
പ്രകൃതിയിലെ ഓരോ ചലനവും സ്രഷ്ടാവിൻ്റെ സംസാരമാണെന്ന് പറയാറുണ്ട്. വീശുന്ന കാറ്റിലും പെയ്യുന്ന മഴയിലും പുലർകാലത്തെ മഞ്ഞിലും വെയിലിലും അലിഞ്ഞുചേർന്നിരിക്കുന്നത് വലിയ പാഠങ്ങളാണ്. ആത്മീയമായ തെളിച്ചം തേടുന്ന ഈ റമദാൻ നാളുകളിൽ, ഒരു പുലർച്ചെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ രണ്ട് അനുഭവങ്ങൾ മനസ്സിനെ വല്ലാതെ ഉലച്ചു. ഇരുട്ടും വെളിച്ചവും പോലെ വിഭിന്നമായ, എന്നാൽ സ്നേഹത്തിൻ്റെ ഒരേ നൂലിൽ കോർത്ത രണ്ട് ജീവിതചിത്രങ്ങൾ.
'തലൈവരും' നിഷ്കളങ്കതയുടെ ഇരുട്ടും
പുലർച്ചെ അഞ്ചര മണി. പ്ലാറ്റ്‌ഫോമിൽ തീവണ്ടി കാത്തുനിൽക്കുമ്പോൾ തണുപ്പുള്ള കാറ്റിൽ പ്രകൃതി ശാന്തമായിരുന്നു. പെട്ടെന്നാണ് പിന്നിൽ നിന്ന് ഒരു വിളി ഉയർന്നത്: "തലൈവർ... തലൈവർ!" ആ തമിഴ് വിളി എന്നെ ഉദ്ദേശിച്ചാണെന്ന് ആദ്യം കരുതിയില്ല. നേതാവ് എന്നർത്ഥം വരുന്ന ആ പദം അത്ര പഥ്യമല്ലാത്തതുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കിയതുമില്ല. എന്നാൽ ആ ശബ്ദം അടുത്തേക്ക് വന്നപ്പോൾ കണ്ടത് അഴുക്കുപുരണ്ട വസ്ത്രം ധരിച്ച, ഏകദേശം 45 വയസ്സ് തോന്നിക്കുന്ന ഒരാളെയാണ്. അയാളെ കണ്ടപ്പോൾ നേരത്തെ തിരിഞ്ഞുനോക്കാത്തതിൽ എനിക്ക് കുറ്റബോധം തോന്നി. ആലുവയിലേക്കുള്ള ട്രെയിനിനെക്കുറിച്ചാണ് അയാൾക്ക് അറിയേണ്ടത്.
അയാളുടെ ലോകം മറ്റൊന്നായിരുന്നു. എവിടെനിന്നോ വഴിതെറ്റി എത്തിയവൻ. 'ബജ്‌രംഗി ഭായ്ജാൻ' സിനിമയിലെ മുണ്ണിയെപ്പോലെ ഏതെങ്കിലും സ്റ്റേഷനിൽ വെച്ച് ബന്ധങ്ങൾ മുറിഞ്ഞുപോയവനാകുമോ അയാൾ? തീവണ്ടി വന്നപ്പോൾ ആ മനുഷ്യൻ അത് നിർത്താനായി ആഞ്ഞു കൈവീശുന്നത് കണ്ടു. ആ നിഷ്കളങ്കതയ്ക്ക് മുന്നിൽ നമ്മുടെ ലോകത്തെ 'ബുദ്ധി' എത്രയോ നിസ്സാരമാണ്. ചിന്തകൾക്കും സന്ദേഹങ്ങൾക്കും ഇടയിലൂടെ ആ ബോഗിയിലേക്ക് കയറുമ്പോൾ ഇരുട്ടും വെളിച്ചവും തമ്മിലുള്ള ആ വലിയ വ്യത്യാസം എൻ്റെ മനസ്സിനെ അസ്വസ്ഥമാക്കി.
