
നീണ്ട ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറത്തെ ഒരു തണുത്ത പ്രഭാതത്തില്‍ ഉമ തന്‍റെ ജന്മനാടിന്‍റ ഈര്‍പ്പമുള്ള മണ്ണില്‍ കാലുകുത്തി.. തികഞ്ഞ നവോഢയുടെ പ്രസരിപ്പോടെ ഉണര്‍ന്നെണീറ്റ പട്ടണം ഉമയെ ആയിരം കൈകള്‍ നീട്ടി വരവേറ്റു. അവള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. സൂര്യരശ്മികള്‍ മഞ്ഞിന്‍റെ മുഖപടം വലിച്ചു മാറ്റി പ്രകൃതിയെ ഇഞ്ചോടിഞ്ച് ഉമ്മ വയ്ക്കുന്നുണ്ട്. ചുടുചുംബനത്താല്‍ അലിഞ്ഞില്ലാതാകുന്ന സുന്ദരിയായ പ്രകൃതിയുടെ മുഖമൊന്നാകെ തുടുത്തിരിക്കുന്നു.. ഉമ തന്‍റെ നാടിനുവന്ന ഗണ്യമായ മാറ്റങ്ങള്‍ നിരീക്ഷിച്ചു. അവിടവിടെയായി മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ വൃത്തിഹീനമായ ബസ്‌സ്റ്റാന്റ് പരിസരത്ത് പുതിയതായി തുറന്ന ഏതാനും ഷോപ്പുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം എന്നത്തെയുംപോലെതന്നെ. യാചകര്‍ക്കിപ്പോഴും ഒരു പഞ്ഞവുമില്ല. ഭിക്ഷക്കാരാണെന്ന് തോന്നുന്നു, Waiting Shedല്‍ അങ്ങിങ്ങ് കുറേപ്പേര്‍ തണുപ്പിനെ ചെറുക്കാന്‍ കീറിയ ഉടുതുണി പറിച്ചുപുതച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങുന്നുണ്ടായിരുന്നു.
എവിടേയ്ക്കു തിരിയണം, എങ്ങോട്ട് നടക്കണം എന്നറിയാതെയവള്‍ ഒരുനിമിഷം ശങ്കിച്ചു നിന്നു. വര്‍ഷങ്ങളുടെ അകല്‍ച്ച സൃഷ്ടിച്ച നേരിയ അപരിചിതത്വം തോന്നായ്കയില്ല. എങ്കിലും താന്‍ ജനിച്ചു വളര്‍ന്ന നാടല്ലേ? പട്ടണത്തിന്‍റെ ഉള്ളിലേയ്ക്ക്കയറി സ്ഥിതിചെയ്യുന്ന സ്വന്തം വീട്ടിലേയ്ക്കുള്ള വഴി ഇനിയും അവള്‍ക്കു മറക്കാന്‍ കാലമായിട്ടില്ലല്ലോ. നാടിനു വലിയ പുരോഗതിയൊന്നും വന്നിട്ടില്ല. പരിസ്ഥിതി വികസനം എടുത്തുപറയത്തക്കതായി ഒന്നുമില്ല. പുതിയ സ്ഥാപകമന്ദിരങ്ങളുടെയും വിവിധോദ്ദേശങ്ങള്‍ക്കായ് പണിതീര്‍ത്ത കെട്ടിടങ്ങളുടെയും ബാഹുല്യമാണ് തന്നില്‍ ചിന്താക്കുഴപ്പം സൃഷ്ടിച്ചതെന്നവള്‍ കണ്ടു. മഴുകൊണ്ട് തിരുനെറ്റിയ്ക്ക് നെടുകെ വെട്ടിയതുപോലെ ചാലുകീറിയ ഇടവഴികളിലേയ്ക്ക് കഴുത്തുനീട്ടി നില്‍ക്കുന്ന പുതിയ കെട്ടിടങ്ങള്‍ കണ്ടു.. കടകളൊക്കെ അടഞ്ഞുതന്നെ കിടക്കുന്നു. നെടുകെയും കുറുകെയും ഇതുവരെ കണ്ടിട്ടില്ലാത്ത ഇടവഴികള്‍. .
