
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂരില്‍ നടന്ന ആക്രമണം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാഷയില്‍, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരവും ആസൂത്രിതവുമാണ്. ഒരു വനിതാ മന്ത്രിക്കു നേരെ ഇത്തരമൊരു ഹീനമായ ആക്രമണം കേരളത്തില്‍ ആദ്യമായാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മന്ത്രിക്കെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി കാണിക്കല്‍ അക്രമത്തില്‍ കലാശിച്ചത് അപലപനീയമാണ്. എന്നാല്‍ തിരഞ്ഞടുപ്പ് അടുത്തിരിക്കെ സി.പി.എം ഇതിനെ പ്രചാരണ ആയുധമാക്കിമാറ്റുകയാണെന്ന് വേണം കരുതാന്‍.
അതേസമയം, പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന വാദം തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതില്‍ നിന്ന് പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തില്‍ വ്യക്തമാണെന്നും പറഞ്ഞു. മൂന്നോ നാലോ കെ.എസ്.യു പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35-ഓളം പോലീസുകാര്‍ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഷയം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയത്തെയാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക.
''ഇത് സ്ത്രീകള്‍ക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാനും റീത്ത് വെക്കാനും യൂത്ത് കോണ്‍ഗ്രസുകാരെ ഇറക്കിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. നിരന്തരം നുണയും വെറുപ്പും പ്രചരിപ്പിച്ച് അണികളെ അക്രമോത്സുകരാക്കുന്ന കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ശൈലിയാണ് ഇതിനുപിന്നില്‍. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെ.എസ്.യു ആക്രമികളിലൂടെ പുറത്തുവന്നത്.ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്...'' മുഖ്യമന്ത്രി വിമര്‍ശിച്ചു.
പരിക്കേറ്റ മന്ത്രിയെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന്ത്രിയുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ കഴുത്തിന് കടുത്ത വേദന അനുഭവപ്പെടുന്നതായാണ് വിവരം.
വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷനിലെത്തിയ മന്ത്രിയെ തടഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു. സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെയും സമീപകാലത്തെ ആരോഗ്യവകുപ്പിലെ വീഴ്ചകള്‍ ആരോപിച്ചുമായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനത്തിന് നേരെയും തടിച്ചുകൂടി. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തും തള്ളും രൂക്ഷമായതോടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. തിരക്കിനിടയില്‍ പെട്ട മന്ത്രിയുടെ കഴുത്തിന് ആഘാതമേല്‍ക്കുകയായിരുന്നു. കൈക്കും പരിക്കുണ്ട്. ഉടന്‍ തന്നെ ഗണ്‍മാനും പൊലീസും ചേര്‍ന്ന് മന്ത്രിയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മന്ത്രിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേരത്തെ, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി വാതിലില്‍ റീത്ത് വച്ചിരുന്നു. പോലീസ് കമ്മിഷണറുടെ ഓഫീസിന് തൊട്ടടുത്തുള്ള മന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. പ്രതിഷേധം അപ്രതീക്ഷിതമായിരുന്നതിനാല്‍ സംഭവസമയത്ത് രണ്ട് പോലീസുകാര്‍ മാത്രമാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. വസതിക്ക് മുന്നില്‍ റീത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ സമയം മന്ത്രിയോ ബന്ധുക്കളോ വീട്ടിലുണ്ടായിരുന്നില്ല.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കണ്ണൂരിലെ സംഭവവികാസങ്ങള്‍. ആക്രമണത്തില്‍ ഭീഷണിയുമായി ഡി.വൈ.എഫ്.ഐ രംഗത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ആക്രമണം തുടര്‍ന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവും റോഡില്‍ ഇറങ്ങില്ലെന്നുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതികരിച്ചത്. കേരത്തിലുടനീളം പാര്‍ട്ടി ശക്തമായ പ്രതിഷധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.യുവജന മഹിള സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നുമാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. കണ്ണൂരില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം 5 പേരെ റെയില്‍വേ പൊലീസിന് കൈമാറും. അതിക്രമം നടന്നത് റെയില്‍വേ സ്റ്റേഷന്‍ അകത്ത് നിന്നായത് കൊണ്ടാണ് ഈ തീരുമാനം. എം.സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായത്.