
ഹൈദരാബാദ്: രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മെമൊന്‍റോസ് ബൈ ഐടിസിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വിജയ് ദേവരകൊണ്ടയുടെ തെലുങ്കു ആചാരപ്രകാരമുള്ള വിവാഹം വ്യാഴാഴ്ച രാവിലെ 10.10ന് നടന്നു. രശ്മികയുടെ കുടുംബത്തിന്‍റെ പരമ്പരാഗത കൊടവ ആചാരപ്രകാരമുള്ള ചടങ്ങുകൾ വൈകിട്ട് നടക്കും.
ഹൈദരാബാദിൽ വെച്ച് സ്വകാര്യചടങ്ങിലായിരുന്നു ഇരുവരും വിവാഹനിശ്ചയം നടത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് രശ്മിക-വിജയ് കുടുംബാംഗങ്ങൾ രാജസ്ഥാനിലെത്തിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, സംഗീത് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങുകളുടെയും വിവാഹച്ചടങ്ങുകളുടെയും ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.