അമ്മാവാ! കുറക്കുവഴിയിട്ട് “പുഴക്കര” ഭാഗത്തേയ്ക്ക് പോകാന്‍ എതിലേ തിരിയണം? ചപ്പും ചവറും നിരന്ന് വൃത്തിഹീനമായി കിടക്കുന്ന ബസ്സ്റ്റാന്‍ഡില്‍, അതിലും മുഷിഞ്ഞ ഒറ്റമുണ്ട് മാത്രം ധരിച്ചുനിന്ന നാട്ടുകാരനെന്നു തോന്നിയ ഒരു വൃദ്ധനോട് ഉമ ചോദിച്ചു.
“ഓട്ടോയല്ലേ ഈ കിടക്കുന്നത്? അതില്‍ കയറിപ്പോ കൊച്ചേ ..”അയാള്‍ പറഞ്ഞു
“അല്ലമ്മാവാ! എനിക്ക് നടന്നുപോകാനാ.”
ഇക്കുട്ടിയ്ക്കെന്താ പിരാന്തുണ്ടോ? എന്ന് മനസ്സിലോര്‍ത്തുകൊണ്ട് മുറിഞ്ഞടര്‍ന്ന ഒരു ചിരിയോടെ അയാള്‍ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഉമ ചിന്തിക്കുകയായിരുന്നു. നാട്ടില്‍ വരുമ്പോളെല്ലാം കാറിലുള്ള യാത്രയാണ്...എന്നിട്ട് കാലു വെന്ത നായയെപ്പോലെ നിലത്തു നില്‍ക്കാതെയുള്ള ഓട്ടവും. പത്തോ ഇരുപതോ ദിവസത്തെ അവധികഴിഞ്ഞ് വന്നതിലും വേഗത്തില്‍ തിരികെയൊരോട്ടം. അന്നൊന്നും ഇങ്ങോട്ടേയ്ക്ക് വരാന്‍ കഴിഞ്ഞിട്ടുമില്ല, വരണമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടുമില്ല. ഇനി മടക്കമില്ല എന്ന് ഈ നാടു വിടുമ്പോള്‍ മനസ്സാലെടുത്ത ശപഥം ഇന്നോളമൊക്കെ നിറവേറ്റി. എന്നാലിപ്പോള്‍ നടന്നു മറന്ന വഴികളിലൂടെ വെറുതെയൊന്നു സഞ്ചരിക്കാനും പറ്റുന്നിടത്തോളം എല്ലാവരെയും ഒരുവട്ടം കൂടി കാണാനും പഴയ ഓര്‍മ്മകള്‍ പുതുക്കാനും കരുതിക്കൂട്ടിത്തന്നെയാണ് പുറപ്പെട്ടത്.
നാട്ടിടവഴികള്‍ ഏറെക്കുറെ വിജനമായിരുന്നു. റോഡുകളില്‍ ആളനക്കം വച്ചു തുടങ്ങിട്ടേയുള്ളൂ. കടകളുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന മുരള്‍ച്ച അങ്ങുമിങ്ങുമൊക്കെയായി കേട്ടുതുടങ്ങി. പ്രധാന റോഡു തിരിയുന്നത് മെയിന്‍ പോസ്റ്റോഫീസിനു മുന്നില്‍ കൂടിയാണ്. അവിടെയെത്തിയപ്പോള്‍ ഉമ കൂട്ടുകാരി ഉമൈബാനെ ഓര്‍ത്തു. ഉമയവളെ ഇന്നും മറക്കാത്തത് കൂട്ടുകാര്‍ രണ്ടാളെയും ഉമ എന്ന് വിളിച്ചിരുന്നതുകൊണ്ടായിരിക്കാം. അവളിപ്പോള്‍ എവിടെയാവുമോ എന്തോ? പണ്ടെന്നോ കണ്ടുമറന്ന വീടും പരിസരവും ഏതു ഭാഗത്താണെന്നിപ്പോള്‍ തിരിച്ചറിയാന്‍പോലുമാവുന്നില്ല. ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആ പ്രദേശത്തിന്‍റെ പഴയ മുഖച്ഛായ അടിമുടി മാറിയിരിക്കുന്നു. ആരോടും കൂടുതലൊന്നും അന്വേഷിച്ചറിയാന്‍ നില്‍ക്കാതെ ഉമ മുന്നോട്ടു തന്നെ നടന്നു. പഴയ കോഹിനൂര്‍ തിയേറ്ററിന്റെ മുന്നിലെത്തിയപ്പോള്‍ ഗതകാലസ്മരണകള്‍ ഒന്നോടെ അവളുടെ ഉള്ളിലേയ്ക്ക് ഇരച്ചുകയറിവന്നു. ഓര്‍മ്മകളയവിറക്കിക്കൊണ്ട് മുന്നോട്ട് ചുവടു വച്ച ഉമ, തന്‍റെ നടത്തമിപ്പോള്‍ സാവധാനമായത് അറിഞ്ഞതേയില്ല. എത്രയോ പ്രണയബന്ധങ്ങള്‍ക്ക് നാന്ദി കുറിച്ച ഇടമാണ് ഈ സിനിമാശാല.. ചിലതൊക്കെ തഴച്ചുവളര്‍ന്നു പന്തലിച്ചതും ഇതിനുള്ളില്‍ വച്ചാണെന്ന് ഉമയ്ക്കറിയാം..
കൂടെ പഠിച്ച, നന്നായി പാടുമായിരുന്ന കൂട്ടുകാരി സൗദയെ അവളപ്പോളോര്‍ത്തു. പ്രിയപ്പെട്ട സൗദാ! നിനക്ക് നിന്‍റെ ശവക്കുഴി തോണ്ടാന്‍ വളമിട്ടു തന്നത് ഈ ധൂമകേതുവല്ലേ? ഒരു മനുഷ്യാധമനുമായി കാമകേളികള്‍ ആടിയതിന് സാക്ഷി നിന്ന് അവന്‍റെ ദിവ്യഗര്‍ഭം വഹിയ്ക്കാനിടയാക്കിയതിനും ആ വിഷജന്തു നിന്നെ വകവരുത്തിയതിനും ഒരു പരിധിവരെ വഴിമരുന്നിട്ടത് ഈ ശപിക്കപ്പെട്ട ഇടമല്ലേ? ഉമയുടെ മനസ്സ് മൗനമായി തേങ്ങി. തപിക്കുന്ന ഓര്‍മ്മകളെ മനപ്പൂര്‍വ്വം തൂത്തെറിഞ്ഞവള്‍ മുന്നോട്ടു നീങ്ങി.
തൊട്ടടുത്തു തന്നെയാണ് ടൗണ്‍ഹാള്‍. അതും അക്കാലത്തെ പല പ്രണയബന്ധങ്ങള്‍ക്കും അരുനിന്ന മൈതാനമാണ്. ബന്ധങ്ങള്‍ മൊട്ടിടുന്നത് അവിടെയാണ്. അവിടുന്നാണ് തളിര്‍ത്തതിന്‍റെയും തളര്‍ന്നതിന്‍റെയുമെല്ലാം തുടക്കം കുറിക്കുന്നത്. ഉമ കണ്ടു, വളര്‍ച്ച മുരടിച്ച മൈതാനം ഇപ്പോള്‍ പഴയ മാദകത്വം വെടിഞ്ഞ് ഒരു വൃദ്ധയെപ്പോലെ ചുരുണ്ടുകൂടി കിടക്കുന്നു. ടൗണ്‍ഹാളിനു തൊട്ടപ്പുറം അന്നത്തെ ഒരേയൊരു സര്‍ക്കാരാശുപത്രി നിലകൊള്ളുന്നു. ഉമയങ്ങോട്ടേയ്ക്ക് നോട്ടമയച്ചു. അതിന്‍റെ പായല്‍ പിടിച്ച ചുറ്റുമതിലിന്‍റെ ഏതാനും ഭാഗം അടര്‍ന്നു പച്ചച്ചു കാണാം. .
ഇത്രയും കാലം ഓര്‍ക്കാതിരുന്നതും മനസ്സില്‍ പതിഞ്ഞുകിടക്കുന്നതുമായ ഒരനിഷ്ട സംഭവം ഇപ്പോള്‍ ഉമയുടെ ഓര്‍മ്മയില്‍ നേരിയ ഉള്‍ത്തരിപ്പോടെ ഓടിയെത്തി. പണ്ടു നടന്നതാണ്. അന്ന്‍ ഈ മൈതാനം സാമൂഹ്യവിരുദ്ധരുടെയും വേശ്യകളുടെയും താവളമായിരുന്നു. ചുറ്റോടുചുറ്റും മതില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേഡിയത്തിന് ദീര്‍ഘചതുരാകൃതിയാണ്. കല്‍ത്തൂണുകള്‍ക്കിടയിലായി രണ്ടോ മൂന്നോപേര്‍ക്ക് നെടിയെനില്‍ക്കാന്‍ പാങ്ങില്ലാത്ത, വേണമെങ്കില്‍ കിടന്ന് വേഴ്ച നടത്താനാവുന്ന തരത്തില്‍ ഗുഹപോലെ തോന്നിയ്ക്കുന്ന വിടവുകളുണ്ടായിരുന്നു. താനും കൂട്ടുകാരിയും അന്ന് ട്യൂഷന്‍ പഠിക്കാന്‍ പോകുന്നത് അതിനടുത്തുകൂടിയായിരുന്നു. പലപ്പോഴും കാണാം, അതിനുള്ളിലെ ഹീനവും മ്ലേച്ഛവുമായ ഈ അരങ്ങേറ്റത്തിന്‍റെ നിഴലനക്കം. കുറുക്കു വഴിയിട്ട് മൈതാനം മുഴുവന്‍ ചുറ്റാതെ അതിന്‍റെ ഒരു ഭാഗത്തുകൂടി വടക്കോട്ട് നടന്ന് കിഴക്കോട്ടു തിരിഞ്ഞ് അവിടവും കടന്ന് മെയിന്‍ റോഡില്‍ ചാടിയാല്‍ വേഗം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്താം. വൈകിപ്പോകുന്ന ദിവസങ്ങളില്‍ തങ്ങള്‍ ഈ എളുപ്പവഴി നോക്കാറുണ്ട്. സ്റ്റേഡിയത്തിനടുത്തെത്തിയാല്‍ പക്ഷേ, രണ്ടാളുടെയും ഉള്ളും ഉടലും വിറയ്ക്കാന്‍ തുടങ്ങും. അതിനു വേറെയും കാരണമുണ്ട്. ഇടവഴിയുടെ എതിര്‍വശം കത്തോലിക്കാ പള്ളിയുടെ നീണ്ട സെമിത്തേരിയാണ്.. അവിടെ രാത്രിയും പകലും സ്മശാനമൂകത തളംകെട്ടി കിടക്കുന്നു, സാന്ദ്രമൂകമായ ആ ശവപ്പറമ്പിന് അരയാള്‍പ്പൊക്കത്തിലുള്ള കല്‍മതിലാണ് മൈതാനത്തോളം തന്നെ നീളമുള്ള ആ മതില്‍ക്കെട്ടിനുള്ളില്‍ നിറയെ കല്ലറകള്‍ നിരന്നു കാണാം. പുറത്തു നിന്ന് നോക്കിയാല്‍ അതിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന കുരിശുകള്‍ ദൃഷ്ടിഗോചരമാണ്. അവിടെയെത്തുമ്പോള്‍ മനസ്സറിയാതെ രണ്ടുപേരുടെയും ചങ്കു പിടയ്ക്കും. ഭയം സിരകളില്‍ ഇഴഞ്ഞുകയറും ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലാകും. ചുണ്ടുണങ്ങി, നാവ് വരണ്ട്, പേടി അതിന്‍റെ നവരസങ്ങളും കാട്ടും. എന്നാലും മനുഷ്യപ്രേതങ്ങളുടെ ലൈംഗികവേഴ്ചയും വദനസുരതവും നേരിട്ട് കാണുന്നതിനെക്കാള്‍ എത്രയോ ഭേദമാണെന്നു കരുതി എതിര്‍ദിശയില്‍ ആത്മാക്കളുറങ്ങുന്നിടത്തേയ്ക്ക് മുഖം തിരിച്ചു പിടിച്ച് ഓടിയും നടന്നും ഒരുവിധം അപ്പുറത്തെത്തി ദീര്‍ഘശ്വാസം കഴിക്കുമ്പോഴേയ്ക്കും രണ്ടുപേരും നന്നായി വിയര്‍ത്തിരിക്കും ..
ഒരു ദിവസം! അതിന്നും ഓര്‍ക്കുമ്പോള്‍ ഉമയ്ക്ക് പേടിയും അറപ്പുമാണ്. ഇന്ദ്രപ്രസ്ഥത്തിലെ ദ്രൗപദിയുടെ ചിരിപോലെ തങ്ങളുടെ ചിരി വരുത്തിവച്ച വിനയായിരുന്നു അത്. നടവഴി താണ്ടാന്‍ തുടങ്ങവേ തങ്ങള്‍ കണ്ടു, ഒരു സ്ത്രീ വഴിയ്ക്കഭിമുഖമായി നൂല്‍ബന്ധമില്ലാതിരുന്നു മൂത്രമൊഴിക്കുന്നു. രണ്ടാള്‍ക്ക് കഷ്ടിച്ചു നടന്നുപോകാവുന്ന ഇടുങ്ങിയ വഴിത്താരയാണ്. അത് കണ്ടപ്പോള്‍ത്തന്നെ മുന്നോട്ടു കാലെടുത്തു വയ്ക്കാന്‍ രണ്ടുപേരും ഒന്നറച്ചുനിന്നു.
“സുധേ നമുക്ക് തിരിച്ചു പോയാലോ?. പരിപാടി കഴിഞ്ഞിട്ടും അവര്‍ക്ക് എഴുന്നേറ്റു പോകാന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ ഉമ ചോദിച്ചു
നീ വാടീ ... അങ്ങോട്ട് നോക്കണ്ട! കൈകോര്‍ത്തു നടക്കുമ്പോള്‍ അവിടേയ്ക്കു നോക്കിയില്ല പക്ഷേ, എതിരേ വരികയായിരുന്ന ഒരു വഴിപൊക്കനെ നോക്കാതിരുന്നില്ല. അയാള്‍ വഴിയരികിലിരുന്ന സ്ത്രീയെ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ രണ്ടാള്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല., വേശ്യകള്‍ക്കും അഭിമാനക്ഷതം. പുലഭ്യം പറഞ്ഞുകൊണ്ട് ഉടുതുണിയും പൊക്കിപ്പിടിച്ച് പിന്നാലെവന്ന ആ സ്ത്രീ തങ്ങളെ ഇരുവരെയും മൈതാനം കടക്കുംവരെ ഇട്ടോടിച്ചുകളഞ്ഞു. രണ്ടുപേരും പേടിച്ചു കരഞ്ഞുകൊണ്ട് അന്നുപേക്ഷിച്ചതാണ് ആ വഴി.
ഉമയിപ്പോള്‍ അതോര്‍ത്തോര്‍ത്തു ചിരിച്ചു.
മൈതാനത്തേയ്ക്ക് തിരിയാതെ ഉമ ഇടത്തേയ്ക്കുള്ള വഴിയേ നടന്ന് മൂന്നുംകൂടിയ മുക്കില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു. വഴികളെല്ലാം പഴയതിലും ശോഷിച്ചിരിക്കുന്നു. പത്തടി നടന്നാല്‍ ഗവര്‍മെന്‍റ് ഹൈസ്കൂളിന്റെ ഗേറ്റ് ആയി. അവിടെ ഇടതു ഭാഗത്ത് ഇടിഞ്ഞ മതില്‍ക്കെട്ടിനുള്ളില്‍ തന്‍റെ ജീവിതത്തിന്‍റെ നിര്‍ണ്ണായകമായ വഴിത്തിരിവിലേയ്ക്കുള്ള ചൂണ്ടുപലക തലകുത്തിവീണു കിടപ്പുണ്ട്. കയ്പ്പും മധുരവും നിറഞ്ഞ അനവധി ഓര്‍മ്മകളുറങ്ങുന്ന തന്‍റെ സ്കൂള്‍, നിശ്ശബ്ദതയെ ഗര്‍ഭം ധരിച്ച് ശാപഗ്രസ്തയായ അഹല്യയെപ്പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു... എത്ര കുട്ടികളുടെ ഭാവി തുലച്ചവളാണ്. അതെ! അവള്‍ ശപിക്കപ്പെട്ടവള്‍ തന്നെ.
താന്‍ മൂന്നു വര്‍ഷങ്ങള്‍ നടന്നു തെളിഞ്ഞ അതിന്‍റെ തൊട്ടു മുന്നിലൂടെയുള്ള റോഡും ഇപ്പോള്‍ ചുരുങ്ങി ചെറുതായപോലെ ഉമയ്ക്ക് തോന്നി. കുട്ടികളുടെ ചെറിയ കണ്ണില്‍ അന്നിത് വലുതായി തോന്നിയതാവാം എന്ന് തമാശയോടെ ഓര്‍ത്തുകൊണ്ട് കണ്ണുകള്‍ തിരഞ്ഞത് റോഡിന്‍റെ വലതു വശത്തുള്ള സ്വാമിയുടെ പഴയ മുറുക്കാന്‍കടയാണ്.. കട അടഞ്ഞുകിടക്കുന്നു. സ്വാമി കട തുറക്കണേല്‍ പത്തുമണിയെങ്കിലും ആവണം. 5 പൈസയുടെ മീസാന്‍കല്ലുപോലുള്ള എത്രയധികം ഗ്യാസ് മിഠായിയാണ് ഇവിടെനിന്നു വാങ്ങിത്തിന്നിട്ടുള്ളതെന്നോര്‍ത്തപ്പോള്‍ നാവില്‍ മധുരം കിനിഞ്ഞു.. ദിവസത്തില്‍ ഒരു നേരമെങ്കിലും കുട്ടികളുടെ നാവില്‍ സ്വാമി എന്ന പദം ഉദിയ്ക്കാതിരിക്കില്ല. വൈകുന്നേരം സ്കൂള്‍ വിട്ടാല്‍ മഷിപ്പേന നിറയ്ക്കാന്‍ കടയില്‍ച്ചെന്ന് കുട്ടികള്‍ കൂട്ടം കൂടി നില്‍പ്പാണ്. ഉത്സാഹത്തോടെ ഊഴം വച്ച് ഓരോ പേനയും വാങ്ങി നിറച്ചുകൊടുക്കുന്ന, ഒരിക്കലും ചിരിക്കാത്ത സ്വാമിയെ കുട്ടികള്‍ക്കും ഇഷ്ടമായിരുന്നു.
മുന്നോട്ടു നടക്കാനുള്ള വല്ലാത്ത ഒരാവേശം സിരകളില്‍ ഇരമ്പിയാര്‍ത്തു. ചെന്നുനിന്നത് പണ്ട് ടൗണിലേയ്ക്ക് കടന്നുപോകുമ്പോഴൊക്കെ നിത്യവും കണ്ടുതൊഴാറുള്ള കാവില്‍ ഭഗവതിയുടെ തിരുമുന്‍പില്‍.
അമ്മേ! ദേവീ! ഉമ മനസ്സില്‍ത്തട്ടി വിളിച്ചു. അവിടുന്നെനിക്ക് കനിഞ്ഞു തന്ന എല്ലാ സൗഭാഗ്യങ്ങള്‍ക്കും നന്ദി.! ചെരുപ്പ് കാലില്‍ നിന്നൂരിമാറ്റി ഒരു മാത്രയൊന്നു നിന്നു,തൊഴുതു പ്രാര്‍ഥിച്ചിട്ടവള്‍ മുന്നോട്ടു നടന്നു. വളഞ്ഞു തിരിഞ്ഞു പോകുന്ന കുണ്ടും കുഴിയും നിറഞ്ഞ ടാറടര്‍ന്ന റോഡാണ് മുന്നില്‍. സ്കൂളിലേയ്ക്ക് പോകുകയും വരികയും ചെയ്തിരുന്ന, കണ്ണടച്ച് നടന്നാല്‍ വീട്ടിലെത്തുമായിരുന്ന, ഓര്‍ക്കുമ്പോഴൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ വഴി ഉമയ്ക്കത്രമേല്‍ ഹൃദിസ്ഥമാണ്. മുന്നിലുള്ള വഴി രണ്ടു കൈവഴികളായി തിരിഞ്ഞു പോകുന്നു. എന്തുകൊണ്ടോ എന്നും താന്‍ തിരഞ്ഞെടുക്കാറുള്ള നേര്‍വഴിയിലൂടെയവള്‍ ഇന്നും നടന്നു...
തുടരും....
Read More: https://www.emalayalee.com/writer/318