അമ്മമനസ്സിലെ പ്രവാചക വചനം
യാത്ര തുടർന്നു. കുറച്ച് സ്റ്റേഷനുകൾ പിന്നിട്ടപ്പോൾ തിരക്കോടെ ഒരു സ്ത്രീയും പുരുഷനും ട്രെയിനിൽ കയറി. വേഷവിധാനം കൊണ്ട് മാന്യർ. അവർ അമ്മയും മകനുമാണെന്ന് പെട്ടെന്നുതന്നെ മനസ്സിലായി. എന്നാൽ ആ മകൻ്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നു. അവനും മാനസികമായ പൊരുത്തക്കേടുകൾ നേരിടുന്ന ഒരാളായിരുന്നു.
ആ അമ്മ മകനോട് കാണിക്കുന്ന കരുതലും വാത്സല്യവും കണ്ടപ്പോൾ ഞാനോർത്തത് കാരുണ്യത്തിൻ്റെ പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളാണ്. "എൻ്റെ മാതാപിതാക്കൾ ചെറുപ്പത്തിൽ എന്നോട് കാരുണ്യം കാണിച്ചതുപോലെ നീ അവരോടും കാരുണ്യം കാണിക്കണേ എന്ന് പ്രാർത്ഥിക്കാത്തവവൻ്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കില്ല" എന്ന പൊരുൾ ആ അമ്മയുടെ പെരുമാറ്റത്തിൽ കാണാമായിരുന്നു.
തൻ്റെ മകൻ്റെ അവസ്ഥയിൽ ഉള്ളുരുകുമ്പോഴും ആ അമ്മ സഹയാത്രക്കാരോട് പ്രസന്നമുഖത്തോടെയാണ് സംസാരിച്ചത്. വടക്കാഞ്ചേരി എത്താറായപ്പോൾ ട്രാക്കിന് അരികിലെ മാവിൽ കായ്ച്ചുനിൽക്കുന്ന മാമ്പഴങ്ങൾ കാട്ടി ആ അമ്മ പറഞ്ഞു: "മോനെ അങ്ങോട്ട് നോക്ക്, നല്ല രസമുണ്ട്."
വിലയില്ലാത്ത സ്നേഹത്തിൻ്റെ പാഠം
"നമ്മളാരെങ്കിലും ആ മാമ്പഴത്തിന് വില ചോദിച്ചാൽ അവർ വലിയ വില പറയും. എന്നാൽ അത് അവിടെ വീണ് നശിച്ചുപോയാൽ ആർക്കും പരിഭവവുമില്ല. ഇപ്പോഴത്തെ കാലം അങ്ങനെയാണ്," ട്രെയിൻ ഇറങ്ങുന്നതിന് മുൻപ് ആ അമ്മ പറഞ്ഞുനിർത്തിയ വാക്കുകളിൽ വലിയൊരു സത്യമുണ്ടായിരുന്നു.
നമ്മുടെ ഇടയിലുള്ള മനുഷ്യർക്കും സ്നേഹത്തിനും നാം വലിയ വിലയിടുന്നു. അല്ലെങ്കിൽ അവരെ അവഗണിക്കുന്നു. എന്നാൽ റമദാൻ നമ്മെ പഠിപ്പിക്കുന്നത് പരിഗണനയുടെയും കാരുണ്യത്തിൻ്റെയും ഭാഷയാണ്. പ്ലാറ്റ്‌ഫോമിൽ കണ്ട ആ തമിഴ് സഹോദരനും, ട്രെയിനിലെ ആ അമ്മയും മകനും ഒരേപോലെ ഓർമ്മിപ്പിക്കുന്നത് ഒന്നേയുള്ളൂ: പദവികളോ ബുദ്ധിശക്തിയോ അല്ല, മനുഷ്യനെ മനുഷ്യനാക്കുന്നത് പരസ്പരമുള്ള കരുതലും സ്നേഹവുമാണ്.
ഈ പുണ്യമാസത്തിൽ, വഴിയിൽ കണ്ടുമുട്ടുന്ന ഓരോ അപരിചിതനിലും ഒരു 'തലൈവറെ' കാണാനും, ഓരോ അമ്മയിലും കാരുണ്യത്തിൻ്റെ പ്രവാചക വചനങ്ങൾ ദർശിക്കാനും നമുക്ക് കഴിയട്ടെ.