൂന്ന് പേര്‍ ആണെന്ന് തിരുത്തേണ്ടി വന്നു. എന്നാല്‍ ചിത്രം ആഗോള ബോക്‌സ് ഓഫിസില്‍ 300 കോടി രൂപ യ്ക്ക് മുകളില്‍ വരുമാനം നേടിയിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ കടുത്ത വിമര്‍ശനമാണ സിനിമയ്ക്കതിരെ ഉയര്‍ന്നത്. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. ചിത്രം പ്രദര്‍ശപ്പിക്കുന്നതില്‍ നിന്ന് തിയേറ്റര്‍ ഉടമകളും വിട്ടു നില്‍ക്കുകയുണ്ടായി. അതിന്റെ രണ്ടാം ഭാഗമായി എത്തുന്ന ഈ ചിത്രത്തിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഉയരുന്നത്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. പ്രണയത്തിന്റെ പേരില്‍ ഹിന്ദു സ്ത്രീകള്‍ ഇസ്ലാം മതവിശ്വാസികളായ പുരുഷന്മാരുടെ കെണിയില്‍ അകപ്പെടുന്നത് എങ്ങനെയെന്ന് ടീസറില്‍ കാണിക്കുന്നുണ്ട്. അമര്‍നാഥ് ത്സായും വിപുല്‍ അമൃത്‌ലാല്‍ ഷായും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ കാമാഖ്യ നാരായണ്‍ സിംഗാണ് സംവിധാനം.
സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഇത് സംസ്ഥാനത്തിനുള്ളില്‍ 'വര്‍ഗീയ ഭിന്നത' ഉണര്‍ത്താനുള്ള മറ്റൊരു ശ്രമമാകുമെന്നും അദ്ദേഹം പറഞ്ഞു. ''നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട സിനിമയാണിത്...'' പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
സിനിമയുടെ റിലീസ് തടയണമെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 'യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി' നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കഥയായിട്ടും 'കേരള' എന്ന പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ചിത്രത്തില്‍ കാണിക്കുന്ന ഇരകള്‍ കേരളത്തില്‍ നിന്നുള്ളവരല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം, നിര്‍ബന്ധിത മതമാറ്റം തുടങ്ങിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന 'ദി കേരള സ്റ്റോറി 2' കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.
എന്നാല്‍, റിലീസിന് തൊട്ടുമുമ്പുള്ള സ്റ്റേ ഉത്തരവ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വന്‍ തുക മുടക്കി പ്രചാരണം നടത്തിവന്ന ചിത്രത്തിന്റെ പ്രദര്‍ശനം ഇതോടെ അനിശ്ചിതത്വത്തിലായി. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ റിലീസ് നീണ്ടുപോകും. ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമോ അതോ പ്രദര്‍ശനാനുമതി പൂര്‍ണ്ണമായും നിഷേധിക്കണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. നിലവില്‍ കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ താല്‍ക്കാലിക വിലക്ക് കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ വര്‍ഗീയ കളറുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.