Image

ഇന്റർനാഷണൽ ബുക്കർ 2026 ലോങ്‌ലിസ്റ്റിൽ പത്മ വിശ്വനാഥൻ: ബ്രസീലിയൻ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് അംഗീകാരം

പി പി ചെറിയാന്‍ Published on 26 February, 2026
ഇന്റർനാഷണൽ ബുക്കർ 2026 ലോങ്‌ലിസ്റ്റിൽ പത്മ വിശ്വനാഥൻ: ബ്രസീലിയൻ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് അംഗീകാരം

ലിറ്റിൽ റോക്ക്, അർകൻസാസ്: ഇന്ത്യൻ–കാനഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ 2026 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ്‌ലിസ്റ്റിൽ ഇടം നേടി. ബ്രസീലിയൻ എഴുത്തുകാരി ആന പോള മായയുടെ പോർച്ചുഗീസ് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത്' എന്ന കൃതിക്കാണ് ഈ അംഗീകാരം.

യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷാ സാഹിത്യ കൃതികൾക്കാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസ് നൽകുന്നത്. £50,000 പൗണ്ടാണ് ആകെ സമ്മാനത്തുക, അത് എഴുത്തുകാരനും വിവർത്തകനും തുല്യമായി പങ്കിടും.

58 കാരിയായ പത്മ വിശ്വനാഥൻ ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് അർകൻസാസിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്. അധികാരം, അതിക്രമം, നാശം, സ്ഥാപനാത്മക അഴിമതി എന്നിവയെ ആഴത്തിൽ പരിശോധിക്കുന്ന കൃതിയാണിതെന്നും, അവസാന പേജ് കഴിഞ്ഞിട്ടും വായനക്കാരന്റെ മനസ്സിൽ എഴുത്തിന്റെ മാസ്മരികത തുടരും എന്നും വിധികർത്താക്കൾ വിലയിരുത്തി.

ഈ വർഷത്തെ ലോങ്‌ലിസ്റ്റിൽ ജർമ്മൻ, സ്പാനിഷ്, തായ്‌വാനീസ്, ഡച്ച്, ഫ്രഞ്ച്, സ്വീഡിഷ്, ബൾഗേറിയൻ, ഇറ്റാലിയൻ, പെർഷ്യൻ, ഡാനിഷ് ഭാഷകളിൽ നിന്നുള്ള കൃതികളും ഉൾപ്പെട്ടിട്ടുണ്ട്. 2025-ൽ കന്നഡ എഴുത്തുകാരി ബാനു മുസ്താഖും വിവർത്തക ദീപ ഭസ്തിയും ‘ഹാർട്ട് ലാംപ് ’ എന്ന കൃതിക്ക് ഈ പുരസ്കാരം നേടിയിരുന്നു.

മാർച്ച് 31-ന് ലോങ്‌ലിസ്റ്റ് ആറു കൃതികളുള്ള ഷോർട്ട്‌ലിസ്റ്റായി ചുരുക്കും. ഓരോ ഷോർട്ട്‌ലിസ്റ്റ് കൃതിക്കും £5,000 വീതം (എഴുത്തുകാരനും വിവർത്തകനും തുല്യമായി) ലഭിക്കും. വിജയിയെ മേയ് 19-ന് ലണ്ടനിലെ റ്റേറ്റ് മോഡേണിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.

അന്താരാഷ്ട്ര സാഹിത്യ രംഗത്ത് ഇന്ത്യൻ വംശജയായ ഒരു എഴുത്തുകാരി വീണ്ടും ശ്രദ്ധ നേടുന്നത് പ്രവാസി ഇന്ത്യൻ സമൂഹത്തിനും അഭിമാനകരമായ നേട്ടമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക