Image

പ്രഥമോദബിന്ദു (നമുക്ക് ചുറ്റും - 13: സുധീർ പണിക്കവീട്ടിൽ)

Published on 26 February, 2026
പ്രഥമോദബിന്ദു  (നമുക്ക് ചുറ്റും - 13: സുധീർ പണിക്കവീട്ടിൽ)

നമുക്ക് ചുറ്റും ഇപ്പോൾ ഹിമശൈലങ്ങളാണ്. അമേരിക്കയിലെ മഞ്ഞുകാലം.  ഹിമശൈലങ്ങൾ ഇങ്ങനെ ശുഭ്രനീരാളം ചുറ്റി നിൽക്കുമ്പോൾ  ഓർമ്മയിലേക്കോടി വരുന്നു അവർ, "പ്രഥമോദബിന്ദു" എന്ന പേരിൽ വിളിക്കപ്പെടുന്നവൾ. പ്രണയിനിയാണ്, സ്നേഹമയിയാണ്. എന്നൊക്കെ ആ വാക്കുകളുടെ പുണ്യമായ അർത്ഥത്തിൽ വിശേഷിപ്പിക്കാം. കാമസർപ്പങ്ങൾ ഇഴയാത്ത കാവിൽ ഒരു ദേവിയായി നിൽക്കുന്നവൾ."അമ്പത് സംവത്സരങ്ങൾ കഴിഞ്ഞിട്ടും കൗമാരം കൈവിടാത്തവൾ. അവൾ പഴയകാല ഗ്രാമത്തിന്റെ വിശുദ്ധിപ്പേറി നിൽക്കുന്ന ദേവസുന്ദരി.   അവൾ വിളിച്ചു. എന്നത്തേയുംപോലെ അവർ മൂളി: ഹിമശൈലസൈകത ഭൂമിയിൽ നിന്നു നീ, പ്രണയപ്രവാഹമായ് വന്നു, അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ്‌ തീർന്നു." വർഷങ്ങൾക്ക് മുമ്പ് ആ പാട്ടിന്റെ അർഥം ചോദിച്ചുവന്നവൾ ദർഭമുന കാലിൽ കൊണ്ടപോലെ നിന്നു. തിരിഞ്ഞുനടന്നെങ്കിലും വീണ്ടും വന്നു. ഇപ്പോഴും വരുന്നു. അതുകൊണ്ടവരെ പ്രഥമോദബിന്ദു എന്നു വിളിച്ചു. 

സംസ്കൃതകാവ്യങ്ങളെപ്പറ്റി ചോദിച്ചു. കാളിദാസന്റെ കൃതികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചു. ആംഗലസാഹിത്യത്തിലെ സുന്ദരിമാരെ അന്വേഷിച്ചു. പിന്നെ കുസൃതി ചോദ്യം ചോദിച്ചു. ഭാര്യയുള്ള ഒരാൾ വിവാഹിതയായ ഒരു സ്ത്രീയെ പ്രണയിക്കുന്നത് അവിഹിതമല്ലേ? ശരിക്കും ഒരു കൗമാരകാരിയെപോലെ അവർ അടക്കിചിരിച്ചു. പിന്നെ മറുപടിക്കായി കാതോർത്തു. എനിക്ക് മറുപടിയുണ്ടായിരുന്നു. ഇയാൾക്കും പ്രണയമുണ്ടല്ലോ? അപ്പോൾ നമ്മൾ കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഇതിനെ അവിഹിതം എന്ന് പറയാൻ പറ്റുകയില്ല. ഇതിനെയാണ് similarity-attraction-effect. എന്ന് പറയുന്നത്. ചിന്താഗതിയിലെ സാമ്യത്തിൽ നിന്നും ഉണ്ടാകുന്ന ആകർഷണം, താത്പര്യം എന്നിവ.  സമാനമായ വ്യക്തിത്തമുള്ളവരുമായി ഇടപഴകുന്നത് സുരക്ഷിതമാണെന്ന് ആണും പെണ്ണും വിശ്വസിക്കുന്നു. ഇതിനെ അവിഹിതം എന്ന് പറയാമോ എന്നറിയില്ല. ആശാന്റെ ഭാഷയിൽ മാംസനിബദ്ധമല്ലാത്ത പ്രണയം.
അവിഹിതങ്ങളുടെ ബഹുമുഖങ്ങൾ അവരെ കാണിച്ചപ്പോൾ അവർക്ക് അത്ഭുതം. മനുഷ്യർ എത്ര നിസ്സാരരാണ്. മനുഷ്യർക്ക് അറിയുന്ന ഒന്നാണ് “എല്ലാം” എന്ന് അവർ ധരിക്കുന്നു. ജീവിതം വൈവിധ്യങ്ങളുടെ ഒരു അരങ്ങാണ് എന്നവരെ ബോധിപ്പിച്ചു. അവിഹിതം എന്നാൽ നിയമപ്രകാരമല്ലാത്തത് എന്നെ അർത്ഥമുള്ളൂ.വിവാഹേതര ബന്ധങ്ങളെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു. പക്ഷെ ചില അവിഹിതങ്ങൾ പവിത്രമാണ്. നമ്മൾ ആ വിഭാഗത്തിൽ പെടുന്നു. ഈ പ്രണയങ്ങൾ നിലനിൽക്കുന്നത് ഓരോരുത്തരുടെ അഭിരുചിയിൽ ആണ്. അതുകൊണ്ട് വിവാഹം പോലെ ഇത്തരം ബന്ധങ്ങൾ ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒന്നിൽ കൂടുതൽ പ്രണയങ്ങൾ അതുകൊണ്ടുണ്ടാകുന്നു.

ഓരോ ഹൃദയത്തിലും ഏതു നേരത്തും ഒരു കൗതുകം മുളയ്ക്കുന്നു.  കലാകാരന്മാരുടെ മനസ്സിൽ കാമുകിമാർക്ക് മരണമില്ല. അയാൾ യഥാസമയം വിവാഹിതനാകുന്നു. അത് പുരുഷാർത്ഥത്തിലെ ഒരു ചുമതല. ഒരു യഥാർത്ഥ കലാകാരൻ പക്ഷെ കാമുകിയെ തേടിക്കൊണ്ടിരിക്കും.പി ഭാസ്കരൻ മാഷിന്റെ കവിത :
അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ
കാത്തിരിപ്പു തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ ഇഹലോകവാസം വെടിയുന്നു. അയാൾ കുത്തിക്കുറിച്ച വരികൾ പ്രണയന്വേഷണത്തിന്റെ സ്മാരകമുദ്രകൾ ആകുന്നു. അവർ വീണ്ടും ചോദിച്ചു. എന്നെ കണ്ടുമുട്ടിയപ്പോൾ അന്വേഷണം നിന്നില്ലേ? ഒരേ അഭിരുചിയുള്ളവരെ കണ്ടുമുട്ടികൊണ്ടിരിക്കുമല്ലോ. അപ്പോൾ അന്വേഷണം നിൽക്കുന്നതെങ്ങനെ?
അവർ ഒരു പ്രഥമോദബിന്ദു ആയി വന്നതായിരുന്നു. കാളിദാസന്റെ  കുമാരസംഭവത്തിൽ പാർവതി ദേവിയുടെ ശരീരത്തിലൂടെ ഒലിച്ചിറങ്ങിയ ആദ്യത്തെ മഴത്തുള്ളിയെയാണ് കാളിദാസൻ പ്രഥമോദബിന്ദു എന്ന് വിശേഷിപ്പിച്ചത്. പ്രഥമ: ആദ്യത്തെ. ഉദബിന്ദു:  മഴത്തുള്ളി. എ.ആർ. രാജരാജവർമ്മ "നവീനവർഷബിന്ദു" എന്നാണു പരിഭാഷപ്പെടുത്തിയത്. കാളിദാസന്റെ വർണ്ണന എ.ആർ രാജരാജവർമ്മ ഇങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

("ക്ഷണമിമകളിൽ നിന്നു; തല്ലി ചുണ്ടിൽ;
കുളുർമുലമേലഥ വീണുടൻ തകർന്നൂ;
വലികളിലിടറി;ച്ചിരേണ നാഭി-
ച്ചുഴിയിലലിഞ്ഞു നവീനവർഷബിന്ദു!")

കാളിദാസൻ പക്ഷെ കുമാരസംഭവം മുഴുവനാക്കിയില്ല. അതിന്റെ എട്ടാം സർഗ്ഗത്തിൽ പാർവതി പരമേശ്വരന്മാരുടെ കാമലീലകൾ മറവില്ലാതെ എഴുതിയതിനു പാർവതി ദേവി കാളിദാസനെ ശപിച്ചുവത്രെ. എ ആർ രാജർജവർമ്മയും രതിയുടെ അതിപ്രസരം നിമിത്തം എട്ടാം സർഗ്ഗം പരിഭാഷ ചെയ്തില്ല.

സിനിമക്ക് വേണ്ടി ഇതിനെ പാട്ടാക്കിയ കവി "അതിഗൂഢസുസ്മിത" എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഒരു പക്ഷെ കൺപീലികളിൽ തട്ടി താഴേക്ക് നാഭി ചുഴി വരെ വന്ന മഴത്തുള്ളി പാർവതി ദേവിയുടെ നഗ്‌നത കണ്ടതു ഓർത്തു ചിരിക്കുന്നതിനെയാകാം വളരെ രഹസ്യമായ ഒരു.  ചിരി ഉള്ളിൽ ഒതുക്കുന്ന മഴത്തുള്ളി എന്ന് കവി സൂചിപ്പിച്ചത്. പാട്ടിന്റെ വിവരണം കഴിഞ്ഞപ്പോൾ അവർ പറഞ്ഞു. എന്നിൽ ഒരു ഉന്മാദം നിറയുന്നു. എനിക്ക് അത് വീണ്ടും കേൾക്കണം. അതുകൊണ്ട് അവരെ  പ്രഥമോദബിന്ദു എന്ന് വിളിച്ചു.

കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് പ്രകൃതി എപ്പോഴും കടന്നുവരുന്നു. മഞ്ഞുവീഴ്ചക്കു മുന്നേ വീടിനു പുറകിലെ വെട്ടി വെടിപ്പാക്കിയ പുല്ലിൽ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, ഇരതേടുന്ന കുഞ്ഞിക്കിളികൾ കാറ്റിന്റെ ആലിംഗനത്തിൽ പൂക്കൾ കൊഴിക്കുന്ന മരങ്ങൾ എല്ലാമുണ്ടായിരുന്നു. ഇപ്പോൾ അവിടെ ഘനീഭവിച്ച ശൂന്യത. വേനൽ മാസങ്ങളിൽ കിളികളും, പൂക്കളും, അണ്ണാറക്കണ്ണന്മാരും നൽകിയ കമനീയ കാഴ്ചകൾ ഒരു എഴുത്തുകാരനുമായി പങ്കു വച്ചപ്പോൾ അദ്ദേഹം പറഞ്ഞു. പൊന്നു സുധീറേ ഞാൻ രാവിലെ പതിനൊന്നു ഗുളികകൾ വിഴുങ്ങി ഇരിക്കയാണ്. എനിക്ക് ഇതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥ ഇല്ല. അദ്ദേഹത്തോട് ക്ഷമ പറഞ്ഞു ഫോൺ വെച്ചപ്പോഴാണ് ഓർത്തത് ഒരേ കാഴ്ച പലേ കണ്ണുകൾ. കണ്ണുകൾ കാണാൻ ആഗ്രഹിക്കുന്നത് മനസ്സ് പറയുന്നപോലെ മാത്രം. പുതിയ തലമുറക്കാരുടെ ഭാഷയിൽ എനിക്കനുഭവപ്പെട്ടത് vibe ആണ്. പുതിയതലമുറ ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് vibe ഉം (viral) വൈറലും. നാം ഒരു കാര്യം ആസ്വദിച്ച് ചെയ്യുമ്പോഴും മനസ്സുകൊണ്ട് അതിനോട് ചേർന്നുനിൽക്കുമ്പോഴും നമുക്കുണ്ടാകുന്ന സുഖവും സന്തോഷവുമാണ് വൈബ് എന്ന് കുട്ടികൾ വിശേഷിപ്പിക്കുന്നത്. വൈറൽ എന്ന പദമുണ്ടായത് വൈറസ് എന്ന വാക്കിൽ നിന്നത്രേ.

നാട്ടിൽ നിന്നും ഒരു ചങ്ങാതി  വിളിച്ച് ചോദിച്ചു ഞങ്ങളുടെ ഒരു മാസികയിലേക്ക് എന്തെങ്കിലും സാഹിത്യരചനകൾ അയക്കാമോ?  ഒരു കവിതയോ കഥയോ തരാം. ചങ്ങാതി ഒരു നിബന്ധന വച്ചു. പക്ഷെ വായിച്ചാൽ ആർക്കും മനസ്സിലാകരുത്. ഇപ്പോൾ അതാണൊരു ട്രെൻഡ്. വായിച്ച് മനസ്സിലാകാതെ വായനക്കാരൻ എത്രക്ക് വിയർക്കുന്നുവോ അത്രയും കൃതി മാനിക്കപ്പെടും. പിന്നെ അയാൾ കൂട്ടിച്ചേർത്തു എഴുതുന്നവനും മനസ്സിലാകണമെന്നില്ല. ഞാൻ എനിക്ക് മനസ്സിലാകുന്നതും വായനക്കാരന് മനസ്സിലാകുന്നതും മാത്രമേ എഴുതുകയുള്ളു. അയാൾ വ്യസനം പ്രകടിപ്പിച്ച് ഫോൺ കട്ട് ചെയ്തു. എഴുത്തും വായനയും പോയ ഒരു പോക്ക്. പഴമക്കാരുടെ ഭാഷയിൽ അവിടെ പുല്ലു പോലും മുളയ്ക്കില്ല. (തുടരും)
ശുഭം  

Read More: https://www.emalayalee.com/writer/11

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക