Image

എന്ന് കറുപ്പിന് സ്നേഹത്തോടെ വെളുപ്പ് (കവിത: സുഭദ്ര സതീശന്‍)

Published on 26 February, 2026
എന്ന് കറുപ്പിന് സ്നേഹത്തോടെ വെളുപ്പ് (കവിത: സുഭദ്ര സതീശന്‍)

നിന്നെ ഞാനെന്നാണ് വേണ്ടെന്നുവച്ചത് .
നിന്നെ ഞാനെങ്ങാണ് വിട്ടുകൊടുത്തത് .
രാപ്പകലെന്ന വാക്കുപോലിണകളല്ലേ നമ്മൾ..
കലഹിച്ചും
കലമ്പിയും 
കുതറിയും കൂവിയും 
തെറികൊണ്ടു തോറ്റിയും കയർക്കും മുമ്പേ 
പറയണം.. കറുപ്പേ നീ 
കറുക്കുവാൻ കാരണം..
നിന്നെ വെറുക്കുവാൻ കാരണം വെളുപ്പാണോടോ..
പുലരിയിൽപ്പതിവായി 
കിഴക്കിന്റെയിറയത്ത് വെളിച്ചത്തിൽ വെളിപ്പെടാൻ മടിച്ചതാര്? 
അറിവൊരുവിളക്കായിട്ടകമാകെത്തെളിയവേ 
ആരുമറിയാതെയിറങ്ങിപ്പോയൊളിച്ചതാര്..
ഇരുട്ടിനെക്കനിവോടെ
യിറുക്കിപ്പിടിച്ചുംകൊണ്ട് 
വിരിയുന്ന പൂവുകൾ വെളുത്തതായാൽ 
കറുകറെയിരമ്പുന്ന 
മഴമുകിലൊക്കെയും
മഴയായിപ്പൊഴിഞ്ഞപ്പോൾ വെളുത്തുപോയാൽ
തുറന്നിങ്ങു പറയെടോ
വെളുപ്പാണോ കാരണം..?
നിന്നെയുമെന്നെയും
രണ്ടായിപ്പകുക്കുന്ന ദുഷ്ടലാക്കിനെ കണ്ടുതെളിയടോ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക