
മനുഷ്യരായിരിക്കെ തന്നെ അപനിർമ്മിക്കപ്പെട്ട ചില മനുഷ്യരുണ്ട്. അവർ ദൈവങ്ങളുടെ അസ്ഥിയും മനുഷ്യരുടെ മാംസവുമായി ഈ ഭൂമിയെ മുറിച്ചു കടന്നവർ. അവർ ജീവിച്ചിരുന്നത് ശരീരങ്ങളിൽ ആയിരുന്നെങ്കിലും, അവരുടെ സത്ത ശരീരത്തെ അതിജീവിച്ചിരുന്നതായിരുന്നു.
വാർദ്ധക്യത്തിനും രോഗപീഡകൾക്കും പകരം സ്വന്തം യൗവ്വനം ദാനം ചെയ്യുന്ന പുരുവിന്റെ കഥ നമ്മൾ പുരാണങ്ങളിൽ വായിച്ചിട്ടുള്ളതാണ്. എന്നാൽ ആ കഥ ചരിത്രത്തിന്റെ ഒരു പേജ് മാത്രമല്ല; അത് ഇന്നും ചില മനുഷ്യരുടെ ജീവിതങ്ങളിലൂടെ ആവർത്തിക്കപ്പെടുന്നു.
ഉത്തര കേരളത്തിന്റെ ആത്മാവായ തെയ്യം എന്ന അനുഷ്ഠാനകല അതിന് സാക്ഷിയാണ്. തെയ്യത്തിൽ മനുഷ്യൻ ദൈവമാകുന്നു,അല്ലെങ്കിൽ, ദൈവം മനുഷ്യന്റെ ശരീരത്തിലേക്ക് ഇറങ്ങിവരുന്നു. ഈ ഇടപെടൽ ഒരു അവതാരമല്ല; അത് ഒരു ഭാരവാഹിത്വമാണ്. ഒരു ഉടൽപ്പകർച്ചയിൽ അനവധി ദൈവഭാരങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥയാണ്.
കർണ്ണമൂർത്തിയും മണക്കാടനും,ശരീരങ്ങളിൽ വേറിട്ടവരായിരുന്നെങ്കിലും സത്തയിൽ ഏകമായ അനുഭവങ്ങൾ. അവർ വേഷമണിഞ്ഞപ്പോൾ അത് ഒരു അവതരണം മാത്രമായിരുന്നില്ല; അത് ഒരു ആത്മസമർപ്പണമായിരുന്നു.തന്റെ തീക്ഷ്ണമായ യൗവ്വനത്തിൽ തന്നെ വാർദ്ധക്യത്തിന്റെ ജരാനരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്. കെട്ടിപ്പൂർത്തിയാക്കാത്ത തെയ്യത്തെ പോലെ, അണിയറകളിൽ നിന്ന് അണിയറകളിലേക്ക് സഞ്ചരിച്ച ജീവിതം. യൗവ്വനത്തിൽ തന്നെ വൃദ്ധരാകുന്ന തെയ്യക്കാരുടെ പരമ്പരകൾക്ക് അവസാനമില്ല.
പുരാണങ്ങളിൽ, പുരു തന്റെ അച്ഛനായ യയാതിയുടെ വൃദ്ധത്വം ഏറ്റുവാങ്ങി തന്റെ യൗവ്വനം പകരം കൊടുത്ത മകനാണ്.
അത് ഒരു ദൈവിക കൈമാറ്റമല്ല; അതൊരു ഉത്തരവാദിത്വബോധത്തിന്റെ പരമാവധി പ്രകടനമാണ്.
സ്നേഹവും ത്യാഗവും ചേർന്ന ഒരുദാഹരണം.
തെയ്യക്കാരൻ ആ പുരുവിന്റെ പുനരവതാരമാണ്.
ദൈവങ്ങളുടെ വാർദ്ധക്യവും രോഗപീഡകളും അവശതകളും സ്വന്തം ശരീരത്തിലേറ്റു വാങ്ങുന്ന കനലാടിമാർ. അവരുടെ ഉച്ചിയിൽ കത്തുന്ന യൗവ്വനം അവർ സമൂഹത്തിനും വിശ്വാസത്തിനും സമർപ്പിക്കുന്നു.
ദൈവികതയുടെ ഭാരം വഹിക്കാൻ മനുഷ്യശരീരം എത്രത്തോളം കരുത്തുള്ളതാണെന്ന് അവർ തെളിയിക്കുന്നു.
ചില മനുഷ്യരുടെ സാന്നിധ്യം ഊർജ്ജത്തെപ്പോലെ തന്നെയാണ്,നശിപ്പിക്കാനാവാത്തത്. നീറ്റിലൊഴുക്കിയാൽ ജലരാഗമായി തിരികെ എത്തും. കാറ്റിൽ പറത്തിയാൽ ഇളങ്കാറ്റായി തഴുകും. തീയിൽ കത്തിച്ചാലും നമ്മെ ശുദ്ധീകരിക്കുന്ന അഗ്നിനാളമായി നിലനിൽക്കും.
ഓർമ്മകളുടെ ഗാലറികളിൽ വരിയും നിരയും തെറ്റിക്കിടക്കുന്ന ചിത്രങ്ങൾ പോലെ അവർ നമ്മളിലേക്ക് തിരിച്ചു വരുന്നു. ചില നിമിഷങ്ങളിൽ നമ്മൾ നിശ്ശബ്ദരാകുന്നു. വാക്കുകൾ എല്ലാം അവരുടെ അർത്ഥങ്ങളിലെ മൗനത്തിലേക്ക് മടങ്ങിപ്പോകുന്നു. കാരണം, അവരെ വിവരണപ്പെടുത്താൻ ഭാഷയ്ക്ക് മതി വരില്ല.
മനുഷ്യരായിരിക്കെ തന്നെ അപനിർമ്മിക്കപ്പെട്ടവർ,അവർ ഒരു ജീവിതം മാത്രം ജീവിച്ചില്ല; അവർ ഒരു പാരമ്പര്യം ജീവിച്ചു. അവരുടെ ശരീരം കാലത്തിനൊപ്പം നശിച്ചേക്കാം; പക്ഷേ അവർ ഏറ്റുവാങ്ങിയ ദൈവഭാരം, അവർ ദാനം ചെയ്ത യൗവ്വനം, അവർ സൃഷ്ടിച്ച ആത്മാനുഭവം,അവ അനശ്വരമാണ്.
പുരുവിന്റെ കഥ അവസാനിച്ചിട്ടില്ല. അത് ഇന്നും ആവർത്തിക്കുന്നു,ഓരോ തെയ്യത്തിന്റെ ചുവന്ന മുഖപ്പടിയിലും, കത്തുന്ന കണ്ണുകളിലും, ഉച്ചിയിൽ ജ്വലിക്കുന്ന യൗവ്വനത്തിലും.
മനുഷ്യരായിരിക്കെ തന്നെ അപനിർമ്മിക്കപ്പെട്ട ചില മനുഷ്യർ ഈ ഭൂമിയെ മുറിച്ചു കടന്നുപോയി.
അവർ എവിടെയും പോയിട്ടില്ല.
അവർ ഇന്നും ഇവിടെ തന്നെ അഗ്നിയിലും ജലത്തിലും കാറ്റിലും ഓർമ്മകളിലും.....!