Image

വയനാട്ടിൽ കോണ്‍ഗ്രസ് നിര്‍മിക്കുന്ന 50 വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു; ദുരന്തത്തിനെതിരെ ഒരുമിച്ച് പോരാടിയെന്ന് പ്രിയങ്ക

Published on 26 February, 2026
വയനാട്ടിൽ കോണ്‍ഗ്രസ് നിര്‍മിക്കുന്ന 50 വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു;  ദുരന്തത്തിനെതിരെ ഒരുമിച്ച് പോരാടിയെന്ന് പ്രിയങ്ക

കല്‍പ്പറ്റ ; ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകളില്‍ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയില്‍ ആദ്യം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം പി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പിസി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 

1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും ആണ് കോണ്‍ഗ്രസ് ദുരന്തബാധിതര്‍ക്ക് നല്‍കുന്നത്. ദുരന്തത്തിന് മുന്നിൽ ആത്മവീര്യം കെടാതെ വയനാട്, ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നിച്ചു നിന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരസ്പരം പിണങ്ങി നടക്കാൻ സാധിക്കാത്തതാണ് വയനാട്ടിലെ ജനതയുടെ മാജിക്കെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി വാങ്ങുന്നതിൽ പല പ്രതിസന്ധികളും ഉണ്ടായി. എല്ലാവർക്കും ഒപ്പം കോൺഗ്രസ് പാർട്ടി എന്നും ഉണ്ടാകും. ഭവന പദ്ധതി പൂർത്തികരിച്ച മുസ്‌ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

ദുരന്തത്തിന്റെ കാഴ്ചകൾ ഒരിക്കലും മറക്കാൻ ആകുന്നതല്ലെന്ന് പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. ദുരന്തബാധിതരുടെ വിഷയം താൻ പല തവണ പാർലമെന്റിൽ ഉന്നയിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതിജീവനത്തിനായി ദുരന്ത ബാധിതരോടൊപ്പം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്. ദുരന്തത്തിനെതിരെ നമ്മൾ ഒരുമിച്ച് പോരാടി. എല്ലാ രാഷ്ട്രീയപാർട്ടികളും ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. രാഹുൽ ഗാന്ധി 100 വീടുകൾ നൽകുമെന്ന് വാഗ്ദാനം നൽകി.
എന്നാൽ അതിന് അല്പം സമയം എടുത്തു. പദ്ധതി വൈകിയത് വിഷമിപ്പിച്ചെന്നും പ്രിയങ്ക പറഞ്ഞു.

നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് തറകല്ലിടൽ ചടങ്ങിലേക്ക് എത്തിയത്. ഒരുപാട് രേഖകൾ ശരിയാകാനുണ്ടായിരുന്നു. ഇപ്പോൾ ഈ പദ്ധതി തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 3.24 ഏക്കറാണ് വാങ്ങിയത്. 2.18 ഏക്കർ കൂടി രജിസ്റ്റർ ചെയ്യാനുണ്ട്. മറ്റൊരു 5 ഏക്കർ കൂടി വാങ്ങാൻ ചർച്ചകൾ നടക്കുകയാണ്. മരിച്ചു പോയവരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതാണ് ഈ പദ്ധതിയെന്നും പ്രിയങ്ക പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക